പുരോഹിതശാസ്ത്രജ്ഞര്‍ 21: കൂസയിലെ നിക്കോളസ് (1401–1464)  

ജർമ്മനിയിലെ ബേൺകാസ്റ്റൽ – കുഎസ് നഗരത്തിൽ നിന്നുള്ള ഒരു ഗണിതശാസ്ത്രജ്ഞനും നിയമവിദഗ്ദനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു നിക്കോളസ്. യൂറോപ്പിന്റെ ആത്മീയ-നയതന്ത്ര, ശാസ്ത്രമേഖലകളിൽ അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ ഏറ്റം വലിയ ചിന്തകനായും ആദ്യത്തെ ആധുനിക തത്വചിന്തകനായും അദ്ദേഹത്തെ പല ചരിത്രകാരന്മാരും വിശേഷിപ്പിക്കുന്നു. 1453-ൽ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി മുസ്ളീം ഭരണത്തിന് തുടക്കം കുറിച്ചതിനു ശേഷം ഇസ്ളാം മതത്തെക്കുറിച്ചും അവരുടെ മതഗ്രന്ഥമായ ഖുറാനെ കുറിച്ചുമൊക്കെ ആധികാരികമായി എഴുതാൻ തുടങ്ങിയ ഒരു പണ്ഡിതൻ കൂടിയാണ് കൂസയിലെ നിക്കോളസ്.

ജർമ്മനിയിലെ ബേൺകാസ്റ്റൽ – കുഎസ് നഗരത്തിൽ 1401-ൽ യൊഹാൻ ക്രബ്സിന്റെയും കാതറീന റോമറുടെയും മകനായി നിക്കോളസ് ജനിച്ചു. ട്രിയർ രൂപതയിലെ വൈദികനായതിനു ശേഷമാണ് ഹൈഡൽബർഗ് സർവ്വകലാശാലയിൽ അദ്ദേഹം പഠനത്തിനായി ചേരുന്നത്. പിന്നീട് ഇറ്റലിയിലെ പാദുവ സർവ്വകാലാശാലയിൽ നിന്നും സഭാനിയമത്തിൽ ഡോക്ടർ ബിരുദം സമ്പാദിച്ചു. കൊളോൺ സർവ്വകലാശാലയിൽ കാനൻ നിയമ പ്രൊഫസറായി കുറേനാൾ ജോലി ചെയ്തതിനു ശേഷം ട്രിയർ രൂപതയുടെ ആർച്ചുബിഷപ്പായിരുന്ന ഓട്ടോ സീഗൻഹൈനിന്റെ സെക്രട്ടറിയായി. ജർമ്മൻ ബിഷപ്പുമാരുടെ പ്രതിനിധിയായി റോമൻ കൂരിയായിൽ ജോലി ചെയ്യുകയും ഈ സമയത്തു തന്നെ പാരീസിലെ മ്യൂസിയങ്ങളിലെ പുരാതന കൈയ്യെഴുത്തുപ്രതികൾ പരിശോധിച്ച് അതിന്റെ ആധികാരിത സംബന്ധിച്ചുള്ള പഠനം നടത്തുകയും ചെയ്തു. ഈ പഠനത്തിന്റെ വെളിച്ചത്തിലാണ് അന്ന് ഉപയോഗത്തിലിരുന്ന ജൂലിയൻ കലണ്ടറിൽ ധാരാളം തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്നുള്ള നിഗമനത്തിൽ അദ്ദേഹം എത്തുന്നത്. കൂടാതെ, ‘കോൺസ്റ്റന്റീന്റെ ദാനം’ എന്ന ഉത്തരവ് വ്യാജമാണെന്നും അദ്ദേഹത്തിന് ബോധ്യമായി (പാശ്ചാത്യ റോമൻ സാമ്രാജ്യ അധികാരം ചക്രവർത്തി, മാർപാപ്പക്ക്  നൽകിയതായി പറയപ്പെടുന്ന ഒരു രേഖയാണ് ‘കോൺസ്റ്റന്റീന്റെ ദാനം’ എന്ന പേരിൽ അറിയപ്പെടുന്നത്).

നിക്കോളസ് അഞ്ചാമൻ മാർപാപ്പ നൽകിയ പല ദൗത്യങ്ങളും  വിജയകരമായി പൂർത്തിയാക്കിയ നിക്കോളസിനെ എ.ഡി. 1448-ൽ കർദ്ദിനാൾ സ്ഥാനത്തേക്ക്  ഉയർത്തി. തുടർന്ന് 1150-ൽ ഇറ്റലിയിലെ റ്റിറോൾ ഭാഗത്തുള്ള ബ്രിക്‌സൺ രൂപതയുടെ ബിഷപ്പായി നിക്കോളസിനെ നിയമിച്ചു. എന്നാൽ ഇദ്ദേഹം രൂപതയിൽ നടപ്പാക്കിയ നികുതി പരിഷ്ക്കാരങ്ങൾ ഇഷ്ടപ്പെടാതിരുന്ന ഓസ്ട്രിയായിലെ ഡ്യൂക്ക് സിജീസ്മുണ്ട് നിക്കോളാസിനെ തടവിലാക്കുകയും അതേ തുടർന്ന് മാർപാപ്പ ഡ്യൂക്കിനെ സഭയിൽ നിന്നും പുറത്താക്കുകയും ചെയ്തു. നിക്കൊളാസ് റോമിലേക്ക് തിരികെ പോയെങ്കിലും പിന്നീട് ഒരിക്കലും തന്റെ രൂപതയിൽ തിരികെയെത്തുന്നതിന് സാധിച്ചില്ല. 1464 ആഗസ്റ്റ് 11-ന് ഉംബ്രിയയിൽ വച്ചു മരിച്ച നിക്കളാസിനെ അടക്കിയിരിക്കുന്നത് റോമിലെ വിൻകൊളിയിലുള്ള സാൻ പിയെത്രോ ദേവാലയത്തിലാണ്.

തത്വശാസ്ത്ര-ദൈവശാസ്ത്ര മേഖലകളിൽ മാത്രമല്ല, നിക്കൊളസ് തന്റെ പ്രതിഭ തെളിയിച്ചത്. ജ്യോതിശാസ്ത്രം, രാഷ്ട്രമീമാംസ, ഗണിതശാസ്ത്രം തുടങ്ങിയ വിവിധ വിജ്ഞാനശാഖകളിൽ അനേകം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘അറിവിന്റെ അജ്ഞത’ (De Docta Ignorantia) എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധകൃതി വിജ്ഞാന-തത്വമീമാംസ സംഹിതയാണ്. പരിധിയുള്ള മനുഷ്യമനസ്സിന് അപരിമേയനായ ദൈവത്തെ പൂർണ്ണമായി അറിയുന്നതിന് സാധിക്കില്ല. എന്നാൽ തന്റെ ബുദ്ധിയുടെ പരിമിതി അംഗീകരിക്കുന്ന ഒരാളിന് ദൈവത്തെ അറിയാൻ സാധിക്കുന്ന അവസ്ഥയെയാണ് ‘അറിവിന്റെ അജ്ഞത’ എന്ന് അദ്ദേഹം വിളിക്കുന്നത്. ശാസ്ത്രത്തിന് പരിധിയുള്ള ഒരു മേഖലയായതിനാൽ ധ്യാനത്തിലൂടെയും അനുമാനത്തിലൂടെയും ചില അറിവുകൾ മനുഷ്യന് സമ്പാദിക്കാൻ സാധിക്കും. ഏറ്റം പൂർണ്ണതയുള്ള ഭൗതിക അറിവ് ഗണിതശാസ്ത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഗണിതശാസ്ത്ര ചിന്തകളും ചെന്നവസാനിക്കുന്നത് ദൈവത്തിലാണ്.

കോപ്പർനിക്കസിന് ഒരു നൂറ്റാണ്ട് മുൻപു തന്നെ അരിസ്റ്റോട്ടിലിന്റെയും ടോളമിയുടെയും ജ്യോതിശാസ്ത്രം നിക്കോളാസ് നിരാകരിച്ചിരുന്നു. ഭൂമി ചലിക്കുന്നുവെന്നും അതുപോലെ തന്നെ പ്രപഞ്ചത്തിലെ മറ്റനേകം ഗോളങ്ങളും ഇങ്ങനെയാണെന്നും അദ്ദേഹം എഴുതി. ‘ഡി മെന്തേ’ എന്ന ഗ്രന്ഥത്തിൽ അദ്ദേഹം എഴുതുന്നു: “ഒരു ചെറിയ അംശത്തെ അറിയണമെങ്കിൽ അതിന്റെ സമ്പൂര്‍ണ്ണത അറിയേണ്ടിയിരിക്കുന്നു. എന്തെന്നാൽ സമ്പൂർണ്ണത ചെറിയ അംശങ്ങളുടെ കൂടിച്ചേരലാണ്.” പതിനാറാം നൂറ്റാണ്ടിൽ നിക്കോളസിന്റെ രചനകൾ ധാരാളമായി വായിക്കപ്പെട്ടിരുന്നു. കൂടാതെ, നിരവധി നവോത്ഥാനചിന്തകളും അദ്ദേഹത്തിന്റെ കൃതികളിൽ ധാരാളമായി കണ്ടെത്താൻ സാധിക്കും.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.