പുരോഹിതശാസ്ത്രജ്ഞർ 32: ഡൊമിൻഗോ ദെ സോത്തോ (1494-1560) 

സ്പെയിനിൽ നിന്നുള്ള ഒരു തത്വജ്ഞാനിയും സാമ്പത്തിക വിദഗ്ധനും ദൈവശാസ്ത്രജ്ഞനുമായിരുന്നു ഡൊമിനിക്കൻ സന്യാസി ആയിരുന്ന ഡൊമിൻഗോ ദെ സോത്തോ. അന്താരാഷ്ട്ര നിയമങ്ങളിലും ഭൗതികശാസ്ത്രത്തിലും അദ്ദേഹത്തിന് ആഴമായ അറിവുണ്ടായിരുന്നു. ‘പരിശുദ്ധ റോമൻ ചക്രവർത്തി’ ചാൾസ് അഞ്ചാമന്റെ ഉപദേശകനായും തെന്ത്രോസ് സൂനഹദോസിൽ അദ്ദേഹത്തിന്റെ പ്രതിനിധിയായും ഡൊമിൻഗോ ദെ സോത്തോ സംബന്ധിച്ചു. ധനതത്വ ശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ ‘നീതിയുക്ത വില’ എന്ന പ്രമാണത്തിന്റെ പേരിലാണ് അദ്ദേഹം പ്രശസ്തനായിരിക്കുന്നത്.

സ്പെയിനിലെ സെഗോവിയ പ്രദേശത്ത് 1494-ൽ സോത്തോ ജനിച്ചു. ചെറുപ്പകാലത്ത് വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ അടുത്ത ഗ്രാമത്തിലെ പള്ളിയിലെ സഹായിയായി അദ്ദേഹം ജോലി ചെയ്തു. ഇത് അദ്ദേഹത്തിൽ ദൈവഭക്തിയും പഠനത്തോടുള്ള ആഭിമുഖ്യവും വളർത്തുന്നതിന് സഹായിച്ചു. സ്പെയിനിലെ അൽകാല, ഫ്രാൻസിലെ പാരീസ് സർവ്വകലാശാല എന്നിവിടങ്ങളിൽ അദ്ദേഹം വിദ്യാഭ്യാസം നടത്തി. 1520-ൽ അൽകാലയിൽ തത്വശാസ്ത്ര അധ്യാപകനായി അദ്ദേഹം ജോലിയിൽ പ്രവേശിച്ചു. ഈ അധ്യാപന കാലയളവിൽ മോൺസെറാത്തിലെ ബെനഡിക്റ്റീൻ ആശ്രമത്തിൽ ഒരു ധ്യാനത്തിൽ സംബന്ധിച്ചത് ജീവിതത്തിൽ വലിയൊരു വഴിത്തിരിവിന് കാരണമായിത്തീരുന്നു. ജോലി രാജി വച്ച് ഡൊമിനിക്കൻ സന്യാസ ജീവിതത്തിലേക്ക് അദ്ദേഹം പോകുന്നു. എ.ഡി. 1525 ജൂലൈ 23-ന് സ്പെയിനിലെ ബർഗോസ് നഗരത്തിലുള്ള ആശ്രമത്തിൽ വച്ച് ഒരു സന്യാസിയായി വ്രതവാഗ്ദാനം നടത്തി. ഇതിനു ശേഷം സെഗോവിയയിൽ പഠിപ്പിക്കുന്നതിനായി അദ്ദേഹത്തെ അധികാരികൾ നിയോഗിച്ചു. ഏഴു വർഷത്തോളം ഈ ദൗത്യം അദ്ദേഹം വിജയകരമായി നിർവഹിച്ചു. ഈ കാലയളവിലാണ് തർക്കശാസ്ത്രത്തിൽ ഒരു ലഘുഗ്രന്ഥം അദ്ദേഹം തയ്യാറാക്കിയത്. ലളിതവും കാര്യമാത്രപ്രസക്തവും ഉന്നതവുമായ ഒരു കൃതിയായി ഇത് വിലയിരുത്തപ്പെടുന്നു. 1532-ൽ സലമാങ്ക സർവ്വകലാശാലയിൽ ഡൊമിനിക്കൻ സന്യാസികൾ കൈകാര്യം ചെയ്തിരുന്ന ദൈവശാസ്ത്ര-തത്വശാസ്ത്ര പഠനവിഭാഗത്തിന്റെ അദ്ധ്യക്ഷസ്ഥാനം സോത്തോയെ അധികാരികൾ ഏല്പിച്ചു. പ്രൊട്ടസ്റ്റന്റ് നവോത്ഥാനം ഉയർത്തിയ വെല്ലുവിളികൾ നേരിടുന്നതിനായി ഇറ്റലിയിലെ തെന്ത്രോസ് നഗരത്തിൽ വച്ചു കൂടിയ സിനഡിൽ ചാൾസ് അഞ്ചാമൻ ചക്രവർത്തി തന്റെ പ്രതിനിധിയായി സോത്തോയെ അയച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് അദ്ദേഹത്തിന് പ്രത്യേക കഴിവ് ഉണ്ടായിരുന്നു.

സ്പെയിനിൽ അക്കാലത്ത് നിലവിലിരുന്ന കൊള്ളപ്പലിശ സമ്പ്രദായം ഇല്ലാതാക്കണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. കച്ചവടക്കാർ, സാധാരണക്കാർക്ക് മനസിലാക്കാൻ സാധിക്കാത്ത സങ്കീർണ്ണമായ രീതികൾ ഉപയോഗിച്ച് കൊള്ളലാഭം ഉണ്ടാക്കിയിരുന്നു. സഭ ഇതിനെ ശക്തിയുക്തം എതിർക്കാതിരുന്നത് ഒരു സന്യാസിയായ സോത്തോയ്ക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. പണത്തിന്റെ നിഷ്ഫലത സംബന്ധിച്ച് സോത്തോ ഒരു വാദപ്രതിവാദത്തിന് മുതിരുന്നു. സലമാങ്ക സ്‌കൂളിന്റെ സ്ഥാപകനും ഡൊമിനിക്കൻ സന്യാസിയുമായിരുന്ന ഫ്രാൻസിസ്‌കോ ദെ വിക്ടോറിയയാണ് സോത്തോയുടെ ചിന്തകളെ ഏറ്റം സ്വാധീനിച്ചിട്ടുള്ള വ്യക്തി.

സോത്തോയുടെ സാമ്പത്തിക ശാസ്ത്രത്തിൽ പുണ്യം, സ്വഭാവ വൈശിഷ്ട്യത, പൊതുനനന്മ എന്നീ മൂന്ന് കാര്യങ്ങൾക്കാണ് മറ്റെന്തിനേക്കാളും പ്രധാന്യം അർഹിക്കുന്നത്. ഇത് അദ്ദേഹം വിശകലനം ചെയ്യുന്നത് അരിസ്റ്റോട്ടിലിന്റെയും വി. തോമസ് അക്വീനാസിന്റെയും തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ധർമ്മത്തിലൂന്നിയുള്ള വ്യവഹാരങ്ങൾ മാത്രമേ മനുഷ്യനന്മക്ക് ഉതകൂ എന്ന് അദ്ദേഹം എഴുതി. കച്ചവടത്തിന്റെ അന്തിമലക്ഷ്യം ലാഭമല്ല, മനുഷ്യനന്മയാണ് എന്നും അദ്ദേഹം വാദിച്ചു. ചുറ്റിലും ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന അനേകരുടെ ദുഃഖങ്ങൾ നിർമ്മാർജ്ജനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് തന്റെ തൂലിക അദ്ദേഹം ചലിപ്പിച്ചത്. നിയമങ്ങൾ പാവങ്ങളെ സഹായിക്കാനുള്ളതാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

ഊര്‍ജ്ജതന്ത്ര മേഖലയിലും സോത്തോ കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സ്വതന്ത്രമായി വീഴുന്ന വസ്തുക്കൾക്ക് ഏകീകൃത ത്വരണം സംഭവിക്കുന്നു എന്ന് അദ്ദേഹം എഴുതി: “ഒരു ഭാരമുള്ള വസ്തു ഉയരത്തിൽ നിന്ന് ഒരു ഏകീകൃത മാര്‍ഗ്ഗത്തിലൂടെ വീഴുമ്പോൾ, അത് ആരംഭത്തിൽ ഉള്ളതിനേക്കാൾ വേഗതയോടെ അവസാനം ചലിക്കുന്നു.” പ്രസിദ്ധ ഇറ്റാലിയൻ ശാസ്ത്രജ്ഞൻ ഗലീലെയോ തന്റെ പുസ്തകത്തിൽ സോത്തോയുടെ ആശയങ്ങൾ ഉദ്ധരിച്ചിരിക്കുന്നതിൽ നിന്നും പിൻതലമുറകളിലുള്ള ഇദ്ദേഹത്തിന്റെ സ്വാധീനം വളരെ വ്യക്തമാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.