പുരോഹിതശാസ്ത്രജ്ഞർ 116: ഇവാൻ രാത്കജ് (1647-1683)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ക്രൊയേഷ്യയിൽ ജനിച്ച് മെക്സിക്കോയിൽ ജീവിച്ച ഒരു പര്യവേഷകനും ഭൂപടവിദഗ്ധനും മിഷനറിയുമാണ് ഇവാൻ രാത്കജ്. സുവിശേഷ പ്രഘോഷണത്തിന് ആളുകളുടെ ഭാഷ മാത്രമല്ല, ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും അവിടത്തെ ജനങ്ങളുടെ ജീവിതവും അടുത്തറിയണമെന്ന് വിശ്വസിച്ചിരുന്ന ആളാണ്‌ അദ്ദേഹം. മുപ്പത്തിയാറാമത്തെ വയസ്സിൽ മരിച്ചെങ്കിലും അദ്ദേഹത്തിന്റെ മിഷനറി പൈതൃകവും ശാസ്ത്രീയ സംഭാവനകളും ഇന്നും വിലമതിക്കപ്പെടുന്നു.

1647-ൽ ക്രൊയേഷ്യയിലെ രാത്കജ് എന്ന പ്രഭുകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സ്‌കൂൾ പഠനം പൂർത്തിയാക്കിയതിന് ശേഷം 1664-ൽ അദ്ദേഹം ജെസ്വിട്ട് സന്യാസ സഭയിൽ ചേർന്നു. ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിൽ അദ്ദേഹം തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. പിന്നീട് ഗൊറീസിയ, സഗ്രേബ് എന്നീ നഗരങ്ങളിലെ സ്‌കൂളുകളിൽ അദ്ദേഹം ലത്തീൻ ഭാഷ പഠിപ്പിച്ചു. ഇവാൻ രാത്കജ് പഠനം പൂർത്തിയാക്കിയപ്പോൾ അദ്ദേഹത്തെ അധ്യാപന ജോലി ഏൽപിക്കാനാണ് അധികാരികൾ താൽപര്യപ്പെട്ടത്. എന്നാൽ ഇവാൻ രാത്കജിന്റെ ആഗ്രഹം മെക്സിക്കോയിൽ ഒരു മിഷനറി ആയി ജീവിക്കണമെന്നതായിരുന്നു. അവസാനം അദ്ദേഹത്തിന്റെ അഭിലാഷം മാനിച്ചുകൊണ്ട് 1680-ൽ പുതിയ സ്പെയിൻ എന്നറിയപ്പെട്ടിരുന്ന മെക്സിക്കോയിലേക്ക് അദ്ദേഹത്തെ അയച്ചു. ഈ പ്രദേശത്തെക്കുറിച്ചു ഇക്കാലയളവിൽ വിരളമായ അറിവേ യൂറോപ്യൻ ജനതയ്ക്ക് ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, ജെസ്വിട്ട് മിഷനറിമാർ ഈ പ്രദേശങ്ങളിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്ന സമയമായിരുന്നു.

ഇവാൻ രാത്കജിനെ മെക്സിക്കോയുടെ വടക്കൻ പ്രദേശത്തുള്ള റിയോ ഗ്രാന്തേയിലെ സൊണോരയിലേക്കാണ് അധികാരികൾ അയച്ചത്. ഇവാൻ രാത്കജ് ഇവിടെ ആത്മീയമായ അനേകം വെല്ലുവിളികളും നേരിട്ടു. സാധാരണക്കാർക്ക് ഈ പ്രദേശങ്ങളിൽ ചെന്നെത്തുക പ്രയാസമായിരുന്നു. മാത്രമല്ല, വലിയ ഭക്ഷണക്ഷാമവും മറ്റ് പ്രാഥമിക സൗകര്യങ്ങളും ഇവിടെയെങ്ങും ഉണ്ടായിരുന്നില്ല. എന്നാൽ ഈ വെല്ലുവിളികളെ നേരിടാനുള്ള മനസ്ഥൈര്യം ഇവാൻ രാത്കജിനുണ്ടായിരുന്നു. ഇവാൻ രാത്കജിനെ ഒരു മിഷനറി എന്നതിനേക്കാൾ ഒരു ശാസ്ത്രജ്ഞൻ എന്ന രീതിയിലാണ് ആളുകൾ ബഹുമാനിച്ചിരുന്നത്. അദ്ദേഹം അവിടുത്തെ ഭൂമിശാസ്ത്രം, ആവാസവ്യവസ്ഥകൾ, നദികൾ, മലകൾ എന്നിവയെക്കുറിച്ചൊക്കെ പഠിക്കുകയും അത് അവിടത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി ഉപയോഗിക്കുകയും ചെയ്തു. ഈ പ്രദേശത്തെക്കുറിച്ചുള്ള യാതൊരു ഭൂപടങ്ങളും ഇല്ലാതിരുന്ന കാലത്ത് അതൊക്കെ നിർമ്മിക്കാനുള്ള പരിശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചു. 1681-ൽ അദ്ദേഹം രൂപപ്പെടുത്തിയ ഭൂപടമാണ് വടക്ക്-കിഴക്കൻ മെക്സിക്കോയുടെ ആദ്യ കൃത്യതയുള്ള ഭൂപടം. അദ്ദേഹത്തിന്റെ ഈ ഭൂപടം ആ പ്രദേശങ്ങളുടെ വികസനത്തിന് വളരെയധികം സഹായം ചെയ്തിട്ടുണ്ട്. ഇതിൽ പ്രദേശങ്ങൾ തമ്മിലുള്ള അകലം കൃത്യമായി രൂപപ്പെടുത്തിയിരിക്കുന്നതിനാൽ യൂറോപ്പിലുള്ള ശാസ്ത്രജ്ഞന്മാർക്ക് ഈ പ്രദേശങ്ങളെക്കുറിച്ചു കൂടുതൽ അറിയുന്നതിന് ഇടയായി.

ഈ പ്രദേശങ്ങളിലെ ഭൂമിശാസ്ത്രം പഠിച്ചതുകൂടാതെ അവിടുത്തെ ആദിവാസി ജീവിതത്തെക്കുറിച്ചു അദ്ദേഹം ആഴത്തിൽ പഠിക്കുകയും എഴുതുകയും ചെയ്തു. പ്രാദേശിക സംസ്കാരം, ഭാഷകൾ, സാമൂഹിക ഘടന എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം എഴുതി. ആധുനിക ചരിത്രകാരന്മാർക്ക് ഈ പ്രദേശത്തെക്കുറിച്ചും അവിടത്തെ പുരോഗതിയെക്കുറിച്ചുമൊക്കെ പഠിക്കാൻ അദ്ദേഹത്തിന്റെ രചനകൾ വളരെയധികം സഹായകമായിട്ടുണ്ട്.

ഈ പ്രദേശത്തെ ജീവിതം അദ്ദേഹത്തെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. പ്രതികൂല കാലാവസ്ഥ, രോഗങ്ങൾ, ഒറ്റപ്പെടലുകൾ, നിരവധി എതിർപ്പുകൾ എന്നിവയൊക്കെ നേരിട്ടുകൊണ്ടാണ് അദ്ദേഹം ഇവിടെ തന്റെ ശാസ്ത്ര-സുവിശേഷ പ്രവർത്തനങ്ങൾ നിർവഹിച്ചത്. എന്നാൽ ഈ പ്രദേശത്തെ സാധാരണക്കാരെപ്പോലെ ലളിത ജീവിതം നയിച്ച് അവരുടെ കഷ്ടപാടുകളിൽ പങ്കുപറ്റി അദ്ദേഹം അവരുടെ വിശ്വാസ്യത നേടിയെടുത്തു. ഇവാൻ രാത്കജിന്റെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ പരീക്ഷണ ശാലകളിൽ നടത്തിയതല്ല, ജനങ്ങളുടെ കൂടെ ജീവിച്ചു അനുഭവത്തിൽ നിന്നും രൂപപ്പെടുത്തിയവയാണ്. 1683-ൽ മുപ്പത്തിയയാറാമത്തെ വയസ്സിൽ അവിടുത്തെ കഠിന ജീവിത സാഹചര്യങ്ങൾ കാരണം അദ്ദേഹം മരിക്കുകയാണുണ്ടായത്. ക്രൊയേഷ്യയിലും മെക്സിക്കോയിലും അദ്ദേഹത്തെ വളരെ വാത്സല്യത്തോടെയാണ് ആളുകൾ അനുസ്മരിക്കുന്നത്. ധൈര്യത്തിന്റെയും, ബുദ്ധിവൈഭവത്തിന്റെയും മിഷനറി സമർപ്പണത്തിന്റെയും പ്രതീകമായിട്ടാണ് അദ്ദേഹത്തെ ഈ പ്രദേശങ്ങളിലെ ജനത കാണുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.