
ശാരീരികമായ അന്ധതയുടെ ഇരുളിൽ ജീവിക്കുമ്പോഴും തങ്ങളുടെ ‘ആന്തരിക വെളിച്ചം’ കൊണ്ട് ആയിരങ്ങൾക്ക് വഴികാട്ടിയായ നിരവധി വിശുദ്ധർ ഉണ്ട്. ശാരീരികമായ പരിമിതികൾ ആത്മീയമായ ഉന്നതിക്ക് തടസ്സമല്ലെന്ന് ഈ വിശുദ്ധരുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
1. കാസ്റ്റെല്ലോയിലെ വിശുദ്ധ മാർഗരറ്റ് (1287–1320)
ഉപേക്ഷിക്കപ്പെട്ടവരുടെയും വികലാംഗരുടെയും മധ്യസ്ഥയാണ് വി. മാർഗരറ്റ്. ഇറ്റലിയിലെ ഒരു കുലീന കുടുംബത്തിൽ ജനിച്ച മാർഗരറ്റ് ജന്മനാ അന്ധയായിരുന്നു. കൂടാതെ നട്ടെല്ലിന് വളവും ഒരു കാലിന് നീളക്കുറവും ഉണ്ടായിരുന്നു. മകളുടെ വൈകല്യത്തിൽ ലജ്ജിച്ച മാതാപിതാക്കൾ വർഷങ്ങളോളം അവളെ ഒരു പള്ളിയോട് ചേർന്നുള്ള മുറിയിൽ പൂട്ടിയിട്ടു. ഒടുവിൽ അവർ അവളെ കാസ്റ്റെല്ലോ നഗരത്തിൽ ഉപേക്ഷിച്ചു. എങ്കിലും മാതാപിതാക്കൾ ഉപേക്ഷിച്ചെങ്കിലും മാർഗരറ്റ് തളർന്നില്ല. നഗരത്തിലെ ഡൊമിനിക്കൻ സന്യാസികളുടെ അടുക്കൽ അവൾ ഒരു അഭയം കണ്ടെത്തി.
കാഴ്ചശക്തിയില്ലായ്മയും ശാരീരിക വേദനകളും വകവെക്കാതെ അവൾ തടവുകാരെ സന്ദർശിക്കാനും രോഗികളെ പരിചരിക്കാനും കുട്ടികളെ പഠിപ്പിക്കാനും തന്റെ ജീവിതം മാറ്റിവെച്ചു. 2021-ൽ ഫ്രാൻസിസ് മാർപാപ്പ മാർഗരറ്റിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
2. മോസ്കോയിലെ വിശുദ്ധ മാട്രോണ (1881–1952)
ഈസ്റ്റേൺ ഓർത്തഡോക്സ് പാരമ്പര്യത്തിലെ ഏറ്റവും പ്രിയപ്പെട്ട ആധുനിക വിശുദ്ധരിൽ ഒരാളാണ് മാട്രോണ. കണ്ണുകളില്ലാതെയാണ് മാട്രോണ ജനിച്ചത്. എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ അവൾക്ക് അസാധാരണമായ ഒരു ആത്മീയ കാഴ്ചയുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി.
മൈലുകൾക്കപ്പുറത്ത് നിന്ന് തന്നെ കാണാൻ വരുന്നവരെക്കുറിച്ച് മുൻകൂട്ടി അറിയാനും തന്നെ സമീപിക്കുന്നവരുടെ പാപങ്ങളും ആവശ്യങ്ങളും തിരിച്ചറിയാനും അവൾക്ക് കഴിഞ്ഞിരുന്നു. സോവിയറ്റ് കാലഘട്ടത്തിൽ മതം അടിച്ചമർത്തപ്പെട്ടപ്പോൾ മോസ്കോയിലെ ജനങ്ങളുടെ വിശ്വാസത്തിന്റെ വലിയൊരു തൂണായിരുന്നു മാട്രോണ.
ഇന്നും മോസ്കോയിലെ പൊക്രോവ്സ്കി മഠത്തിൽ ആയിരക്കണക്കിന് ആളുകളാണ് രോഗശാന്തിക്കും കുടുംബപ്രശ്നങ്ങൾക്കും മാട്രോണയുടെ മധ്യസ്ഥത തേടി എത്തുന്നത്.
3. അൽസാസിലെ വിശുദ്ധ ഒഡീലിയ (c. 660–720)
കാഴ്ച തിരികെ ലഭിച്ച വിശുദ്ധ എന്ന പ്രത്യേകത ഈ വിശുദ്ധയ്ക്കുണ്ട്. ഫ്രാങ്കിഷ് പ്രഭുവിന്റെ മകളായി ജനിച്ച ഒഡീലിയയെ അന്ധയായി ജനിച്ചതിന്റെ പേരിൽ അച്ഛൻ നിരസിച്ചു. ശേഷം ഒരു മഠത്തിലാണ് അവൾ വളർന്നത്. പാരമ്പര്യമനുസരിച്ച്, 12-ാം വയസ്സിൽ മാമോദീസ സ്വീകരിച്ചപ്പോൾ അവൾക്ക് അത്ഭുതകരമായി കാഴ്ച ലഭിച്ചു. അത്ഭുതകരമായ രോഗശാന്തി ലഭിച്ചതിനാൽ, നേത്രരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ പ്രധാന മധ്യസ്ഥയായി ഒഡീലിയ അറിയപ്പെടുന്നു. പിന്നീട് പിതാവുമായി അനുരഞ്ജനത്തിലായ അവൾ ഫ്രാൻസിലെ വോസ്‌ഗെസ് പർവതനിരകളിൽ ഹോഹൻബർഗ് ആബി സ്ഥാപിച്ചു. ഇത് ഇന്നും ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്.
4. സിറാക്കൂസിലെ വിശുദ്ധ ലൂസി (c. 283–304)
ലൂസി ജന്മനാ അന്ധയായിരുന്നില്ലെങ്കിലും, അന്ധരുടെ ഏറ്റവും പ്രശസ്തയായ മധ്യസ്ഥയായാണ് അവൾ അറിയപ്പെടുന്നത്. ‘ലൂസിയ’ എന്ന പേര് ‘ലക്സ്’ (വെളിച്ചം) എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഉണ്ടായത്. പീഡനകാലത്ത് ലൂസിയുടെ കണ്ണുകൾ കുത്തിക്കവരപ്പെട്ടുവെന്നും എന്നാൽ മരിക്കുന്നതിന് മുമ്പ് ദൈവം അവൾക്ക് കാഴ്ച തിരികെ നൽകിയെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
കലാരൂപങ്ങളിൽ രണ്ട് കണ്ണുകൾ അടങ്ങിയ ഒരു പാത്രം കയ്യിലേന്തിയ രൂപത്തിലാണ് ലൂസിയെ ചിത്രീകരിക്കുന്നത്. ഡിസംബർ 13-നാണ് ലൂസിയുടെ തിരുനാൾ ആഘോഷിക്കുന്നത്.
5. ഷെർബീക്കിലെ വിശുദ്ധ ആലീസ് (c. 1225–1250)
ബെൽജിയത്തിലെ ഒരു മഠത്തിൽ ഏഴാം വയസ്സിൽ ചേർന്ന ആലീസിന് കൗമാരപ്രായത്തിൽ കുഷ്ഠരോഗം ബാധിച്ചു. രോഗം പകരാതിരിക്കാൻ അവളെ ഒരു ചെറിയ കുടിലിലേക്ക് മാറ്റി പാർപ്പിച്ചു. കുഷ്ഠരോഗം കാരണം അവൾക്ക് കാഴ്ചയും ചലനശേഷിയും നഷ്ടപ്പെട്ടു.
കഠിനമായ വേദനകൾക്കിടയിലും ആലീസ് അഗാധമായ ആത്മീയ ദർശനങ്ങൾ അനുഭവിച്ചു. തന്റെ അന്ധതയും ശാരീരികമായ ഒറ്റപ്പെടലും ആത്മാക്കളുടെ രക്ഷയ്ക്കായി അവൾ കാഴ്ചവെച്ചു. ദീർഘകാല രോഗങ്ങളാലും ശാരീരിക വൈകല്യങ്ങളാലും ബുദ്ധിമുട്ടുന്നവരുടെ മധ്യസ്ഥയായാണ് ആലീസ് അറിയപ്പെടുന്നത്.




