
“1945 മെയ് എട്ട് ചൊവ്വാഴ്ച അർധരാത്രിക്ക് ഒരു മിനിറ്റിനുശേഷം ശത്രുത ഔദ്യോഗികമായി അവസാനിക്കും. ജർമ്മൻകാർ യുദ്ധം അവസാനിപ്പിച്ചു. സന്തോഷത്തിന്റെ ഒരു ചെറിയ കാലയളവ് നമ്മൾ സ്വയം അനുവദിച്ചേക്കാം. ഇന്ന് യൂറോപ്പിൽ വിജയദിനമാണ്” – ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ ബ്രിട്ടീഷ് ജനതയെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.
1945 മെയ് 8, ആറുവർഷം നീണ്ടു നിന്ന രണ്ടാം ലോകമഹായുദ്ധം യുറോപ്പിൽ അവസാനിച്ച ദിനം VE Day (Victory in Europe) എന്നാണ് ചരിത്രത്തിൽ അറിയപ്പെടുക. ദശലക്ഷക്കണക്കിനു പേരുടെ ജീവനെടുത്ത മാനവരാശികണ്ട മഹാ ദുരന്തത്തിന്റെ മരണമണി യുറോപ്പിൽ മുഴങ്ങിയ ദിനം. സംഖ്യസേന വടക്കൻ ഫ്രഞ്ച് തീരമായ നോർമാണ്ടിയിൽ ഇറങ്ങിയ D – Day ( ജൂൺ 6, 1944) കഴിഞ്ഞു പതിനൊന്നു മാസങ്ങൾക്കു ശേഷമാണ് VE Day.
രണ്ടാം ലോക മഹായുദ്ധത്തിലെ പ്രധാനപ്പെട്ട ദിനമാണ് D – Day. ചരിത്രത്തിലെ ഏറ്റവും വലിയ കടൽ ആക്രമണമായിരുന്നു ഓപ്പറേഷൻ നെപ്റ്റ്യൂൺ (Operation Neptune) എന്നു കൂടി അറിയപ്പെട്ടിരുന്ന D – Day. ഈ ഓപ്പറേഷന്റെ ഫലമായി ജർമ്മൻ അധിനിവേശ ഫ്രാൻസിന്റെ വിമോചനം ആരംഭിക്കുകയും പടിഞ്ഞാറൻ മുന്നണിയിൽ സംഖ്യസേന വിജയത്തിന്റെ അടിത്തറയിടുകയും ചെയ്തു. ജർമ്മനി കീഴടങ്ങയതറിഞ്ഞു ദശലക്ഷക്കണക്കിനു ആളുകളാണ് യുദ്ധത്തിന്റെ അവസാനം ആഘോഷിക്കാനായി തെരുവീഥികളിൽ ഇറങ്ങിയത്. അവർ പാട്ടു പാടിയും നൃത്തം ചെയ്തും അവരുടെ അതിജീവനം ആഘോഷിച്ചു. രണ്ടാം ലോകമഹായുദ്ധം അപ്പോഴും അവസാനിച്ചിരുന്നില്ല. 1945 ഓഗസ്റ്റിൽ ജപ്പാൻ കീഴടങ്ങിയതോടെയാണ് അവ പൂർണ്ണമായി അവസാനിച്ചത്. ജർമ്മനിക്കും ജപ്പാനും എതിരേ ലോകരാജ്യങ്ങൾ രാഷ്ടീയവും സാമ്പത്തികവുമായ ഉപരോധങ്ങൾ ഏർപ്പെടുത്തി.
ജർമ്മനിയുടെ കീഴടങ്ങൽ
1945 ഏപ്രിൽ 30 നു അഡോൾഫ് ഹിറ്റ്ലർ ആത്മഹത്യ ചെയ്തതോടെ ജർമ്മനിയുടെ കീഴടങ്ങൽ ഏതാണ്ടു ഉറപ്പായിരുന്നു. ഹിറ്റ്ലറിന്റെ പിൻഗാമിയായി ഗ്രാന്റ് അഡ്മിറൽ കാൾ ഡോന്നിറ്റ്സ് ( Karl Doinitz) നിയമിതനായി. ജർമ്മൻ പ്രസിഡൻ്റായ കുറഞ്ഞ കാലയളവിൽ സംഖ്യകക്ഷികളുമായി സന്ധി സംഭാഷണത്തിൽ ഏർപ്പെടാൻ അദ്ദേഹം തീരുമാനിച്ചു. സോവിയേറ്റു യൂണിയന്റെ കൈകളിൽ നിന്നു ജർമ്മൻ ജനതയെ രക്ഷിക്കാനായിരുന്നു അത്. ഒരു ജർമ്മൻ പ്രതിനിധി സംഘം മെയ് മാസം നാലാം തീയതി ഹാംബർഗിനടുത്തുള്ള ലെനെബർഗ് ഹീത്തിലെ ബ്രിട്ടീഷ് ഫീൽഡ് മാർഷൽ ബെർണാഡ് മോണ്ട്ഗോമറിയുടെ ആസ്ഥാനത്തു ചർച്ചയ്ക്കായെത്തി. നെതർലാൻഡ്‌സ്, വടക്കുപടിഞ്ഞാറൻ ജർമ്മനി, ഡെൻമാർക്ക് എന്നിവിടങ്ങളിൽ ജർമ്മൻ സൈന്യം നിരുപാധികമായി കീഴടങ്ങുന്നു എന്ന് മോണ്ട്ഗോമറിയെ ഔദ്യോഗികമായി അറിയിച്ചു. മെയ് 7 ന് ഫ്രാൻസിലെ റീംസിൽ സംഖ്യകക്ഷികളുടെ സുപ്രിം കമാൻഡർ ജനറൽ ഐസൻഹോവർ (Eisenhower ) ജർമ്മനിയുടെ നിരുപാധികമായ കീഴടങ്ങൽ അംഗീകരിച്ചു. ജർമ്മൻ കീഴടങ്ങൽ രേഖയിൽ ജർമ്മനിക്കുവേണ്ടി ജനറൽ ആൽഫ്രഡ് ജോഡ് (General Alfred Jodl) ഒപ്പിട്ടു. സോവിയറ്റ് യൂണിയൻ നേതാവ് ജോസഫ് സ്റ്റാലിൻ വേറെ കീഴടങ്ങൽ ചടങ്ങിനു നിർബദ്ധം പിടിച്ചതിനാൽ പിറ്റേന്നു മെയ് 8 ന് ബെർലിനിൽ മറ്റൊരു രേഖയിൽ ഒപ്പിട്ടു – ഇത്തവണ ജർമ്മൻ ഫീൽഡ് മാർഷൽ വില്യം കീറ്റലാണ് ജർമനിക്കു വേണ്ടി രേഖയിൽ ഒപ്പുവച്ചത്. ജർമ്മൻ പ്രസിഡന്റ് ഡാനിറ്റ്സിന്റെ പദ്ധതി ഭാഗികമായി വിജയം വരിച്ചു. തൽഫലമായി ദശലക്ഷക്കണക്കിന് ജർമ്മൻ സൈനികർ സഖ്യസേനയ്ക്ക് കീഴടങ്ങുകയും സോവിയറ്റ് പിടിച്ചെടുക്കലിൽ നിന്നു രക്ഷപ്പെടുകയും ചെയ്തു.
വിൻസ്റ്റൺ ചർച്ചിലും വി ഡേയും
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ നാസി ജർമ്മനിക്കെതിരായ സഖ്യകക്ഷികളുടെ വിജയത്തിലെ ഒരു പ്രധാന പ്രേരകശക്തിയായിരുന്നു. ജർമ്മനിയുടെ കീഴടങ്ങൽ ചർച്ചിലിന്റെയും ആഘോഷ ദിനമായി. വി ദിനത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് ചർച്ചിൽ നടത്തിയ ഒരു ദേശീയ റേഡിയോ പ്രഭാഷണത്തിൻ യൂറോപ്പിൽ യുദ്ധം അവസാനിച്ചുവെന്ന വാർത്ത ബ്രിട്ടീഷ് ജനതയെ ഔദ്യോഗികമായി അറിയിച്ചു. ‘സന്തോഷത്തിന്റെ ഒരു ചെറിയ കാലയളവ് നമ്മൾ സ്വയം അനുവദിച്ചേക്കാം; പക്ഷേ, അധ്വാനവും പ്രയത്നവും ഒരു നിമിഷം പോലും നാം മറക്കരുത്.” ജാഗ്രതയോടെ ജനതയെ ചർച്ചിൽ ഓർമ്മപ്പെടുത്തി. പിന്നീട്, മധ്യ ലണ്ടനിലെ ആരോഗ്യ മന്ത്രാലയ കെട്ടിടത്തിന്റെ ബാൽക്കണിയിൽ ചർച്ചിൽ പ്രത്യക്ഷപ്പെടുകയും ബ്രിട്ടീഷ് ജനതയെ അഭിസംബോധന ചെയ്യുകയും ചെയ്തു. ആവേശഭരിതരായ ജനക്കൂട്ടത്തോട് ‘ഇതു നിങ്ങളുടെ വിജയം’ എന്നു പ്രഖ്യാപിക്കുമ്പോൾ. ‘ഇല്ല – ഇത് താങ്കളുടെ വിജയം!’ എന്നായിരുന്നു ജനക്കൂട്ടത്തിന്റെ പ്രതികരണം. വാഴ്ത്തിപ്പാടിയ ബ്രട്ടീഷ് ജനത തന്നെ ചർച്ചിലിനെ ഏതാനും മാസങ്ങൾക്കു ശേഷം1945 ജൂലൈ പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി എന്നതു ചരിത്രത്തിലെ വിരോധാഭാസമാണ്. ചർച്ചിലിനു പകരം ലേബർ പാർട്ടിയുടെ ക്ലെമന്റ് അറ്റ്ലി ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ക്ലമന്റ് അറ്റ്ലി ആയിരുന്നു പ്രധാനമന്ത്രി.
ജർമ്മനിയിൽ ‘വിമോചന ദിനം’ (A day of liberation)
ജർമ്മൻ എകീകരണത്തിനു മുമ്പു മെയ് മാസം എട്ടാം തീയതി പശ്ചിമ ഉത്തര ജർമ്മനികളിൽ വ്യത്യസ്ത മാനങ്ങളായിരുന്നു. പഴയ പശ്ചിമ ജർമ്മനിയിൽ, മെയ് 8 രണ്ടാം ലോക മഹായുദ്ധത്തിലെ ജർമ്മൻ പരാജയ ദിനമായിരുന്നു. എന്നാൽ പഴയ കമ്മ്യൂണിസ്റ്റ് കിഴക്കൻ ജർമ്മനിയിൽ സോവിയേറ്റു യൂണിയന്റെ റെഡ് ആർമി, നാസി ഭരണകൂടത്തിൽ നിന്നു ജർമ്മൻ ജനതയെ വിമോചിപ്പിച്ച ‘വിമോചന ദിന’മായി മനസ്സിലാക്കി . 1985-ൽ പ്രസിഡന്റ് റിച്ചാർഡ് വോൺ വെയ്‌സ്‌കോക്കർ ഈ ദിവസത്തെ വിമോചന ദിനമായി കാണണമെന്നും തോൽവിയല്ലെന്നും പശ്ചിമ ജർമ്മനിയിലെ ജനങ്ങളെ ബോധ്യപ്പെടുത്തി. അതിനു ശേഷം പശ്ചിമ ജർമ്മനി നാസി ഭരണകൂടത്തിൽ നിന്നുള്ള വിമോചനത്തെ അടയാളപ്പെടുത്തുന്ന ദിനമായി മെയ് എട്ടിനെ കണ്ടിരുന്നത്. പത്തു വർഷത്തിനു ശേഷം വിമോചനത്തിന്റെ അമ്പതാം വാർഷികത്തിൽ ഏകീകൃത ജർമ്മനി തലസ്ഥാന നഗരിയായ ബർലിനിൽ വിമോചന ദിനം ആഘോഷിച്ചു. ഇന്നു ജനാധിപത്യത്തിന്റെ പുനർജന്മ ദിനമായിട്ടാണ് മെയ് എട്ടിനെ കാണുന്നത്. ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ പതിവുപോലെ വിമോചന ദിനത്തിൽ ബർലിനിലുള്ള ജർമ്മനിയിലെ സെൻട്രൽ മെമ്മോറിയലിൽ യുദ്ധത്തിനും സ്വേച്ഛാധിപത്യത്തിനും ഇരയായവർക്കായി പുഷ്പചക്രം അർപ്പിച്ചു. ജർമ്മൻ തലസ്ഥാനമായ ബെർലിനിൽ വിമോചന ദിന അനുസ്മരണ പ്രമാണിച്ചു ഇന്നു പൊതു അവധിയായിരുന്നു.
വിജയദിനം ഒരു വാർഷിക പൊതു അവധിദിനമായി മാറ്റണോ എന്ന കാര്യത്തിൽ ജർമ്മനിയിൽ ഒരു ചർച്ച ആരംഭിച്ചു കഴിഞ്ഞു. ഹിറ്റ്ലറിന്റെ ഓഷ്വിറ്റ്സിനെ അതിജീവിച്ച എസ്തേർ ബെജാറാനോ (Esther Bejarano) എന്ന തൊണ്ണൂറ്റിയഞ്ചുകാരി, ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കലിനും പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമെയറിനും എഴുതിയ ഒരു തുറന്ന കത്തിൽ, നാസികളുടെ തോൽവിയുടെയും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിന്റെയും സ്മരണയ്ക്കായി മെയ് 8 ന് ജർമ്മനിയിൽ ദേശീയ അവധിദിനമായി പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെടുകയുണ്ടായി. “നാസി ഭരണകൂടത്തിൽ നിന്ന് മനുഷ്യരാശിയുടെ വിമോചനം ആഘോഷിക്കാൻ കഴിയുന്ന ദിവസമാണിത്. ഏഴു പതിറ്റാണ്ടായി ഇത് കാലഹരണപ്പെട്ടു. നാസി ഭരണകൂടത്തെ അടിച്ചമർത്തുന്ന വിമോചന ദിനമായിരുന്നു 1945 മെയ് 8 എന്ന് മനസിലാക്കാൻ ഇത് സഹായിക്കും, ” എസ്തർ കത്തിൽ കുറിച്ചു.
1990 ൽ ജർമ്മനിയുടെ എകീകരണം നടക്കുന്നതുവരെ മെയ് 8 സോവിയറ്റ് യൂണിയൻ നേതൃത്വം നൽകിയ DDR ൽ (ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ) ഒരു പൊതു അവധി ദിനമായിരുന്നു. തീവ്ര വലതുപക്ഷ പാർട്ടിയായ AFD (Alternative for Germany) മെയ് 8 ജർമ്മൻ ഒരു ‘തോൽവിയുടെ ദിനം’ ആണെന്ന് ഇപ്പോഴും വാദിക്കുന്നു.
റഷ്യ, അർമേനിയ, അസർബൈജാൻ, ബെലാറസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ മെയ് 9 നാണ് VE ദിനം ആഘോഷിക്കുന്നത്. ഇസ്രായേലിലും മെയ് 9 നാണ് VE ദിനം. റഷ്യയിൽ, മെയ് 9 ന് നടക്കാനിരുന്ന പരമ്പരാഗത വിക്ടറി ഡേ സൈനിക പരേഡ് കോറോണ പകർച്ചവ്യാധി മൂലം ഈ വർഷാവസാനത്തേക്കു മാറ്റിവച്ചു.
ഈ VE Day ക്കുറിപ്പ് യുറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ്റെ (Ursula von der Leyen) ഇന്നത്തെ ട്വിറ്റോടെ അവസാനിപ്പിക്കാം “എനിക്കു ഒരു ജർമ്മൻകാരിയും യൂറോപ്യൻ @EU_ കമ്മീഷൻ പ്രസിഡന്റ് എന്ന നിലയിലും മെയ് 8 മനുഷ്യരാശിയുടെ ചരിത്രത്തിലെ നിർണ്ണായക നിമിഷത്തെ സൂചിപ്പിക്കുന്നു. യൂറോപ്പിനെ സംബന്ധിച്ചിടത്തോളം, ഈ ദിവസം നാസി ഭരണകൂടം ഉണ്ടാക്കിയ ക്രൂരമായ യുദ്ധത്തിന്റെ അവസാനത്തെയും അതിന്റെ ഇരുണ്ട മണിക്കൂറുകളിൽ നിന്നുള്ള മോചനത്തെയുമാണ് സൂചിപ്പിക്കുക.”
‘വി ഡേ’ രാഷ്ടീയ സാമൂഹിക സാമ്പത്തിക ആത്മീയ മേഖലകളില ഇരുണ്ട മണിക്കൂറുകളിൽ നിന്നുള്ള മോചനമാകട്ടെ.
ഫാ. ജയ്സൺ കുന്നേൽ mcbs