പാസ്സിയിലെ വി. മേരി മഗ്‌ദലന

ഒരിക്കൽ ഈശോ പാസ്സിയിലെ വി. മേരി മഗ്‌ദലനയോടു പറഞ്ഞു:

“എത്രമാത്രം ക്രിസ്‌ത്യാനികളാണ് പിശാചിന്റെ കൈകളിലെന്നു നോക്കൂ. എന്റെ തിരഞ്ഞെടുക്കപ്പെട്ടവർ! പ്രാർഥനയാൽ സ്വതന്ത്രരാക്കപ്പെടുന്നില്ലെങ്കിൽ ഈ നിർഭാഗ്യവാന്മാർ എന്നെന്നേക്കുമായി നഷ്ടപ്പെടും.” തങ്ങളുടെ ആത്മനാഥന്റെ സങ്കടമറിഞ്ഞ് പ്രാർഥനയുടെയും പ്രായശ്ചിത്തത്തിലൂടെയും വിശുദ്ധർ വേഗത്തിൽ അവനോടു പ്രത്യുത്തരിക്കുന്നു. ഇന്നത്തെ ലോകത്ത് എത്രപേരുണ്ട് അവന്റെ സങ്കടം കേൾക്കാനായി, അവനോട് പ്രത്യുത്തരിക്കാനായി, ആശ്വസിപ്പിക്കാനായി.

പലരും പറഞ്ഞുകേൾക്കുന്നതാണ്, വിശുദ്ധർക്ക് സഹനം ആവശ്യമാണോ? സഹനമില്ലെങ്കിൽ വിശുദ്ധരാകില്ലേ? ഇങ്ങനെ സഹനം കൊടുത്ത് സന്തോഷിക്കുന്നവനാണോ ദൈവം?

സഹനം ഏറ്റെടുക്കുന്നതിലൂടെ വിശുദ്ധർ ആത്മാക്കളുടെ വീണ്ടെടുപ്പ് എന്ന യേശുക്രിസ്തുവിന്റെ ദൗത്യത്തിൽ പങ്കാളികളാകുകയാണ്. ആത്മാക്കൾ രക്ഷിക്കപ്പെടാനായി യേശുവിന്റെ സഹനവും രക്തവും നിത്യപിതാവിന്റെയടുത്ത് മാധ്യസ്ഥം വഹിക്കുന്നതുപോലെ വിശുദ്ധർ അവരുടെ സഹനം ഭൂമിയിൽ പാപത്തിൽ മുഴുകുന്ന, ശുദ്ധീകരണസ്ഥലത്ത് പീഡയനുഭവിക്കുന്ന ആത്മാക്കളുടെ രക്ഷയ്ക്കായി സമർപ്പിക്കുന്നു. ആത്മാക്കൾക്കായി ദാഹിക്കുന്ന യേശുവിനെ ആശ്വസിപ്പിക്കാനായി അവർ എത്രവേണമെങ്കിലും സഹിക്കാൻ തയ്യാറാവുന്നു. നമ്മൾ ഏറ്റവുമധികം സ്നേഹിക്കുന്ന ഒരാളുടെ വിഷമങ്ങൾ നമ്മുടേതാകുന്നതുപോലെ, അവരെ സന്തോഷിപ്പിക്കാൻ ഏതറ്റംവരെയും നമ്മൾ പോകുന്നതുപോലെയാണത്. തങ്ങളുടെ സഹനങ്ങൾമൂലം രക്ഷപ്പെടുന്ന ആത്മാക്കളുടെ എണ്ണം അവരുടെ പ്രിയനെ സന്തോഷിപ്പിക്കുമെന്ന് അവർക്കറിയാം. സഹനങ്ങളും ആത്മപരിത്യാഗങ്ങളും ഇന്ദ്രിയനിഗ്രഹങ്ങളും ഒന്നുപോലും വൃഥാവിലല്ലെന്നും അവർക്ക് പൂർണ്ണബോധ്യമുണ്ട്.

ഈശോയെ ജീവനെക്കാളും സ്നേഹിച്ച ഒരു വിശുദ്ധയുടെ തിരുനാളാണ് ഇന്ന്; പാസ്സിയിലെ വി. മേരി മഗ്‌ദലനയുടെ. ക്രൂശിതരൂപത്തിനു മുൻപിൽ വിതുമ്പിക്കൊണ്ട് ഒരിക്കൽ അവൾ പറഞ്ഞു: “ഓ സ്നേഹമേ, നീ അറിയപ്പെടുന്നില്ലല്ലോ, സ്നേഹിക്കപ്പെടുന്നില്ലല്ലോ.” വളരെയേറെ പ്രാവശ്യം ഭക്തിപാരവശ്യത്തിലാണ്ടുപോയിരുന്ന അവൾ യേശുക്രിസ്തുവിന്റെ സഹനത്തെപ്പറ്റി കൂടെക്കൂടെ ധ്യാനിച്ചിരുന്നു. “ക്രൂശിതനായ കർത്താവിനോടുള്ള സ്നേഹത്തിന് തന്നെത്തന്നെ പൂർണ്ണമായി നൽകിയിരിക്കുന്ന ഒരാൾ കുരിശിൽ നോക്കിയാൽത്തന്നെ യേശുക്രിസ്തു അയാൾക്കുവേണ്ടി ചെയ്ത അനന്തമായ സ്നേഹത്തിൽ ആമഗ്നനാകും” അവൾ പറഞ്ഞു.

അങ്ങനെയൊരു പാരവശ്യത്തിന്റെ നിർവൃതിനിമിഷത്തിൽ ക്രൂശിതരൂപത്തെ മുറുക്കിപ്പിടിച്ച് അവൾ ആർത്തുവിളിച്ചു:

“ഓ ഈശോയേ, അങ്ങ് സ്നേഹത്താൽ വിഡ്ഢിയായിപ്പോയി. ഞാനിതു പറയും. ഇക്കാര്യം ആവർത്തിച്ചാവർത്തിച്ച് ഞാൻ ഒരിക്കലും ക്ഷീണിതയാവുകയില്ല. എന്റെ യേശുവേ, സ്നേഹം അങ്ങയെ വിഡ്ഢിയാക്കി മാറ്റി.” തന്റെ വെറുമൊരു സൃഷ്ടിയുടെ ആത്മാവിനെ നിത്യനാശത്തിൽനിന്ന് രക്ഷിക്കാൻ സൃഷ്ടാവ് സൃഷ്ടിയുടെ രൂപം സ്വീകരിച്ച് ഭൂമിയിലേക്കു വന്ന്, അത്രത്തോളം എളിമപ്പെട്ടു ജീവിച്ച്, ക്രൂരമായ മരണത്തിലൂടെ തന്റെ ദൗത്യം പൂർത്തിയാക്കി പിതാവിലേക്ക് എടുക്കപ്പെട്ടത്‌ മാനുഷികബുദ്ധിയിലൂടെ നോക്കിയാൽ വിഡ്ഢിത്തമല്ലാതെ വേറെ എന്താണ്, അല്ലേ.

ത്രിത്വത്തിന്റെ സജീവസാന്നിധ്യം അനുഭവിച്ചിരുന്ന അവളോട് പിതാവായ ദൈവം ഒരിക്കൽ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്:

“എന്റെ പുത്രന്റെ ശരീരത്തിൽ ഞാൻ ചെയ്ത പ്രതികാരത്തിലൂടെ എന്റെ നീതി കാരുണ്യമായി മാറി. ആബേലിന്റെ രക്തംപോലെ ക്രിസ്തുവിന്റെ രക്തം പ്രതികാരത്തിനായി നിലവിളിക്കുന്നില്ല, മറിച്ച് അത് കരുണയാണ് ചോദിക്കുന്നത്. എന്റെ നീതിക്ക് ആ രക്തത്തിന്റെ അപേക്ഷ നിരസിക്കാനാവില്ല. ഒരിക്കൽ ശിക്ഷിക്കാനായി ഉയർത്തിയ നീതിയുടെ കരങ്ങളെ അവ ഇനി ഉയർത്തപ്പെടാതിരിക്കാനായി യേശുവിന്റെ രക്തം ബന്ധിക്കുന്നു.”

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പാസ്സിയിലെ വി. മേരി മഗ്‌ദലന എന്ന കർമ്മലീത്ത സന്യാസിനി ഇറ്റലിയിലെ ഫ്ലോറൻസിൽ നിന്നുള്ള ഒരു മിസ്റ്റിക്കാണ്. ‘ദിവ്യകാരുണ്യത്തിന്റെ സഹനപുഷ്പം’ എന്നും ecstatic saint എന്നൊക്കെ അവൾ അറിയപ്പെട്ടിരുന്നു. ഒൻപതാം വയസ്സിൽ അവൾ മാനസികപ്രാർഥനയെക്കുറിച്ച് പഠിച്ചു (ധ്യാനത്തിൽ മുഴുകുന്നത്). പത്തുവയസ്സുള്ളപ്പോൾ ആദ്യകുർബാന സ്വീകരിച്ചതുമുതൽ അവൾക്ക് പാരവശ്യങ്ങൾ ഉണ്ടാകാൻ തുടങ്ങി. നമ്മുടെ ബുദ്ധിയുടെയും ഇച്ഛയുടെയും പ്രവർത്തനങ്ങളൊക്കെ നിലച്ച്, മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാതെ ദൈവസാന്നിധ്യത്തിൽ, ദൈവസ്നേഹത്തിൽ ആത്മാവ് നിറയപ്പെടുന്നതാണത്.

ഒരു മനോഹര സൂര്യാസ്തമനം കണ്ടപ്പോഴാണ് ആദ്യമായി അവൾ പാരാവശ്യത്തിലാഴ്ന്നത്. ദൈവത്തിന്റെ സൃഷ്ടിയുടെ മനോഹാരിതയിൽ ആമഗ്നയായി അവൾ മിണ്ടാൻപോലും പറ്റാതെ വിറയ്ക്കാൻ തുടങ്ങി. നമുക്ക് പ്രകൃതിഭംഗി കാണുമ്പോൾ സൃഷ്ടാവിനെ ഓർമ്മ വരാറുണ്ടോ, കൊച്ചുകൊച്ചു കാര്യങ്ങളിൽ അവന്റെ കരുതൽ അനുഭവിക്കാറുണ്ടോ, ഒരു ചെറിയ പുഷ്പം കാണുന്നതുപോലും അവളുടെ ഹൃദയത്തിൽ സൃഷ്ടാവിനോടുള്ള സ്നേഹമുണർത്തിയിരുന്നു. “സ്നേഹമുള്ള ദൈവം എന്റെ സ്നേഹം നേടാൻ ഈ കൊച്ചുപൂവിനെ സൃഷ്ടിച്ചു.” അവൾ സ്നേഹത്തിൽ നിറഞ്ഞ് പ്രസ്താവിച്ചു.

സമ്പന്നമാതാപിതാക്കളുടെ ഒരേയൊരു മകളായിരുന്ന അവളെ സന്യാസജീവിതത്തിലേക്ക് അടുപ്പിച്ചത് ദിവ്യകാരുണ്യനാഥനോടുള്ള സ്നേഹമാണ്. ദിവ്യകാരുണ്യത്തോടുള്ള അവളുടെ ആകർഷണം, തൊടാനുള്ള കൊതി, ദിവ്യകാരുണ്യത്തെപ്പറ്റി മറ്റുള്ളവർ പറയുന്നതു കേൾക്കുന്നത്, അത് സ്വീകരിച്ചവരുടെ അടുത്തുനിൽക്കുന്നതൊക്കെ പണ്ടേ അവളുടെ പ്രത്യേകതയായിരുന്നു. ഫ്ലോറെൻസിലെ കർമ്മലീത്ത മഠത്തിൽ ചേരുമ്പോഴുള്ള അവളുടെ ഏറ്റവും വലിയ സന്തോഷം എന്നും വിശുദ്ധ കുർബാന സ്വീകരിക്കാൻ അവർ അനുവദിക്കും എന്നുള്ളതായിരുന്നു.

അനേകായിരം ആത്മാക്കളിൽനിന്ന് ഈശോ അനുഭവിക്കുന്ന അവഗണന അവളെ വേദനിപ്പിച്ചു. മുറിവേറ്റ ഈശോയുടെ ഹൃദയത്തിന് അവളുടെ കണ്ണീരും പ്രാർഥനയും പ്രായശ്ചിത്തവും ഒരു ആശ്വാസമായിരുന്നെന്നതിൽ സംശയമില്ല.

അസുഖവും ശാരീരികപീഡകളുംവഴി കഠിനവേദന സഹിക്കുന്ന അവളെ ഈശോനാഥൻ അവന്റെ സാന്നിധ്യത്താലും സ്നേഹത്താലും ആശ്വസിപ്പിച്ചിരുന്നു. “ഈശോയുടെ സഹനത്തെപ്പറ്റി ധ്യാനിക്കുന്നവർക്ക്, അവന്റെ സഹനത്തിലേക്ക് തങ്ങളുടെയും ചേർത്തുവയ്ക്കുന്നവർക്ക് അവരുടെ വേദനകൾ മധുരതരമായും ആനന്ദമായും തോന്നുന്നു” – അവൾ പറഞ്ഞു.

അവളുടെ പാരവശ്യങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് അവളെ അസ്വസ്ഥയാക്കിയിരുന്നു. ചിലർ അവളെ കുറ്റപ്പെടുത്തി, മറ്റുചിലർ എന്തുകൊണ്ട് തങ്ങൾക്കും ഈ കൃപ ലഭിക്കുന്നില്ലെന്നോർത്ത് വിഷമിച്ചു. അവരോടൊക്കെ അവൾക്ക് എളിമയോടെ പറയാനുണ്ടായിരുന്നത്, ഇത്തരത്തിലുള്ള ദാനങ്ങളൊന്നുമില്ലാതെ തന്നെ വിശുദ്ധിയിൽ മുന്നേറാൻ കഴിയുന്നതിനെ ഓർത്ത് അവർ ദൈവത്തോട് നന്ദിപറയണം എന്നായിരുന്നു.

താൻ എല്ലാവരെക്കാളും അയോഗ്യയും ദുർബലയും ആയതുകൊണ്ടാണ് ഈശോ തനിക്ക് ഇത്തരം അധികകൃപകൾ അവനോട് ചേർന്നുനിൽക്കാൻവേണ്ടി തരുന്നത് എന്നാണ് അവൾ വിചാരിച്ചുകൊണ്ടിരുന്നതും. മുൾമുടി തറച്ച പീഡാനുഭവത്തിലൂടെ കടന്നുപോയപ്പോൾ അത് മറ്റുള്ളവർക്ക് ദൃശ്യമാകാതെ മറച്ചുവയ്ക്കാൻ അവൾ ഈശോയോടു യാചിച്ചു. അഞ്ചുവർഷങ്ങളോളം ആത്മീയവരൾച്ചയിൽ ആത്മാവ് ഇരുട്ടുനിറഞ്ഞ അവസ്ഥയിലൂടെ കടന്നുപോയത് അവൾ വീരോചിതമായി സഹിച്ചു. മറ്റുള്ളവരുടെ കാര്യങ്ങൾ അവർ പറയാതെതന്നെ അറിയാനും ഭാവിയിലെ കാര്യങ്ങൾ മുൻകൂട്ടികാണാനുമുള്ള കഴിവ് അവൾക്കുണ്ടായിരുന്നു. നോവിസ് മിസ്ട്രസ് ആയിരുന്നപ്പോൾ അതവൾക്ക് ഉപകരിച്ചു.

“തന്റെ ജീവിതകാലഘട്ടത്തിൽ ഒരാൾ സഹജരെക്കുറിച്ച് ഒരിക്കലും തിന്മ സംസാരിച്ചിട്ടെങ്കിൽ ഞാനയാളെ ഒരു വിശുദ്ധനായി പരിഗണിക്കും” എന്നായിരുന്നു അവൾ ഒരിക്കൽ പറഞ്ഞത്. “ഒരു സ്ഥലത്ത് സന്നിഹിതനല്ലാത്ത ഒരു സഹോദരനെക്കുറിച്ച്, അയാളുടെ സാന്നിധ്യത്തിൽ നിങ്ങൾ പറയാൻ ആഗ്രഹിക്കാത്തത്‌ ഒന്നുംതന്നെ പറയരുത്.” എല്ലാവർക്കും ഇതിനു കഴിഞ്ഞെങ്കിൽ എത്ര നന്നായിരുന്നു അല്ലേ.

മിസ്റ്റിക്കൽ വിവാഹത്തിലൂടെ മോതിരം ഇടുവിച്ച ഈശോയോട്‌ അവൾ കളിപറയുന്നതും കൂട്ടുകാരനെപ്പോലെ തമാശ കളിക്കുന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഞാൻ വിളിച്ചപ്പോൾ നീ കേട്ടില്ല’ എന്നു പറഞ്ഞ ഈശോയോട് ‘അത് എന്നെ ഉറക്കെ വിളിക്കാഞ്ഞിട്ടല്ലേ’ എന്നായിരുന്നു അവളുടെ മറുപടി. സ്നേഹം ഉറക്കെ വിളിച്ചുപറയാൻ അവൾ അവനോട് ആവശ്യപ്പെട്ടു.

നിങ്ങൾ ഈശോയെ ബെസ്‌റ്റ് ഫ്രണ്ട് ആക്കിയിട്ടുണ്ടോ, അവനോട് സംസാരിച്ചുകൊണ്ടിരിക്കാറുണ്ടോ, അതാണ് അവനു വേണ്ടത്. മുഖംമൂടി ഇല്ലാതെ നമ്മൾ എന്താണോ അതുപോലെ അവനോട് സംസാരിക്കൂ. നമ്മുടെ സന്തോഷങ്ങളും പ്രശ്നങ്ങളും ആഗ്രഹങ്ങളും എല്ലാമെല്ലാം. അവനെ അറിഞ്ഞു സ്നേഹിക്കാം. അതിനായി പാസ്സിയിലെ വി. മേരി മഗ്‌ദലനയുടെ മാധ്യസ്ഥവും യാചിക്കാം.

1607-ൽ മെയ് 25-ന് പാസ്സിയിലെ വി. മേരി മഗ്‌ദലന നിത്യസന്നിധിയിലേക്കു യാത്രയായി. 1669-ൽ അൾത്താരവണക്കത്തിലേക്കുയർന്നു.

ജിൽസ ജോയ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.