സീറോ മലങ്കര ഒക്ടോബർ 07 ലൂക്കാ 1: 46-55 മറിയത്തിന്റെ സ്തോത്രഗീതം

മറിയത്തിന്റെ സ്തോത്രഗീതമാണ് ജപമാലത്തിരുനാളായ ഇന്ന് നമുക്ക് വിചിന്തനത്തിനായി ലഭിക്കുക. ദൈവം തന്റെ ജീവിതത്തിൽ നടത്തിയ വലിയ പ്രവർത്തികൾ കണ്ടിട്ട് സന്തോഷിക്കുന്ന, ദൈവത്തിന് സ്തോത്രം കരേറ്റുന്ന പരിശുദ്ധ അമ്മയെ ആണ് നമ്മൾ കാണുന്നത്.

പരിശുദ്ധ അമ്മ ഭാഗ്യവതി അല്ലെങ്കിൽ വാഴ്ത്തപ്പെട്ടവളാണെന്ന് നാം കാണുന്നു. ഫേസ്ബുക്കിലൊക്കെ നാം നിരന്തരം കണ്ടുമുട്ടുന്ന ഒരു ടാഗ്‌ലൈൻ ആണ് “feeling blessed.” നമ്മുടെ ജീവിതപരിസരങ്ങളിലെ ഏറ്റവും സന്തോഷകരമായ കാര്യങ്ങളെ നമ്മൾ ആഘോഷിക്കുന്നതാണ് ഇത്. പക്ഷേ, പരിശുദ്ധ അമ്മയുടെ ജീവിതം പരിശോധിക്കുമ്പോൾ ഇതിൽനിന്നൊക്കെ ഏറെ വ്യത്യസ്തമാണ്. ജീവിതത്തിൽ ഒരു പെൺകുട്ടി നേരിടേണ്ടിവന്ന ഏറ്റവും മോശമായ സാഹചര്യത്തിൽ നിന്നുകൊണ്ടാണ് അവൾ തന്റെ കർത്താവിൽ ആനന്ദിക്കുന്നത്. “എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇടവിടാതെ പ്രാർഥിക്കുവിന്‍. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ്‌ യേശുക്രിസ്‌തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം” (1 തെസ 5: 16-18).

പരിശുദ്ധ അമ്മ അനുഗ്രഹിക്കപ്പെട്ടവൾ മാത്രമല്ല, ലോകത്തിനുമുഴുവൻ അനുഗ്രഹമായിത്തീർന്നവളാണ്. പൂർണ്ണമായി എളിമയിലൂടെ അനുഗ്രഹമായവൾ. ദൈവത്തിന്റെ രക്ഷയെ വിലയിടാൻ പറ്റാത്ത ധനത്തെ ഭൂമിക്ക് നൽകിയവൾ.

ഫാ. ജോസഫ് കുടിലിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.