ആദ്യത്തെ മെക്സിക്കൻ വംശജനായ രക്തസാക്ഷി

അധികമാരും കേട്ടിട്ടില്ലാത്ത ഒരു വിശുദ്ധനാണ് വി. ഫിലിപ്പ് ഓഫ് ജീസസ്. ജപ്പാന്റെ മണ്ണിൽ സുവിശേഷത്തിന്റെ വിത്തുകൾ പാകാനായി കടന്നുവന്ന മെക്സിക്കൻ വംശജനായ സുവിശേഷപ്രഘോഷകൻ. ആ മണ്ണിൽ ദൈവത്തിനായി അദ്ദേഹം സ്വജീവൻ വെടിഞ്ഞു. ജപ്പാന്റെ മണ്ണിൽ രക്തസാക്ഷിത്വംവരിച്ച വി. ഫിലിപ്പ് ഓഫ് ജീസസിന്റെ ജീവിതം അടുത്തറിയാം.

1572 മെയ് ഒന്നിന് മെക്സിക്കോ സിറ്റിയിൽ അലോൺസോ ഡി ലാസ് കാസസിന്റെയും ഡോണ അന്റോണിയ റൂയിസ് മാർട്ടിനെസിന്റെയും മകനായി ഫിലിപ്പെ ഡി ലാസ് കാസസ് റൂയിസ് ജനിച്ചു. ഫിലിപ്പിന്റെ മാതാപിതാക്കൾ 1571-ൽ, തങ്ങളുടെ വിവാഹത്തിനു തൊട്ടുപിന്നാലെ സ്പെയിനിൽനിന്ന് മെക്സിക്കോയിലേക്കു കുടിയേറിയവരായിരുന്നു. കുട്ടിക്കാലത്ത് ഫിലിപ്പ് വികൃതിയായിരുന്നു; കൂടാതെ, സാഹസികമായി ഓരോ കാര്യങ്ങൾ ചെയ്യാനും പുതിയപുതിയ കാര്യങ്ങൾ കണ്ടെത്താനുമുള്ള അവന്റെ ജിജ്ഞാസ മറ്റു കുട്ടികളിൽനിന്നും അവനെ വ്യത്യസ്തനാക്കിയിരുന്നു. അതിനാൽത്തന്നെ അവനെ നോക്കാനായി മാതാപിതാക്കൾ ഒരു ആയയെ ഏർപ്പെടുത്തി.

ഒരുദിവസം ഫിലിപ്പ് തന്റെ ആയയെ ദേഷ്യംപിടിപ്പിക്കുന്നതിനായി ചില വികൃതികൾ കാട്ടിക്കൂട്ടി. അന്ന് ആ ആയ അവിടെനിന്നിരുന്ന ഉണങ്ങിയ അത്തിമരത്തെ ചൂണ്ടിക്കാട്ടി പരിഹാസത്തോടെ പറഞ്ഞു: “ഈ അത്തിമരം വീണ്ടും ജീവൻപ്രാപിക്കുമ്പോൾ നീ വിശുദ്ധനാകും.” പിന്നീട് നാളുകൾക്കുശേഷം അദ്ദേഹത്തിന്റെ മരണദിവസം പിതാവിന്റെ വീട്ടിലെ ആ അത്തിമരം പച്ചയായി മാറിയിരുന്നു എന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നു.

കൗമാരപ്രായത്തിൽ മിഷനറി വൈദികരുടെ ജീവിതത്താൽ പ്രചോദിതമായി ഫിലിപ്പ്, ഫ്രാൻസിസ്‌കൻ നോവിഷ്യേറ്റിലേക്കു പ്രവേശിച്ചു. എങ്കിലും അവിടുത്തെ കർശനമായ നിയമങ്ങൾമൂലം തിരികെ വീട്ടിലേക്കുവന്നു. പിന്നീട് വെള്ളിപ്പണിക്കാരനായി ജോലിചെയ്ത ഫിലിപ്പിന് അതിൽനിന്നും കാര്യമായ വരുമാനമുണ്ടാക്കാൻ കഴിഞ്ഞില്ല. അതിനാൽ കൂടുതൽ അവസരങ്ങൾ തേടി അദ്ദേഹം ഫിലിപ്പീൻസിലേക്കു പോയി. മനിലയിലെത്തിയ ഫിലിപ്പിന് ആദ്യം ആ ജീവിതം ആനന്ദകരമായിരുന്നെങ്കിലും പിന്നീട് ജീവിതത്തിൽ വലിയ ഒരു ശൂന്യത നിറയുന്നതായി അനുഭവപ്പെട്ടു. ആ അനുഭവത്തിൽനിന്നും അവൻ തന്റെ ദൈവവിളി തിരിച്ചറിഞ്ഞു.

അങ്ങനെ ഒരിക്കൽക്കൂടി, ഫിലിപ്പ് ഫ്രാൻസിസ്‌ക്കന്മാരുടെ വാതിലിൽ മുട്ടി. ഇത്തവണ മനിലയിലെ ആശ്രമത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. മുൻപ് ആശ്രമാന്തരീക്ഷം മടുപ്പിക്കുന്നതായിരുന്നെങ്കിലും രണ്ടാം വരവിൽ പ്രാർഥനയും ജീവകാരുണ്യപ്രവർത്തനങ്ങളും പഠനവും നൽകുന്ന ആനന്ദത്തെ തിരിച്ചറിയാൻ ഫിലിപ്പിനു കഴിഞ്ഞു. അവന്റെ ഹൃദയം സന്തോഷത്താൽ നിറഞ്ഞു. അദ്ദേഹം ഫിലിപ്പ് ഡി ജീസസ് എന്ന പേര് സ്വീകരിച്ചു. വൈദികപരിശീലനം പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ പൗരോഹിത്യസ്വീകരണം മെക്സിക്കോയിലെ ജന്മനാട്ടിൽ നടത്തുമെന്നു അറിയിപ്പ് ലഭിച്ചതിനാൽ അദ്ദേഹം അവിടേക്കു തിരിച്ചു.

എന്നാൽ ഒരു വലിയ കൊടുങ്കാറ്റ് കപ്പലിനെ ജപ്പാൻതീരത്തേക്കു തിരിച്ചുവിട്ടു. അപ്രതീക്ഷിതമായ ആ സംഭവത്തിൽ ഫിലിപ്പ് നിരാശനായില്ല. അവൻ ദൈവത്തിന്റെ പദ്ധതിയോട് എല്ലാം ചേർത്തുവച്ചു. ഈ സമയം ജപ്പാനിൽ ഫ്രയർ പെഡ്രോ ബൗട്ടിസ്റ്റയും മറ്റു ഫ്രാൻസിസ്കൻ സന്യാസിമാരും കഠിനമായ സുവിശേഷവേല ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹവും അവരോടൊപ്പം ചേർന്നു. മിഷൻ പ്രവർത്തനാനുഭവങ്ങൾ ഫിലിപ്പിനെ കൂടുതൽ ഊർജസ്വലനാക്കി. എങ്കിൽത്തന്നെയും മിഷനറിപ്രവർത്തനം അവിടെ വളരെ പ്രയാസകരമായിരുന്നു. താമസിയാതെ, അക്കാലത്തെ ജപ്പാനിലെ യഥാർഥ നേതാവായ ടൊയോട്ടോമി ഹിഡെയോഷിയുടെ നേതൃത്വത്തിൽ മിഷനറിമാർക്കെതിരെ പീഡനങ്ങൾ ഉടലെടുക്കാൻതുടങ്ങി.

അനേകം സാധാരണക്കാരും മതവിശ്വാസികളും തടവിലാക്കപ്പെടുകയും വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തു. ഇതുവരെ ഒരു വൈദികനായിട്ടില്ലാത്ത ഫിലിപ്പിന് തടവും പീഡനങ്ങളും ഒഴിവാക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ആ സാധ്യത നിരസിക്കുകയും അവിടെ താമസിച്ചിരുന്ന മറ്റു ഫ്രാൻസിസ്കൻ മിഷനറിമാരോടൊപ്പം താമസിക്കാനും മരിക്കാനും തീരുമാനിക്കുകയും ചെയ്തു.

1597 ഫെബ്രുവരി 5-ന് ഫിലിപ്പ് ഉൾപ്പെടുന്ന മിഷനറിമാർ ക്രൂരമർദനത്തിനു ഇരകളായി. അദ്ദേഹം ഉൾപ്പെടുന്ന മിഷനറിമാരെ നാഗസാക്കിയിൽ എത്തി നിഷിസാക്ക പർവതത്തിലേക്കു കൊണ്ടുപോയി. അവിടെവച്ച് അവർ ക്രിസ്തുവിനെപ്പോലെ ക്രൂശിക്കപ്പെട്ടു. മരണത്തോടടുക്കുന്ന ഓരോ നിമിഷവും ഫിലിപ്പ് ഈശോ, ഈശോ എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. രണ്ട് ആരാച്ചാർമാർ അവന്റെ അടുത്തുവന്ന് അവരുടെ കുന്തങ്ങൾ അവന്റെ ദേഹത്തേക്കു കുത്തിയിറക്കി. ക്രൂശിക്കപ്പെട്ട മിഷനറിസംഘത്തിൽ 26 പേരായിരുന്നു ഉണ്ടായിരുന്നത്. ക്രൂരമർദനത്തെ തുടർന്ന് ഇവരിൽ ആദ്യം മരണമടഞ്ഞത് ഫിലിപ്പായിരുന്നു. മരിക്കുന്ന സമയത്ത് അദ്ദേഹത്തിന് വെറും 25 വയസ്സായിരുന്നു പ്രായം.

മരിയ ജോസ്

വിവർത്തനം: മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.