പുരോഹിതശാസ്ത്രജ്ഞർ 43: പൗളോ അന്തോണിയോ ഫൊസ്കരീനി (1565-1616)  

ഇറ്റലിയിൽ നിന്നുള്ള ഒരു ഭൗമശാസ്ത്രജ്ഞനായിരുന്നു കർമ്മലീത്ത വൈദികനായിരുന്ന പൗളോ അന്തോണിയോ ഫൊസ്കരീനി. ഗണിതശാസ്ത്രജ്ഞനായും പ്രഭാഷകനായും അദ്ദേഹം ഇറ്റലിയിൽ ജീവിതകാലത്തു തന്നെ പ്രശസ്തനായിരുന്നു. കോപ്പർനിക്കസിന്റെ ആശയങ്ങളെ പിന്താങ്ങിയതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഒരു പുസ്തകം നിരോധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇറ്റലിയുടെ തെക്കുഭാഗത്ത് കലാബ്രിയ പ്രദേശത്തെ മൊന്താൾത്തോ നഗരത്തിൽ എ.ഡി. 1565 – ൽ പൗളോ ജനിച്ചു. നേപ്പിൾസിൾസിലെ കർമ്മീൻ മജിയോറെ കോളേജിലെ പഠനത്തിനുശേഷം അദ്ദേഹം മെസ്സീനായിൽ ദൈവശാസ്ത്രവും തത്വശാസ്ത്രവും പഠിപ്പിച്ചു. പിന്നീട് ട്രൊപിയയിലെ ആശ്രമത്തിന്റെ ചുമതലക്കാരനായും കലാബ്രിയ പ്രദേശത്തെ കർമ്മലീത്താ സഭയുടെ പ്രൊവിൻഷ്യലായും അദ്ദേഹം സേവനമനുഷ്ടിച്ചു. പൗളോ ഫൊസ്കരീനി ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ‘അനുദിന ധ്യാനവും അനുഷ്‌ഠാനങ്ങളും’ ‘പ്രമാണങ്ങളുടെ സംഗ്രഹം’ ‘സ്വാഭാവിക വിശ്വവിജ്ഞാനീയത്തിന്റെ അമർത്യത’ എന്നിവ അവയിൽ ചിലതുമാത്രമാണ്. 1613 – ൽ ഏഴു വാല്യങ്ങളിലായി ഒരു വിശ്വവിജ്ഞാനകോശം അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇതിൽ മാനവിക വിഷയങ്ങൾ, ഭൗതീകശാസ്ത്രം, ആത്മവിഷയജ്ഞാനം തുടങ്ങിയ മേഖലയിലുള്ള വിഷയങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തത്.

പ്രശസ്ത പോളിഷ് വാനശാസ്ത്രജ്ഞനായ കോപ്പർനിക്കസിന്റെ സൂര്യകേന്ദ്രീകൃത പ്രപഞ്ചത്തെക്കുറിച്ച് അദ്ദേഹം ആഴത്തിൽ പഠിക്കുകയും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ ശരിയെന്ന നിഗമനത്തിലെത്തുകയും ചെയ്തു. ഈ ശാസ്ത്രസത്യങ്ങൾ വിശുദ്ധ ഗ്രന്ഥത്തിന് എതിരാണെന്ന വാദത്തെ അദ്ദേഹം അംഗീകരിച്ചില്ല. ഈ മേഖലയിൽ അദ്ദേഹം ഗലീലിയോയുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ റോമിൽ കർദിനാൾ ബെല്ലാർമിന്റെ നേതൃത്വത്തിലുള്ള മതവിചാരണ കോടതി പൗളോയുടെ വാദങ്ങൾ തള്ളിക്കളഞ്ഞു. അങ്ങനെ 1616 മാർച്ച് മൂന്നിന് പൗളോ ഫൊസ്കരീനിയുടെ ഗ്രന്ഥത്തെ നിരോധിതഗ്രന്ഥങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇതിന് ഏതാനും മാസങ്ങൾ കഴിഞ്ഞ് 1616 ജൂൺ 1ന് നു മൊന്താൾത്തോയിൽ അദ്ദേഹം തന്നെ സ്ഥാപിച്ച ആശ്രമത്തിൽ വച്ച് പൗളോ അന്തരിച്ചു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.