‘പ്രതിരോധിക്കാം ആത്മഹത്യയെ’ – സെപ്റ്റംബർ 10, ലോക ആത്മഹത്യാ പ്രതിരോധ ദിനം

“നേര്‍ത്ത വിരലുകള്‍ കൊണ്ട് ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും ഒരു സ്വപ്നം പോലെ ഇനി നിനക്ക് കടന്നുവരാം..” മരണത്തെ സ്വാഗതം ചെയ്തുകൊണ്ട് നന്ദിത കുറിച്ച വരികൾ.

ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ, വിശ്വപ്രസിദ്ധ സാഹിത്യകാരൻ ഏണസ്റ്റ് ഹെമിങ്‌വേ, ചിത്രകാരൻ വിൻസന്റ് വാൻഗോഗ്… ചരിത്രത്തിന്റെ ഇന്നലെകളിലേക്ക് കണ്ണോടിച്ചാൽ പ്രശസ്തിയുടെയും അംഗീകാരങ്ങളുടെയും കൊടുമുടിയിൽ നിൽക്കുമ്പോഴും ആത്മഹത്യയിൽ അഭയം തേടിയ പ്രമുഖരുടെ ഒരു നിര തന്നെ കണ്ടെത്താൻ സാധിക്കും. ഇടപ്പള്ളി രാഘവൻ പിള്ളയും രാജലക്ഷ്മിയും മുതൽ ശോഭയും സിൽക്ക് സ്മിതയും പോലെ എത്രയോ പ്രതിഭകൾ സ്വയം മരണത്തിനു കീഴടങ്ങി നമ്മിൽ നിന്നും മറഞ്ഞുപോയിരിക്കുന്നു.

ലോകത്ത് ആത്മഹത്യാപ്രവണത വര്‍ദ്ധിച്ചുവരുന്നു. എന്നാല്‍ ആത്മഹത്യ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ നാല്പത് സെക്കന്‍ഡിലും ഒരാള്‍ എന്ന രീതിയിലാണ് ലോകത്തെ ആത്മഹത്യാനിരക്ക് എന്ന് ലോകാരാഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. 15-നും 29-നുമിടയില്‍ പ്രായമുള്ളവരുടെ മരണത്തിന്റെ ഒരു പ്രധാന കാരണം ആത്മഹത്യയാണ്.

മാനസിക ആരോഗ്യപ്രശ്നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം എന്നിവ അനുഭവിക്കുന്നവർക്കിടയിലും ലൈംഗിക അതിക്രമങ്ങൾ, പീഡനങ്ങൾ എന്നിവയ്ക്ക് ഇരകളാകുന്നവർ, ലഹരിക്ക് അടിമകളാകുന്നവർ എന്നിവരിലും ആത്മഹത്യാപ്രവണത കൂടുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ആത്മഹത്യ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി 2003 മുതലാണ് സെപ്റ്റംബര്‍ 10 ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിച്ചുതുടങ്ങിയത്. ലോകാരോഗ്യ സംഘടനയും ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് സൂയിസൈഡ് പ്രിവന്‍റേഷനും (ഐഎഎസ്‍പി) സംയുക്തമായാണ് ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നത്. 2021 മുതൽ 2023 വരെയുള്ള ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ മൂന്നു വർഷത്തെ തീം “പ്രവർത്തനത്തിലൂടെ പ്രത്യാശ സൃഷ്ടിക്കുക” എന്നതാണ്. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. നാം ആരും ഒറ്റയ്ക്കല്ല എന്ന സന്ദേശം ലോകം മുഴുവൻ എത്തിക്കാൻ ദിനചാരണം ലക്ഷ്യം വയ്ക്കുന്നു.

കേരളം കേൾക്കണം

ഇന്ത്യയിലെ ആത്മഹത്യാമുനമ്പായിട്ടാണ് കേരളത്തെ പൊതുവെ വിലയിരുത്തുക. പോയ വര്‍ഷം മലയാളനാട്ടിലെ ആത്മഹത്യകൾ 8,500-ൽ നിന്നും 9,549 ആയി വർദ്ധിച്ചു. മുൻവർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ പന്ത്രണ്ട് ശതമാനത്തിന്റെ കുതിച്ചുചാട്ടം. നിരക്ക് ലക്ഷത്തിൽ, 24-ൽ നിന്നും 26.9 ആയി ഉയർന്നു.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു സമൂഹം എന്ന നിലയിൽ നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പരിചയവലയത്തിൽ ആർക്കെങ്കിലും ആത്മഹത്യാപ്രവണതയുണ്ടെന്നു തോന്നിയാൽ മടി കൂടാതെ അവരോട് കാര്യങ്ങൾ ചോദിച്ചറിയണം. മനസ് തുറന്നുള്ള സംസാരങ്ങൾ ആത്മഹത്യയെ ചെറുക്കാൻ സഹായിക്കും.

ജീവിതം മടുത്തു, മുന്നോട്ട് പോകാന്‍ കഴിയില്ല, മരിച്ചേക്കാമെന്നാണ് കരുതുന്നത്… തുടങ്ങിയ വാക്കുകള്‍ ഇത്തരക്കാര്‍ പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ ആരെയെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അവരുടെ പ്രശ്നം എന്താണെന്ന് അടുത്തറിയാന്‍ ശ്രമിക്കണം. ആത്മഹത്യാപ്രവണതയുള്ളവരാണെന്നു തോന്നിയാൽ അവർ അതിന് ശ്രമിച്ചേക്കാവുന്ന മാർഗ്ഗങ്ങൾക്ക് പരമാവധി തടയിടാൻ ശ്രമിക്കണം. ആവശ്യമുള്ളവർക്ക് കൗൺസിലിംഗ്, മനഃശാസ്ത്ര സേവനങ്ങൾ ലഭ്യമാക്കാനും അങ്ങനെ അനേകരെ പ്രത്യാശയുടെ പുതിയ തീരത്തേക്ക് നയിക്കാനും നമുക്ക് കഴിയട്ടെ.

ഡോ. സെമിച്ചൻ ജോസഫ് 
തൃക്കാക്കര ഭാരതമാതാ കോളേജിൽ സാമൂഹ്യപ്രവർത്തന വിഭാഗം അസി. പ്രൊഫസർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.