പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണത്തിരുന്നാൾ

ജിൽസ ജോയ്

“ഈശോയുടെ സ്വർഗാരോഹണത്തേക്കാൾ മഹത്വപൂർണ്ണമായിരുന്നിരിക്കണം മറിയത്തിന്റെ സ്വർഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാൻ മാലാഖമാർ മാത്രം വന്നു. മറിയത്തെ സ്വീകരിക്കാൻ മിശിഹായും വാനവഗണം മുഴുവനും എത്തി” – വി. പീറ്റർ ഡാമിയൻ.

രണ്ടാം വത്തിക്കാൻ കൗൺസിൽ മറിയത്തിന്റെ സ്വർഗാരോപണത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു: “ജന്മപാപത്തിന്റെ എല്ലാ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരുന്ന അമലോത്ഭവ മറിയം അവളുടെ ഭൗമികയാത്ര പൂർത്തിയായപ്പോൾ സ്വർഗീയമഹത്വത്തിലേക്ക് ആത്മശരീരങ്ങളോടെ സംവഹിക്കപെട്ടു. കർത്താവ്  അവളെ പ്രപഞ്ചത്തിന്റെ രാജ്ഞിയായി ഉയർത്തി. നാഥന്മാരുടെ നാഥനും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തന്റെ പുത്രനോട് അവൾ കൂടുതൽ അനുരൂപപ്പെടുന്നതിനു വേണ്ടിയാണത്.”

1950 നവംബർ ഒന്നാം തീയതി പന്ത്രണ്ടാം പീയൂസ് പാപ്പയാണ് ‘അത്യുദാരനായ ദൈവം’ (മൂണിഫിച്ചന്തിസീമൂസ് ദേവൂസ്) എന്ന പ്രമാണരേഖയിലൂടെ മാതാവിന്റെ സ്വർഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. പുത്രന്റെ കൂടെ സ്വർഗത്തിലിരുന്നുകൊണ്ട്, ഭൂമിയിൽ ജീവിച്ചിരുന്നപ്പോഴത്തേതിനേക്കാൾ കൂടുതലായി മനുഷ്യമക്കൾക്കായി മാധ്യസ്ഥം വഹിക്കുന്ന നമ്മുടെ നല്ല അമ്മ. ദൈവം കഴിഞ്ഞാൽ ഏറ്റവും കൂടുതലായി നമ്മൾ ശരണപ്പെടേണ്ടത് അവളിലാണ്. “മറിയത്തെ കണ്ടെത്തിയവൻ സകല നന്മയും കണ്ടെത്തിയിരിക്കുന്നു. അവൻ സകല കൃപകളും സകല പുണ്യങ്ങളും കണ്ടെത്തുന്നു.” കാരണം മറിയം തന്റെ ശക്തമായ മാധ്യസ്ഥത്തിലൂടെ ദൈവിക വരപ്രസാദത്തിൽ അവനെ സമ്പന്നനാക്കാൻ വേണ്ടതെല്ലാം സമൃദ്ധമായി നേടിയെടുക്കുന്നു.

ഈ ലോകത്തിൽ ആയിരിക്കുമ്പോൾ തന്നെ എന്തുമാത്രം അനുകമ്പ, ബുദ്ധിമുട്ടുന്ന, സഹിക്കുന്ന മനുഷ്യരോട് അവൾക്കുണ്ടായിരുന്നെന്നു മനസ്സിലാക്കാൻ കാനായിലെ കല്യാണവിരുന്നു മാത്രം നോക്കിയാലുംമതി. മറ്റുള്ളവർ ആവശ്യപ്പെടാൻപോലും അവൾ കാത്തുനിന്നില്ല. പരിഹാരത്തിനുവേണ്ടി ആരോടു പറയണമെന്നും എപ്പോൾ, എങ്ങനെ പറയണമെന്നും അവൾക്കറിയാം.

വി. ജെമ്മ ഗല്‍ഗാനി ഒരു കൊടിയപാപിയുടെ ആത്മരക്ഷയ്ക്കായി, മാനസാന്തരത്തിനായി വളരെനേരം കേണിട്ടും ഈശോ വശംവദനായില്ല. അവസാനത്തെ മാർഗമായി അവൾ മാതാവിന്റെ മാധ്യസ്ഥത്തിലൂടെ അത് നേടിയെടുക്കുന്നത് നമ്മൾ കാണുന്നുണ്ട്. “പക്ഷേ നോക്കൂ, ആ പാപിക്കായി ഞാൻ മറ്റൊരു അഭിഭാഷകയെ മുന്നോട്ടുവയ്ക്കുന്നു; അയാളോടു ക്ഷമിക്കാൻ ഇപ്പോൾ പറയുന്നത് നിന്റെ സ്വന്തം അമ്മ തന്നെയാണ്. കണ്ടോ? അമ്മയോട് പറ്റില്ലെന്നു  പറയുന്നത് സങ്കല്പിച്ചുനോക്കൂ. തീർച്ചയായും നിനക്ക് അമ്മയോട് ഇല്ലെന്നു പറയാൻ കഴിയില്ല . ഇപ്പോൾ എന്നോടു പറയൂ, ഈശോയേ, നീ ആ പാപിയോട് ക്ഷമിക്കുമെന്നു പറയൂ.” ആ പാപിയെ രക്ഷിക്കാൻ ഉടനെ അവിടുന്ന് തിരുവുള്ളമായി. തന്റെ  വത്സലമാതാവിന്റെ അപേക്ഷയും നിർദേശങ്ങളും ഈശോയ്ക്ക് തള്ളിക്കളയാൻ പറ്റുന്നതല്ല. ‘എന്റെ സമയം ഇനിയും ആയിട്ടില്ല’ എന്ന വാക്കുകളിലൂടെ, മറ്റൊരാളാണ് ഈ അത്ഭുതം പ്രവർത്തിക്കാൻ അവിടുത്തോട് ആവശ്യപ്പെട്ടിരുന്നതെങ്കിൽ അവിടുന്ന് അത് മാറ്റിവയ്ക്കുമായിരുന്നെന്നും എന്നാൽ തന്റെ മാതാവ് അത് ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ ഉടൻ പ്രവർത്തിച്ചത് എന്നും കാണിക്കാനാണ് യേശുക്രിസ്തു ആഗ്രഹിച്ചതെന്ന് വി. ജോൺ ക്രിസോസ്റ്റം പറയുന്നു.

ഒരു ദിവസം പിശാചിന്റെ ആവേശനമുണ്ടായിരുന്ന ഒരാളോട് ഭൂതോച്ചാടകൻ ചോദിച്ചു: പരിശുദ്ധ മറിയം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന്. പിശാച് പറഞ്ഞു: “അവൾ ഇറങ്ങുകയും കയറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്” എന്നായിരുന്നു മറുപടി. എന്തിനാണത്? സ്വർഗത്തിലേക്കു കരേറ്റപ്പെട്ട അമ്മ അവിടെ സ്വസ്ഥമായി രാജ്ഞിഭരണം ആസ്വദിച്ച് ഇരിക്കുകയല്ല; മനുഷ്യർക്ക് കൃപകൾ കൊണ്ടുവരാൻ ഭൂമിയിലേക്ക് ഇറങ്ങുകയും നമ്മുടെ പ്രാർഥനകൾക്ക് ദൈവാനുഗ്രഹം നേടിയെടുക്കാൻ സ്വർഗത്തിലേക്ക് കയറുകയുമാണ് അവൾ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. ‘സ്വർഗ്ഗത്തിന്റെ ഗോവണി’ എന്നാണ് വി. പീറ്റർ ഡാമിയൻ അവളെ വിളിച്ചത്; വി. ബെർണാഡ് ‘സ്വർഗ്ഗത്തിലേക്കുള്ള വാഹനം’ എന്നും. നമ്മുടെ രക്ഷയുടെ വഴിയാണവൾ, സ്വർഗ്ഗത്തിന്റെ കവാടം, സമുദ്രതാരം.

മറിയത്തോടൊത്തു ആനന്ദിക്കുക
മറിയത്തോടൊത്തു വിലപിക്കുക
മറിയത്തോടൊത്തു പ്രാർഥിക്കുക
മറിയത്തോടൊത്തു നടക്കുക
മറിയത്തോടൊത്തു ഈശോയെ തേടുക

പരിശുദ്ധ ദൈവമാതാവേ, സർവേശ്വരൻ നിന്നെ മോക്ഷത്തിലേക്ക് വിളിച്ച നാഴിക സ്തുതിക്കപ്പെട്ടതാകട്ടെ!

ദൈവപ്രസാദത്തിന്റെ മാതാവേ, നീ ദൈവദൂതരാൽ മോക്ഷത്തിലേക്ക് കരേറ്റപ്പെട്ട നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ!

എത്രയും നിർമ്മലയായിരിക്കുന്ന മാതാവേ, മോക്ഷവാസികൾ സകലരും നിന്നെ എതിരേൽക്കാൻ വന്ന നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ!

അത്യന്തവിരക്തിയുള്ള മാതാവേ, സർവേശ്വരൻ അത്യന്തം ബഹുമാനത്തോടെ നിന്നെ മോക്ഷത്തിൽ കൈക്കൊണ്ട നേരം സ്തുതിക്കപ്പെട്ടതാകട്ടെ!

ഉത്തമകന്യകയായ മാതാവേ, സർവേശ്വരൻ നിന്റെ ദിവ്യകുമാരന്റെ വലതുവശത്ത്  നിന്നെ ഇരുത്തിയ നാഴിക സ്തുതിക്കപ്പെട്ടതാകട്ടെ!

കന്യാവ്രതത്തിന് അന്തരം വരാത്ത മാതാവേ, നീ മോക്ഷത്തിൽ ആനന്ദമഹിമയോടു  കൂടെ മുടിധരിക്കപ്പെട്ട നാഴിക വാഴ്ത്തപ്പെട്ടതാകട്ടെ!

സ്നേഹഗുണത്തിനു പാത്രമായ മാതാവേ, നീ മോക്ഷത്തിൽ ദൈവത്തിന്റെ മകളും മാതാവും മണവാട്ടിയുമെന്ന നാമധേയങ്ങളാൽ അലങ്കരിക്കപ്പെട്ട നാഴിക സ്തുതിക്കപ്പെട്ടതാവട്ടെ!

അത്ഭുതത്തിനു വിഷയമായ മാതാവേ, നീ ത്രിലോകരാജ്ഞിയായി സ്ഥാപിക്കപ്പെട്ട നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ!

സ്രഷ്ടാവിന്റെ മാതാവേ, മോക്ഷവാസികൾ സാഷ്ടാംഗം വീണ് നിന്നെ വണങ്ങിയ നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ!

രക്ഷകന്റെ മാതാവേ , ഞങ്ങളുടെ മധ്യസ്ഥയായി നീ സ്ഥാപിക്കപ്പെട്ട നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ!

വിവേകപൂർണ്ണയായ മാതാവേ, നീ മോക്ഷരാജ്യത്തിൽ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കാൻ തുടങ്ങിയ നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ!

വല്ലഭയായ കന്യകേ, മോക്ഷത്തിൽ ഞങ്ങളെ കൈക്കൊള്ളാൻ നീ തീരുമനസ്സാകുന്ന നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ!

QUEEN ASSUMED INTO HEAVEN, PRAY FOR US WHO HAVE RECOURSE TO THEE. AMEN.

(വി. എവുപ്രാസ്യമ്മയുടെ പ്രാർഥനാ പുസ്തകത്തിൽ നിന്ന്)

എല്ലാവർക്കും മാതാവിന്റെ സ്വർഗാരോപണത്തിരുന്നാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.

ജിൽസ ജോയ്
Reposted

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.