പുരോഹിതശാസ്ത്രജ്ഞർ 53: ഗോഡ്ഫ്രീഡ് വെൻഡെലൻ (1580-1667) 

ബെൽജിയത്തു നിന്നുള്ള പ്രശസ്തനായ ഒരു ജ്യോതിശാസ്ത്രജ്ഞനും പുരോഹിതനുമാണ് ഗോഡ്ഫ്രീഡ് വെൻഡെലൻ. അദ്ദേഹത്തിന്റെ ജ്യോതിശാസ്ത്ര വിജ്ഞാനത്തിനു കിട്ടിയ അംഗീകാരമായിരുന്നു തങ്ങളുടെ കാലത്തെ ‘ജീവിക്കുന്ന ടോളമി’ എന്ന് ജനങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. കോപ്പർനിക്കസിന്റെ സൂര്യകേന്ദ്രീകൃത ലോകം എന്ന ആശയത്തെ പിന്താങ്ങുകയും അതാണ് ശരി എന്ന് പഠിപ്പിക്കുകയും ചെയ്ത പണ്ഡിതനാണ് അദ്ദേഹം. ഫ്രാൻസിലെ ആദ്യത്തെ വാനനിരീക്ഷണാലയം സ്ഥാപിച്ചതും ഗോഡ്ഫ്രീഡ് വെൻഡെലനാണ്. ഇതിന്റെയൊക്കെ അംഗീകാരമായിട്ടാണ് ചന്ദ്രന്റെ ഉപരിതലത്തിലെ ഒരു ഗുഹാമുഖത്തിന് ‘വെൻഡെലിനൂസ്’ എന്ന പേര് നൽകിയിരിക്കുന്നത്. പ്രശസ്ത ഇംഗ്ളീഷ് ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടൻ തന്റെ ‘പ്രിൻസിപിയ മാതമാറ്റിക്ക’ എന്ന ഗ്രന്ഥത്തിൽ ഗോഡ്ഫ്രീയുടെ ഉദ്ധരണികൾ ഉപയോഗിച്ചിട്ടുണ്ട്.

ബെൽജിയത്തെ ഹെർക്ക്-ദെ-സ്റ്റാഡ് എന്ന നഗരത്തിൽ 1580 ജൂൺ ആറിനാണ്  ഗോഡ്ഫ്രീഡ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് നിക്കോളാസ് വെൻഡെലൻ എന്നും അമ്മയുടെ പേര് എലിസബേത്ത് കൊർണേലിയ എന്നുമായിരുന്നു. ഹെർക്ക്-ദെ-സ്റ്റാഡ് നഗരത്തിന്റെ ഭരണാധികാരിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഗോഡ്ഫ്രീഡ്ക്ക് വളരെ ചെറുപ്പത്തിൽ തന്നെ ശാസ്ത്രവിഷയങ്ങളിൽ അഭിവാഞ്ച ഉണ്ടായിരുന്നു. ആറാമത്തെ വയസ്സിൽ 1591 ഡിസംബർ 30-ന് ജീവിതത്തിലെ ആദ്യത്തെ ചന്ദ്രഗ്രഹണം കാണാനുള്ള ഭാഗ്യം തനിക്കുണ്ടായി എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

ഗോഡ്ഫ്രീഡ് വെൻഡെലൻ തന്റെ പ്രാഥമിക പഠനങ്ങൾ, പ്രത്യേകിച്ചും ലത്തീൻ ഭാഷാപഠനം ഹേർക്കിലെ സ്‌കൂളിലാണ് നടത്തിയത്. അതിനുശേഷം ഉന്നതപഠനത്തിനായി ലൂവെയ്‌ൻ സർവകലാശാലയിൽ ചേർന്നു. ഇക്കാലയളവിൽ മാനവിക വിഷയങ്ങൾ, പ്രശസ്ത അധ്യാപകൻ ജസ്റ്റസ് ലിപ്സിയൂസിന്റെ ശിക്ഷണത്തിൽ പഠിച്ചു. 1600-ലെ ജൂബിലി വർഷത്തിൽ റോമിലേക്ക് അദ്ദേഹം തീർഥാടനം നടത്തി. ഇത് ജീവിതത്തെ ആത്മീയദിശയിലേക്ക് നയിക്കുന്നതിനു പ്രേരകമായി. തിരികെയെത്തി ഫ്രാൻസിലെ ഡിങ്ങേ എന്ന സ്ഥലത്തെ ഗണിതശാസ്ത്ര അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അധ്യാപകജോലിയോടൊപ്പം അദ്ദേഹം പഠനം തുടരുകയും ഫ്രാൻസിലെ ഓറഞ്ച് സർവകലാശാലയിൽ നിന്നും കാനൻ-സിവിൽ നിയമങ്ങളിൽ ഡോക്ടർ ബിരുദം സമ്പാദിക്കുകയും ചെയ്തു.

തന്റെ സ്വന്തദേശത്തെ അധികാരികളുടെ ആവശ്യപ്രകാരം ഗോഡ്ഫ്രീഡ് ബെൽജിയത്തെ ഹേർക്കിൽ എത്തുകയും അവിടുത്തെ ലാറ്റിൻ സ്‌കൂളിന്റെ പ്രിൻസിപ്പലായി ചുമതലയേൽക്കുകയും ചെയ്തു. എന്നാൽ അധികം താമസിയാതെ ജോലി ഉപേക്ഷിച്ച് വൈദികപഠനത്തിനായി സെമിനാരിയിൽ ചേർന്നു. പരിശീലനം പൂർത്തിയാക്കി 1620 ഏപ്രിൽ 4-ന് ആർച്ചുബിഷപ്പ് മത്യാസ് ഹൊവിയൂസിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. തുടർന്നുള്ള പന്ത്രണ്ടു വർഷക്കാലം ഗീറ്റ്ബെറ്റ്സ് ഇടവകയിലെ വികാരിയായി ജോലിചെയ്തു. ഇക്കാലയളവിലാണ് പുരാതന-മധ്യകാലയുഗത്തിലെ ജ്യോതിശാസ്ത്രം സംബന്ധിച്ച് ഒരു ഗ്രന്ഥം അദ്ദേഹം പ്രസിദ്ധീകരിച്ചത്. അതുപോലെതന്നെ ഭൂമിയും സൂര്യനും തമ്മിലുള്ള അകലം പുരാതന ഗ്രീക്ക് ശാസ്ത്രജ്ഞനായിരുന്ന സാമോസിലെ അരിസ്‌താർക്കൂസിന്റെ സമ്പ്രദായങ്ങൾ ഉപയോഗപ്പെടുത്തി കൃത്യമായി കണക്കാക്കി. കൂടാതെ, 1573 മുതൽ 1643 വരെ സംഭവിച്ച ചന്ദ്രഗ്രഹണങ്ങളെ സംബന്ധിച്ചും ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധപ്പെടുത്തി. 1652-ൽ സൂര്യകേന്ദ്രീകൃത പ്രപഞ്ചസങ്കല്പത്തെ അനുകൂലിച്ചുകൊണ്ട് അദ്ദേഹം എഴുതിയ പുസ്തകത്തിന് ശാസ്ത്രലോകത്തു വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

1633 മുതൽ തന്റെ ജന്മദേശത്തെ ദേവാലയത്തിൽ പതിമൂന്നു വർഷത്തോളം ഗോഡ്ഫ്രീഡ് സേവനമനുഷ്ടിച്ചു. ഇതുകൂടാതെ അദ്ദേഹത്തിന്റെ ശാസ്ത്രീയപരീക്ഷണങ്ങൾക്ക് സാമ്പത്തിയസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അടുത്തുള്ള ദേവാലയങ്ങളുടെ ഭരണചുമതലയും അദ്ദേഹത്തെ ഏല്പിച്ചിരുന്നു. രൂപതയിലെ നീതിന്യായ കോടതിയിലെ ജോലികളിലും അദ്ദേഹത്തിന്റെ സഹായം ലഭ്യമായിരുന്നു. ജീവിച്ചിരുന്നപ്പോൾ തന്നെ ഒരു അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞനായി അദ്ദേഹം അംഗീകരിക്കപ്പെട്ടിരുന്നു. യൂറോപ്പിലെ പ്രശസ്തരായ എല്ലാ ശാസ്ത്രജ്ഞന്മാരുമായും റെനേ ദെക്കാർഡ് പോലെയുള്ള തത്വജ്ഞാനികളുമായും അദ്ദേഹം എഴുത്തുകുത്തുകൾ നടത്തിയിരുന്നു. ഗോഡ്ഫ്രീഡ് വെൻഡെലൻ 1667 ഒക്ടോബർ 24-ന് ബെൽജിയത്തിലെ ഗന്റ് നഗരത്തിൽ വച്ചാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ജനനത്തിന്റ നാനൂറാം വാർഷികം ആചരിച്ചപ്പോൾ 1980-ൽ ഹെർക്ക്-ദെ-സ്റ്റാഡ് നഗരത്തിലെ ഓൽമൻഹോഫ്-ഹാർലസ് പാർക്കിൽ അധികാരികൾ ഒരു സ്മാരകം നിർമ്മിക്കുകയുണ്ടായി.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.