ശാസ്ത്രജ്ഞരുടെ മധ്യസ്ഥൻ: മഹാനായ വിശുദ്ധ ആൽബർട്ട്

“ഈ പ്രാണി മറ്റേ പ്രാണിയേക്കാൾ വലുതല്ലല്ലോ!”, “ചില ചെടികൾക്ക് മുള്ളുകളുണ്ട്; മറ്റുചിലതിന്മേൽ മുൾച്ചെടികളുണ്ട്.” തന്റെ പിതാവിന്റെ വിസ്തൃതമായ ഭൂമിയിലൂടെ അലഞ്ഞുനടക്കുമ്പോൾ ഈ ജർമ്മൻ പയ്യന്റെ കണ്ണ് ചെറിയ കാര്യങ്ങളിൽ ഉടക്കിനിന്നിരുന്നു.

തെക്കൻ ജർമ്മനിയിൽ, ഡാന്യൂബ് നദിയുടെ തീരത്തുള്ള ലൗവിങ്കെൻ എന്ന ചെറിയ ഗ്രാമത്തിലാണ് 1206 -ലാണ് ആൽബർട്ട് ജനിച്ചത്. സമ്പന്നനായ ഒരു പ്രഭുവിന്റെ മൂത്തമകനായിരുന്നു അവൻ. മറ്റുള്ളവർ പ്രകൃതിയെപ്പറ്റി പഠിക്കാൻ പുസ്തകങ്ങൾ വായിച്ചപ്പോൾ ആൽബർട്ട് പ്രകൃതിയെത്തന്നെ വായിച്ചുകൊണ്ടായിരുന്നു അത് സാധിച്ചെടുത്തത്. അവന്റെ പ്രദേശത്തുള്ള പക്ഷികളെപ്പറ്റി അവൻ എഴുതി. പരുന്തിനെയും കഴുകനെയും നോക്കിയിരിക്കാൻ അവനു താല്പര്യമായിരുന്നു. ഡാന്യൂബ് നദിയിലെ മത്സ്യങ്ങളുടെ സഞ്ചാരമാർഗം നിരീക്ഷിച്ചറിഞ്ഞു. ശ്രമകരമായ നിരീക്ഷണപാടവവും പരീക്ഷണങ്ങളും പ്രകൃതിശാസ്ത്രത്തെക്കുറിച്ച് അത്രയ്ക്കും അറിവാണ് അവനു നൽകിയതെന്നതിനാൽ, ഒരു ജാലവിദ്യക്കാരൻ എന്ന പഴി അവന് പിന്നീട് കേൾക്കേണ്ടിവന്നു. ഒരു മനുഷ്യന് സ്വഭാവികമായി ഇത്രയ്ക്കും അറിവുണ്ടാകാൻ ബുദ്ധിമുട്ടാണെന്ന മാനുഷികചിന്തയായിരുന്നു അതിന് കാരണം.

1941 -ൽ പന്ത്രണ്ടാം പീയൂസ് പാപ്പ വി. ആൽബർട്ടിനെ പ്രകൃതിശാസ്ത്രം (natural science) പഠിക്കുന്നവരുടെയെല്ലാം സ്വർഗീയമധ്യസ്ഥനായി പ്രഖ്യാപിച്ചു. ആ കാലഘട്ടത്തിലെ എന്നല്ല ഒരു യുഗത്തിന്റെ തന്നെ പ്രമുഖനായ സയന്റിസ്റ്റ് ആയിരുന്നു ആൽബർട്ട്. ആൽബർട്ടിന് പ്രകൃതിശാസ്ത്രം എന്നുവച്ചാൽ വസ്തുതകൾ ശേഖരിക്കുന്നതുമാത്രമല്ല, അത് ഒരു അന്വേഷണത്തിനുള്ള തുടക്കം മാത്രമായിരുന്നു. ഈ വസ്തുതകൾ പരസ്പരം ബന്ധിപ്പിക്കുമ്പോൾ ആ സംയോജനം അതുപോലുള്ള വേറെ കുറെ കാരണങ്ങളുടെ സാധ്യതകളിലേക്ക് വഴിതുറക്കും. അതിലെല്ലാം പരീക്ഷണങ്ങൾ നടത്തി ശരിയായിട്ടുള്ള കാരണം കണ്ടെത്തി ഉപസഹരിക്കണം. അങ്ങനെ, ആൽബർട്ട് മധ്യകാലഘട്ടത്തിലെ ആളുകളുടെ ശാസ്ത്രപരമായ അറിവ് വർധിക്കാനും അഭിവൃദ്ധിപ്പെടാനും കാരണമായി. റോജർ ബേക്കണിന്റെ ഒപ്പം ആൽബർട്ടും പരീക്ഷണാടിസ്ഥാനത്തിലുള്ള ശാസ്ത്രത്തിന്റെ മുന്നോടിയായി കരുതപ്പെടുന്നു.

പാദുവയിലെ യൂണിവേഴ്സിറ്റിയാണ് ആൽബർട്ട് പഠനത്തിനായി തിരഞ്ഞെടുത്തത്. പ്രകൃതിയെക്കുറിച്ചുള്ള വിശദമായ അവന്റെ നിരീക്ഷണങ്ങൾവഴി, സൃഷ്ടികളുടെ രഹസ്യമാത്മകത മാത്രമല്ല, സൃഷ്ടാവിന്റെ മഹത്വവും ആൽബർട്ടിന് വെളിപ്പെട്ടുകിട്ടി. അറിവിനോടൊപ്പം ചേർന്ന് ദൃഢമായ ഭക്തി, തന്റെ മതത്തെ കൂടുതൽ തുറവിയോടെയും തീവ്രമായും പിഞ്ചെല്ലാൻ അവനെ സഹായിച്ചു. പാദുവയിൽ അപ്പോൾ സ്ഥാപിതമായിരുന്ന ഡൊമിനിക്കൻ ചാപ്പൽ, Santa Maria delle Grazie (Holy Mary of Graces) അവൻ കൂടെക്കൂടെ സന്ദർശിക്കാൻ തുടങ്ങി.

അവിടെ ഡൊമിനിക്കൻസിന്റെ രണ്ടാം മാസ്റ്റർ ജനറൽ ആയിരുന്ന സാക്സണിയിലെ വാഴ്ത്തപ്പെട്ട ജോർഡനിന്റെ പ്രഭാഷണങ്ങളിൽ ആൽബർട്ട് ആകൃഷ്ടനായതിൽ അതിശയമൊന്നുമില്ല. പ്രാർഥന, ധ്യാനം, പഠനം എന്നിവയോടുകൂടി പ്രസംഗവും പ്രബോധനവും കൂട്ടിച്ചേർക്കാൻ കഴിവുള്ള മിടുക്കരായ വിദ്യാർഥികളെ തേടി പാദുവയിൽ എത്തിയതായിരുന്നു അദ്ദേഹം. അങ്ങനെ 1223 -ൽ ആൽബർട്ട് ഡൊമിനിക്കൻ സഭയിലെ അംഗമായി.

ഭൗതികശാസ്ത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ധാതുശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം ഇതെല്ലാം അനായാസേന ഈ ബഹുമുഖപ്രതിഭയ്ക്ക് വശപ്പെട്ടു. പ്രകൃതിശാസ്ത്രത്തോട് തത്വശാസ്ത്രവും ദൈവശാസ്ത്രവും ആൽബർട്ട് കൂട്ടിചേർത്തു. ഡൊമിനിക്കൻ സഭയിലെ വിവിധ കോൺവെന്റുകളിൽ അദ്ദേഹം പഠിപ്പിക്കാൻ ആരംഭിച്ചു.

അധ്യാപകൻ, പ്രൊവിൻഷ്യാൽ, ബിഷപ്പ്

1228 -ൽ കൊളോണിൽ പഠിപ്പിക്കാൻ തുടങ്ങി. പിന്നീട് അധ്യയനത്തിൽ സൂപ്പർവൈസറായി, റാറ്റിസ്ബണിലും സ്ട്രാസ്സ്ബർഗിലുമെല്ലാം പഠിപ്പിച്ചു. പാരീസ് യൂണിവേഴ്സിറ്റിയിൽ പഠിപ്പിച്ച ആൽബർട്ടിന് ഡോക്ടറേറ്റും ലഭിച്ചു.

അന്ന് യൂറോപ്പിലെ ഏറ്റവും വലിയ പട്ടണം പാരീസ് ആയിരുന്നു. ബൗദ്ധികമായി ഉത്തേജിപ്പിക്കുന്ന അവിടത്തെ അന്തരീക്ഷം ആൽബെർട്ടിലെ ഏറ്റവും മികച്ചതിനെ പുറത്തുകൊണ്ടുവന്നു. അരിസ്റ്റോട്ടിലിന്റെ ചിന്തകളാൽ സ്വാധീനിക്കപ്പെട്ട് ആ മഹാനായ തത്വചിന്തകന്റെ രചനകളെക്കുറിച്ചും നിരൂപണങ്ങളെക്കുറിച്ചും പഠനം നടത്തി.

ജർമ്മനിയിലേക്കു മടങ്ങിയ ആൽബർട്ട് 1254 -ൽ ഡൊമിനിക്കൻസിന്റെ പ്രയർ പ്രൊവിൻഷ്യാളായി തിരഞ്ഞെടുക്കപ്പെട്ടു. കുറെയേറെ യാത്രകൾ നടത്തേണ്ടിവന്നു. നാല്പതിലധികം ഡൊമിനിക്കൻ ആശ്രമങ്ങൾ സന്ദർശിച്ച് ആയിരത്തിലധികം സഹോദരരെ വ്യക്തിപരമായി കണ്ടു. പഠനം തുടരാനായി 1257 -ൽ തൽസ്ഥാനത്തുനിന്ന് വിരമിച്ചു.

അലക്സാണ്ടർ നാലാമൻ പാപ്പയുടെ സ്വകാര്യ തിയോളജിയനും കാനനിസ്റ്റുമായി കുറച്ചുകാലം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കഴിവുകൾ ബോധ്യമായ പോപ്പ് റാറ്റിസ്ബണിന്റെ ബിഷപ്പായി, 1260 -ൽ ആൽബർട്ടിനെ നിയമിച്ചു. പിന്നീട് ഊർബൻ നാലാം പാപ്പ ആൽബർട്ടിനെ സഭയ്ക്ക് ഒരു ഗവേഷകനും പണ്ഡിതനും തത്വശാസ്ത്ര, ദൈവശാസ്ത്ര അധ്യാപകനുമൊക്കെയായി ആവശ്യമുണ്ട് എന്ന തിരിച്ചറിവിൽ വിരമിക്കാൻ അനുവദിച്ചു.

മികച്ച അധ്യാപകനും പേരുകേട്ട പണ്ഡിതനും മാത്രമല്ല, അനുവാചകരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നവിധത്തിൽ ദൈവസ്നേഹത്തെക്കുറിച്ച് ഹൃദയത്തിൽനിന്നു സംസാരിച്ചിരുന്ന പ്രാസംഗികൻ കൂടിയായിരുന്നു. സദസ്സിലുള്ളവർക്ക്, ഓർമ്മയിൽ സൂക്ഷിക്കാനും പിന്നീട് ആവർത്തിച്ചുപറഞ്ഞ് തങ്ങളുടെ വിശ്വാസത്തെ ജ്വലിപ്പിക്കാനും തീക്ഷ്ണതയുള്ളതാക്കാനും കഴിയുന്നതരത്തിൽ മനോഹരമായ പ്രാർഥനകൾ അവർക്കായി ആൽബർട്ട് രചിക്കാറുണ്ടായിരുന്നു. പരിശുദ്ധ കുർബാനയെപ്പറ്റിയും പരിശുദ്ധ അമ്മയെപ്പറ്റിയുമുള്ള പ്രഭാഷണങ്ങളുടെ പേരിലും ആൽബർട്ട് പ്രശസ്തനായിരുന്നു.

അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തനായ വിദ്യാർഥി 

പാരീസിൽ 1245 -നും 1248 -നുമിടയ്ക്ക് പഠിപ്പിക്കുമ്പോൾ ആൽബർട്ടിന് ഒരു യുവ ഇറ്റാലിയൻ സഹോദരനെ പഠിപ്പിക്കാൻ ഭാഗ്യമുണ്ടായി. വി. തോമസ് അക്വീനാസ് ആയിരുന്നു അത്. തോമസ് വളരെ കുറച്ച് സംസാരിച്ചിരുന്നവനും വണ്ണമുള്ള പ്രകൃതക്കാരാനും ആയിരുന്നതുകൊണ്ട് ക്ലാസിലെ മറ്റു വിദ്യാർഥികൾ ഊമക്കാള എന്നാണ് അവനെ വിളിച്ചിരുന്നത്. ചിരിക്കുന്ന മറ്റു വിദ്യാർഥികളോട് ആൽബർട്ട് പറഞ്ഞു: “ഈ ചെറുപ്പക്കാരനെ നിങ്ങൾ ഊമക്കാള എന്നു വിളിക്കുന്നു. പക്ഷേ, ഒരു ദിവസം അവന്റെ മുക്രയിടൽ ലോകം മുഴുവനിലും പ്രതിധ്വനിക്കും.”

തോമസ് പാണ്ഡിത്യത്തിലും പ്രശസ്തിയിലും വളരെവേഗം തന്റെ പ്രൊഫസറെ മറികടന്നു. തോമസിന്റെ കഴിവ് തിരിച്ചറിഞ്ഞ ആൽബർട്ട് അവനെ കൊളോണിൽ വിദ്യാർഥികളുടെ മാസ്റ്റർ ആയി നിയമിച്ചു.

1256 -ൽ വി. ആൽബർട്ട്, വി. തോമസ് അക്വീനാസ് എന്നിവർ ഫ്രാൻസിസ്കനായ വി. ബൊനവെഞ്ചറിന്റെ കൂടെ പോപ്പിനുമുമ്പിൽ ഡൊമിനിക്കൻ സഭയുടെയും ഫ്രാൻസിസ്കൻ സഭയുടെയും നിയമവലിയെയും അവകാശങ്ങളെയും വിജയകരമായി പ്രതിരോധിച്ചു. 1274 -ൽ ആൽബർട്ട് ലിയോൻസിലെ കൗൺസിലിൽ പങ്കെടുത്ത് ഗ്രീക്ക് സഭയുടെയും റോമിന്റെയും ഒരുമിക്കലിനു സജീവമായ പങ്കുവഹിച്ചു. തോമസ് അക്വീനാസും അതിൽ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും മാർഗമധ്യേ മരിച്ചു. ദുഖാർത്തനായ ആൽബർട്ട് ആശ്രമവാസികളോട് തോമസിന്റെ മരണത്തെപ്പറ്റി അറിയിച്ചത് ഇങ്ങനെയായിരുന്നു: “സഭയിലെ പ്രകാശം അണഞ്ഞിരിക്കുന്നു.” പിന്നീട് ജീവിതകാലം മുഴുവൻ, തന്റെ വിദ്യാർഥിയും സഹപ്രവർത്തകനും സുഹൃത്തുമായ തോമസിനെപ്പറ്റി എപ്പോൾ സംസാരിച്ചാലും അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

സാർവത്രിക വേദപാരംഗതൻ

ആൽബർട്ടിന്റെ ധിഷണാപരമായ കീർത്തി അതിരറ്റതായിരുന്നു. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ താല്പര്യം, നിരീക്ഷണത്തിനും പരീക്ഷണത്തിനും നൽകിയ അകമഴിഞ്ഞ പിന്തുണ, അങ്ങനെ ഓരോന്നും അദ്ദേഹമടങ്ങുന്ന അന്വേഷകരുടെ പുതിയ ശാസ്ത്രം പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്രവിപ്ലവമായി പരിണമിക്കാനിടയാക്കി.

പാരീസ് യൂണിവേഴ്സിറ്റിയിൽ 1245 -നും 1248 -നും പഠിക്കുന്നതിനിടയ്ക്ക് മാനുഷിക അറിവിനെയെല്ലാം ഒന്നായി ശേഖരിച്ചുകൊണ്ട് പ്രകൃതിശാസ്ത്രം, തർക്കശാസ്ത്രം, വാചാടോപം, ഗണിതശാസ്ത്രം, നീതിശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, തത്വമീമാംസ തുടങ്ങിയ ശാഖകളെയെല്ലാം ആലിംഗനം ചെയ്തുകൊണ്ടുള്ള ബ്രഹത്തായ ഒരു യത്നത്തിന് തുടക്കമിട്ടു. അടുത്ത 20 വർഷങ്ങൾ ഈ പ്രോജക്റ്റിനും മറ്റു സേവനത്തിനുമായി വിഭജിച്ചു. അദ്ദേഹത്തിന്റെ ധിഷണാശക്തിയും അറിവും അത്രയ്ക്കും ഉയർന്നതായതുകൊണ്ട് അദ്ദേഹത്തിന്റെ സമകാലീനർ ആൽബർട്ട് ജീവിച്ചിരിക്കുമ്പോൾതന്നെ മഹാനായ ആൽബർട്ട് (Albert the Great) എന്നുവിളിക്കുകയും സാർവത്രിക ആചാര്യൻ (Universal Doctor) എന്തിനെപ്പറ്റിയും പഠിപ്പിക്കാൻ കഴിവുള്ളവൻ – എന്ന സ്ഥാനം നൽകുകയുംചെയ്തു.

പത്തൊൻപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ച വി. ആൽബർട്ടിന്റെ രചനകൾ 38 വാല്യങ്ങളുണ്ട്. ഭൗതികശാസ്ത്രം, രസതന്ത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ധാതുശാസ്ത്രം, ജീവശാസ്ത്രം… ഇതിലെല്ലാം ആധികാരികതയുള്ളവനായിരുന്നു ആൽബർട്ട്. സസ്യശാസ്ത്രത്തിലും, മനുഷ്യ-ജന്തുശരീരശാസ്ത്രത്തിലുമുള്ള പ്രബന്ധങ്ങളുടെ പേരിൽ അദ്ദേഹം പ്രസിദ്ധനായിരുന്നു. അരിസ്റ്റോട്ടിലിന്റെ രചനകൾ ക്രിസ്ത്യൻ പ്രമാണങ്ങൾക്കനുസൃതമായി ആൽബർട്ട് വീണ്ടും അവതരിപ്പിച്ചു.

ആൽബർട്ട് യഥാർഥത്തിൽ മഹാനായ ഒരു മനുഷ്യൻ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ സമകാലീനരിൽ ആർക്കും അദ്ദേഹത്തിന്റെ വ്യക്തിത്വനൈപുണ്യത്തിന്റെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ല. അക്കാലത്തെ ‘അത്ഭുതമായും’ ‘ആശ്ചര്യമായും’ ആണ് ആൽബർട്ട് അറിയപ്പെട്ടിരുന്നത്. പ്രകൃത്യാലുള്ള കഴിവെന്ന സമ്പത്തിന്റെ കൂടെ ദൈവകൃപയും നന്മയും കൂടിച്ചേർന്നു. ആൽബർട്ട്, സുഹൃത്തും വിദ്യാർഥിയുമായ തോമസ് അക്വീനാസിന്റെ കൂടെ ചേർന്നപ്പോൾ ബുദ്ധിവൈഭവവും ഉയർന്ന ആത്മീയതയും കൂടിയുള്ള സമ്മേളനമായിരുന്നു.

ആൽബർട്ട് എളിമയോടുകൂടിയ, പ്രാർഥനയുടെ മനുഷ്യനായിരുന്നു. വി. ഡൊമിനിക്കിന്റെ തീക്ഷ്ണതയുള്ള പുത്രൻ. പൗരോഹിത്യ, അപ്പസ്തോലിക മാതൃകയിൽനിന്നുള്ള പ്രചോദനമായിരുന്നു ഓരോ കാരുണ്യ-സാംസ്‌കാരികപ്രവൃത്തിയിലും നിഴലിച്ചത്. മഹത്തായ പാണ്ഡിത്യവും ആകർഷകമായ വിശുദ്ധിയും സമ്മേളിച്ച അപൂർവ വ്യക്തിത്വം.

വിശുദ്ധവണക്കത്തിലേക്ക്

1278 -ൽ ഒരു പ്രഭാഷണത്തിനിടയിൽ ആൽബർട്ടിന്റെ ഓർമ്മ നശിച്ചു.  പ്രാർഥനയും ദൈവമാതാവിനോടുള്ള പുത്രനുചേർന്ന വണക്കവും ഇഴചേർത്തുള്ള ശാന്തമായ ജീവിതത്തിലേക്കു പ്രവേശിച്ചു. ഒരു വലിയ മരക്കസേരയിൽ ഡൊമിനിക്കൻ സഹോദരരുടെ ഇടയിലിരുന്ന് അവർ പാടുന്ന Salve Regina (പരിശുദ്ധ രാജ്ഞി) ജപം കേട്ടുകൊണ്ടിരിക്കവെ 1280 നവംബർ 15 -ന് ആൽബർട്ട് തന്റെ ആത്മാവിനെ ദൈവകരങ്ങളിൽ സമർപ്പിച്ചു.

വിശുദ്ധവണക്കത്തിലേക്കുള്ള ആൽബർട്ടിന്റെ വഴി സാധാരണക്രമത്തിലായിരുന്നില്ല. സ്പഷ്ടമായ വിധത്തിലുള്ള നാമകരണപ്രക്രിയ ആൽബർട്ടിന്റെ കാര്യത്തിലുണ്ടായിട്ടില്ല. 1484 -ൽ ഇന്നസെന്റ് എട്ടാമൻ പാപ്പ ഡൊമിനിക്കൻസിന് ആൽബർട്ടിന്റെ അൾത്താരവണക്കത്തിനും തിരുനാൾ ആഘോഷിക്കാനുമായുള്ള അനുവാദം നൽകി. ഇതായിരുന്നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിനുതുല്യമായി കണക്കാക്കിയത്. ശേഷം 1931 -ൽ പീയൂസ് പതിനൊന്നാമൻ പാപ്പ ആൽബർട്ടിനെ സഭയിലെ വേദപാരംഗതനായി പ്രഖ്യാപിച്ചു;അതിനോടൊപ്പം വിശുദ്ധപദവിയിലേക്ക് ഉയർത്തിയതായും കണക്കാക്കപ്പെട്ടു.

വി. ആൽബർട്ടിന്റെ ഓർമ്മതിരുനാളിൽ സഭ പ്രാർഥിക്കുന്നു: “കർത്താവായ ദൈവമേ, മനുഷ്യബുദ്ധിയും ദൈവവിശ്വാസവും ഒന്നായി ചേർക്കാനുള്ള കൃപ വി. ആൽബർട്ടിന് നൽകിയതുവഴി അദ്ദേഹത്തെ മഹാനായി ഉയർത്തിയല്ലോ. ശാസ്ത്രത്തിന്റെ ഓരോ മുന്നേറ്റവും അങ്ങയെക്കുറിച്ചുള്ള ആഴമായ അറിവിലേക്കും സ്നേഹത്തിലേക്കും നയിക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രബോധനം പിന്തുടരാനുള്ള കൃപ ഞങ്ങൾക്ക് നല്കണമേ.”

മഹാനായ വിശുദ്ധ ആൽബർട്ടിന്റെ തിരുനാൾ മംഗളങ്ങൾ!

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.