എല്ലായ്‌പ്പോഴും ആനന്ദം കണ്ടെത്താൻ വിശുദ്ധരുടെ ചില ഓർമ്മപ്പെടുത്തലുകൾ

ജീവിതത്തിൽ പ്രതിസന്ധികളും ക്ലേശങ്ങളും ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. പ്രതിസന്ധികളുടെ ഇരുളുമൂടിയ അനുഭവങ്ങളിലും ദിനങ്ങളിലും പ്രത്യാശയുടെ പ്രകാശത്തിൽ കണ്ണുകൾ ഉറപ്പിച്ചുകൊണ്ട് ഹൃദയത്തിൽ ആനന്ദം അനുഭവിക്കുന്നവരാകാൻ വിശുദ്ധരുടെ ജീവിതം കൂടുതൽ അറിയാം. സന്തോഷിക്കാൻ ഒരു സാധ്യതയുമില്ലാത്ത അനുഭവങ്ങളിലും ഇടങ്ങളിലുമാണ് വിശുദ്ധർ ആനന്ദം കണ്ടെത്തിയിട്ടുള്ളത്. ഈ ആനന്ദം സ്വന്തമാക്കാൻ വിശുദ്ധരുടെ ലളിതമായ ഓർമ്മപ്പെടുത്തലുകൾ മനസ്സിലാക്കാം.

ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താം: വി. കൊച്ചുത്രേസ്യാ

ചെറുപുഷ്പം എന്നറിയപ്പെടുന്ന ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യാ ചെറിയ കാര്യങ്ങളിൽ ആനന്ദവും വിശുദ്ധിയും കണ്ടെത്തിയവളാണ്. “ജീവിതം സങ്കീർണ്ണമായി അനുഭവപ്പെടുമ്പോൾ ചെറുതും സന്തോഷകരവുമായ നിമിഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു കപ്പ് ചായയുടെ ചൂടായിരിക്കാം, ഒരു പൂവിന്റെ മനോഹാരിതയായിരിക്കാം, നാം കേൾക്കുന്ന പാട്ടായിരിക്കാം. അതുമല്ലെങ്കിൽ മറ്റൊരാളുടെ പുഞ്ചിരി ആയിരിക്കാം. എന്തുമാകട്ടെ, ചുറ്റുപാടുകളിലെ സൗന്ദര്യം ആസ്വദിക്കുക.”

കൃതജ്ഞത പരിശീലിക്കുക: വി. ഫ്രാൻസിസ് അസീസി

ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി ലാളിത്യവും സമസ്ത സൃഷ്ടികളോടുമുള്ള അഗാധമായ സ്നേഹവും സ്വന്തമാക്കാൻ വി.ഫ്രാൻസിസ് തന്റെ സമ്പന്നമായ ജീവിതശൈലി ഉപേക്ഷിച്ചു. സകല സൃഷ്ടികളെയും പ്രതി ദൈവത്തെ സ്തുതിക്കുന്നതിൽ വി. ഫ്രാൻസിസ് എന്നും മുൻപന്തിയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധേയമാണ്: “കൃതജ്ഞത പരിശീലിക്കുന്നതിലൂടെയാണ് ജീവിതത്തിന്റെ വീക്ഷണങ്ങൾ കൂടുതൽ ശോഭയുള്ളതാകുക. ഓരോ ദിവസത്തിന്റെയും അവസാനത്തിൽ അന്നേ ദിനം ജീവിതത്തിൽ ദൈവം അനുവദിച്ച മൂന്നു കാര്യങ്ങൾ നന്ദി നിറഞ്ഞ ഹൃദയത്തോടെ കുറിച്ചു വയ്ക്കുക. എത്ര ചെറിയ കാര്യമാണെങ്കിലും കൃതജ്ഞതയ്ക്ക് നമ്മുടെ ആത്മാവിനെ ഉണർത്താനും ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ പോലും നല്ലതു കണാൻ നമ്മെ സഹായിക്കാനുമുള്ള ശക്തി ഉണ്ട്.”

ഗൗരവത്തിൽ അധികം പിടിമുറുക്കരുത്: ആവിലായിലെ വി. അമ്മത്രേസ്യാ

ആവിലായിലെ വി. അമ്മത്രേസ്യായ്ക്ക് നിരവധി വിമർശനങ്ങളും തിരിച്ചടികളും ജീവിതത്തിൽ നേരിട്ടുവെങ്കിലും ജീവിതത്തെ ഗൗരവമായി സമീപിക്കുന്നതോടൊപ്പം തന്നെ നർമ്മബോധത്തോടെ കൈകാര്യം ചെയ്യാനും വിശുദ്ധയ്ക്ക് കഴിഞ്ഞിരുന്നു. “ചിരിക്കാം. ഗൗരവത്തിൽ അധികം തുടരരുത്. തമാശകൾ പറയുക, നിങ്ങളെ ചിരിപ്പിക്കുന്ന സുഹൃത്തിനെ വിളിക്കുക. ജീവിതത്തിന്റെ പോരാട്ടങ്ങളിൽ നർമ്മത്തിന് ഭാരം കുറയ്ക്കാൻ കഴിയുമെന്ന് ഓർക്കുക.”

പ്രത്യാശ നിലനിർത്തുക: വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ

ഒരു മാർപാപ്പ എന്ന നിലയിൽ വി. ജോൺപോൾ രണ്ടാമൻ തന്റെ ജീവിതം കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയ പ്രയാസകരമായ സമയങ്ങളിൽ അദ്ദേഹത്തിന്റെ ശാശ്വതമായ സന്ദേശം പ്രത്യാശയുടേതായിരുന്നു. “ആനന്ദം പ്രത്യാശയിൽ വേരൂന്നിയതാണ്. സാഹചര്യങ്ങൾ ഇരുളടഞ്ഞതായി തോന്നുമ്പോൾ പോലും കാര്യങ്ങൾ മാറുമെന്നും നല്ലദിവസങ്ങൾ വരാനിരിക്കുന്നുണ്ടെന്നും സ്വയം ഓർമ്മിപ്പിക്കുക. ‘ഭയപ്പെടേണ്ട’ എന്ന വാക്കുകളോടെ യുവജനങ്ങളെ അദ്ദേഹം എപ്പോഴും പ്രത്യാശയിൽ മുന്നേറാൻ സഹായിച്ചു.”

മറ്റുള്ളവർക്ക് സേവനം ചെയ്യുക: വാഴ്ത്തപ്പെട്ട പിയർ ജോർജിയോ പ്രിസാറ്റി

വാഴ്ത്തപ്പെട്ട ജോർജിയോ കാൽനടയാത്രയും സാഹസികതയും ഇഷ്ടപ്പെട്ട ഒരു ഇറ്റാലിയൻ യുവാവായിരുന്നു. പാവങ്ങളെയും രോഗികളെയും സഹായിക്കുന്നതിൽ പ്രതിജ്ഞാബദ്ധനായിരുന്നു. അദ്ദേഹം തന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു. “അകത്തേക്ക് നോക്കാതെ എപ്പോഴും പുറത്തേക്ക് നോക്കുക. മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നമ്മുടെ സന്തോഷം ഇരട്ടിയാകുന്നത്. അത് സന്നദ്ധസേവനമായാലും ബുദ്ധിമുട്ടുന്ന ഒരു സുഹൃത്തിനെ സമീപിക്കുന്നതായാലും ആവശ്യക്കാരനായ ഒരാളെ സഹായിക്കുന്നതായാലും മറ്റുള്ളവരെ സഹായിക്കുന്നത് നമ്മിലെ സന്തോഷം വർധിപ്പിക്കുന്നു.”

വിനോദത്തിലും ലാളിത്യത്തിലും സന്തോഷം കണ്ടെത്താം: വി. ഫിലിപ്പ് നേരി

‘സന്തോഷത്തിന്റെ അപ്പസ്തോലൻ’ എന്നറിയപ്പെടുന്ന വി. ഫിലിപ്പ് നേരി മറ്റുള്ളവരെ ചിരിപ്പിക്കുന്നതിൽ സമർഥനായിരുന്നു. “കാര്യങ്ങൾ അമിതമായി സങ്കീർണ്ണമാക്കരുത്. വിനോദത്തിലും ലാളിത്യത്തിലും സന്തോഷം കണ്ടെത്തണം. ശിശുസഹജമായ അദ്ഭുതാവബോധം നഷ്ടപ്പെടുത്തരുത്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.