സെമിത്തേരി എന്ന വാക്കിന്റെ ആത്മീയ അര്‍ത്ഥം

സെമിത്തേരി എന്നാൽ ‘ഉറങ്ങുന്ന സ്ഥലം’ എന്നാണ് അര്‍ത്ഥം. പലരും ചിന്തിക്കുന്നത് മരണം എല്ലാത്തിന്റെയും അവസാനമാണ് എന്നാണ്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല, മരണം ദൈവത്തിന്റെ പക്കലേയ്ക്കുള്ള തിരിച്ചുപോക്കാണ്. സുവിശേഷത്തില്‍ ഈശോ, മരണത്തെ ‘ഉറക്കം’ എന്നാണ് വിളിക്കുന്നത്. പുനരുത്ഥാന ദിവസം വരെ നമ്മുടെ ശരീരം വിശ്രമിക്കുന്നു. ‘കൊയ്‌മെറ്റീരിയൻ’ (koimeterion) എന്ന ഗ്രീക്ക് പദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ് സെമിത്തേരി എന്ന വാക്ക്.

കല്ലറകളിൽ കാണപ്പെടുന്ന സാധാരണമായ ചുരുക്കെഴുത്ത് ‘R.I.P’ (rest in peace), അതായത് സമാധാനത്തിൽ വിശ്രമിക്കുക എന്നാണല്ലോ. മരണത്തെ വിശ്രമം, ഉറക്കം എന്നീ പദങ്ങളുമായി ബന്ധപ്പെടുത്തുന്ന ഉദ്ധരണികൾ ബൈബിളിൽ തന്നെയുണ്ട്. ബാലികയെ ഉയർപ്പിക്കുന്ന സംഭവത്തിൽ ഈശോ, മരണത്തെ ‘ഉറക്കം’ എന്നാണ് വിളിക്കുന്നത്. “പെൺകുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.” അവർ അവനെ പരിഹസിച്ചു. ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവൻ അവളെ കൈയ്യിൽ പിടിച്ചെഴുന്നേൽപ്പിച്ചു (മത്തായി 9: 24-25).

ശരീരത്തിന്റെ പുനരുത്ഥാനത്തെക്കുറിച്ചു പറയുമ്പോൾ വി. പൗലോസും, മരണത്തെ ‘നിദ്ര’ എന്നാണ് വിളിക്കുന്നത്. “സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവർ ചെയ്യുന്നതുപോലെ നിങ്ങൾ ദുഃഖിക്കാതിരിക്കാൻ, നിദ്ര പ്രാപിച്ചവരെപ്പറ്റി നിങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിർക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവിൽ നിദ്ര പ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിർപ്പിക്കും” (1 തെസ്സ 4: 13-18).

മരണം ഭയാനകമാണെങ്കിലും അവസാനമല്ലെന്ന് ഓരോ ക്രിസ്ത്യാനിയും മനസിലാക്കുവാൻ ഈ തിരുവചനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ക്രിസ്തുവിലേയ്ക്കുള്ള മടക്കയാത്രയാണ് മരണത്തിലൂടെ സംഭവിക്കുന്നതെന്നുള്ള യാഥാർത്ഥ്യം തിരിച്ചറിയുമ്പോൾ കൂടുതൽ പ്രതീക്ഷയുള്ളവരായി ജീവിക്കുവാനും മരണത്തെ അഭിമുഖീകരിക്കുവാനും നമുക്ക് സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.