പുരോഹിതശാസ്ത്രജ്ഞർ 22: തോമസ് ലിനാക്രെ (1460–1524) 

ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു മനുഷ്യസ്നേഹിയും ഭിഷഗ്വരനും പണ്ഡിതനുമായിരുന്നു തോമസ് ലിനാക്രെ. ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ ഒരു കോളേജും കാന്റർബറിയിലെ ഒരു ബോർഡിങ്‌ സ്‌കൂളും ലിനാക്രെയുടെ പേരിൽ അറിയപ്പെടുന്നത് ഇദ്ദേഹത്തിന്റെ വലിയ സ്വാധീനത്തിന്റെ തെളിവാണ്. ഗ്രീക്ക് ഭാഷ നന്നായി പഠിക്കുകയും അത് ഇംഗ്ലണ്ടിലെ പാഠ്യവിഷയമാക്കുകയും ചെയ്ത ആദ്യ ഇംഗ്ലീഷുകാരനാണ് ഇദ്ദേഹം. ഇറാസ്മസിനെ പോലെയുള്ള പണ്ഡിതരും ഹെൻറി  ഏഴാമന്റെ മകനായ ആർതർ രാജകുമാരനെപ്പോലെയുള്ളവരുമാണ് അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഹെൻറി എട്ടാമൻ രാജാവിന്റെ ഡോക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെ ചെസ്റ്റർഫീൽഡിനടുത്തുള്ള ബ്രാംപ്‌റ്റൻ നഗരത്തിലാണ് ലിനാക്രെ ജനിച്ചത്. കാന്റർബറി കത്തീഡ്രൽ സ്‌കൂളിലാണ് അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. ഇവിടെ ഇദ്ദേഹത്തിന്റെ ഗുരുവായിരുന്ന വില്യം സെല്ലിങ് പിന്നീട് കാന്റർബറി ആശ്രമ സുപ്പീരിയർ ആയിത്തീർന്നു. ലിനാക്രെ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ ചേർന്ന് ബിരുദപഠനം പൂർത്തിയാക്കി. ഹെൻറി ഏഴാമൻ രാജാവ് സെല്ലിങ്ങിനെ തന്റെ സ്ഥാനപതിയായി റോമിൽ നിയമിച്ചപ്പോൾ ലിനാക്രെയും അദ്ദേഹത്തെ അനുഗമിച്ചു. എന്നാൽ ബൊളോഞ്ഞയിൽ വച്ച് അവർ വേർപിരിയുകയും ലിനാക്രെ തന്റെ പഠനം തുടരുകയും ചെയ്തു. ഇവിടെ നിന്നും ഫ്ലോറൻസിൽ എത്തിയപ്പോൾ ലോറൻസോ ദേ മെഡിച്ചിയുടെ മക്കളെ പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഇളയ മകനും ലിനാക്രെയുടെ ശിഷ്യനുമായിരുന്ന ജിയോവാന്നി പിന്നീട് ലിയോ പത്താമൻ മാർപാപ്പ ആയിത്തീർന്നു. ഇറ്റലിയിലെ പാദുവ സർവ്വകലാശാലയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ഡോക്ടർ പഠനം വിജയകരമായി പൂർത്തിയാക്കി ഇംഗ്ലണ്ടിലെത്തിയ ലിനാക്രെയെ ഹെൻറി എട്ടാമൻ രാജാവ് തന്റെ ഡോക്ടറായി നിയമിച്ചു.

ഗ്രീക്ക് ഭാഷാ പഠനം ഇംഗ്ലണ്ടിലെ സർവ്വകലാശാലകളിൽ ആദ്യമായി അവതരിപ്പിച്ച അധ്യാപകനാണ് ലിനാക്രെ. മാത്രമല്ല, പല ഗ്രീക്ക് ഗ്രന്ഥങ്ങളും അദ്ദേഹം പരിഭാഷപ്പെടുത്തുകയും ഗ്രീക്ക്, ലത്തീൻ  വ്യാകരണ ഗ്രന്ഥങ്ങൾ തയ്യാറാക്കുകയും ചെയ്തു. ചില മെഡിക്കൽ ഗ്രന്ഥങ്ങളും അദ്ദേഹം ഈ ഭാഷകളിൽ നിന്നും ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി. ലിനാക്രെയുടെ മാനവിക സംഭാവനകളിൽ ഏറ്റം മികച്ചതായി കരുതപ്പെടുന്നത് ലണ്ടനിൽ ഡോക്ടർമാരുടെ റോയൽ ചാർട്ടർ ആദ്യമായി ആരംഭിച്ചതാണ്. ഇന്നും വളരെ സജീവമായി നിലനിൽക്കുന്ന ഈ സംഘടനയുടെ സ്ഥാപക പ്രസിഡണ്ടായി ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിക്കുകയും തന്റെ ഭവനം ഇവരുടെ സമാഗമത്തിനായി വിട്ടുനൽകുകയും ചെയ്തു. ലിനാക്രെ തന്റെ പുസ്തകശേഖരം മുഴുവൻ ഈ സംഘടനക്ക് സംഭാവന ചെയ്യുകയും ചെയ്തു.

രാജാവിന്റെ സാമ്പത്തിക സഹായത്തോടെ ഓക്സ്ഫോർഡിലെ മെർട്ടൻ കോളേജിലും കേംബ്രിഡ്ജിലെ സെന്റ് ജോൺസ്  കോളേജിലും റീഡർഷിപ്പുകൾ സ്ഥാപിച്ച് സർവ്വകലാശാലകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ലിനാക്രെ ശ്രമിച്ചു. 1856-ൽ സർവ്വകലാശാല ഇത് ‘ലിനാക്രെ പ്രൊഫസർഷിപ്‌ ഓഫ് അനാട്ടമി’ എന്ന് നാമകരണം ചെയ്തു. 1962-ൽ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ സ്ഥാപിച്ച ഒരു കോളേജിന് ലിനാക്രേ കോളേജ് എന്ന പേരു നല്കി ഈ പണ്ഡിതവര്യനെ അവർ ആദരിച്ചു. താൻ ജീവിച്ചിരുന്ന കാലത്തെ വലിയ പണ്ഡിതരിൽ ഒരാളായിരുന്ന ലിനാക്രെയുടെ അറിവിന്റെ തലത്തിൽ വരുന്ന വിദ്യാർത്ഥികളെ രൂപപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന്  ഈ കോളേജ് അവകാശപ്പെടുന്നു. 133 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെയാണ് ഏറ്റം പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവായ മലാല യൂസഫ്സായി പഠിച്ചത്.

തോമസ്‌ മൂറിന്റെയും ഇറാസ്മസിന്റെയും സുഹൃത്തായിരുന്ന ലിനാക്രെ വലിയ ദൈവവിശ്വാസി ആയിരുന്നു. പതിനൊന്നു വർഷം ഡോക്ടറായി സേവനം ചെയ്തതിനു ശേഷം ആ പദവിയിൽ നിന്നും രാജി വച്ച് ഒരു വൈദികനായിത്തീർന്നു. എ.ഡി. 1509-ലായിരിക്കാം അദ്ദേഹം വൈദികനായതെന്നു കരുതപ്പെടുന്നു. പല ആശ്രമങ്ങളുടെയും റെക്ടറായി സേവനം ചെയ്ത ലിനാക്രെ 1517-ൽ വെസ്റ്റ്മിനിസ്റ്ററിലുള്ള സെന്റ്‌ സ്റ്റീഫൻ ദേവാലയത്തിന്റെ ചുമതലക്കാരനായി. ദൈവശാസ്ത്ര പഠനത്തിലും വൈദിക ശുശ്രൂഷയിലും തന്റെ ജീവിതത്തിന്റെ അവസാന നാളുകൾ അദ്ദേഹം ചിലവഴിച്ചു. 1524-ൽ മരിച്ച ലിനാക്രെയെ അടക്കിയിരിക്കുന്നത് ലണ്ടനിലെ പ്രസിദ്ധമായ സെന്റ്‌ പോൾസ് കത്തീഡ്രലിലാണ്. അദ്ദേഹത്തെക്കുറിച്ചു വിവരിക്കുന്ന ഒരു ശിലാലിഖിതം ഇന്നും അവിടെ നിലനിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.