പുരോഹിതശാസ്ത്രജ്ഞർ 54: ചാൾസ് മലപേർത്ത് (1581–1630) 

ബെൽജിയത്തിൽ നിന്നുള്ള ഒരു ശാസ്‌ത്രജ്ഞനായിരുന്നു ഈശോസഭാ വൈദികനായിരുന്ന ചാൾസ് മലപേർത്ത്. ജ്യോതിശാസ്ത്രം, ഗണിതം, പ്രപഞ്ചശാസ്ത്രം എന്നിവ അദ്ദേഹത്തിന്റെ പഠനമേഖലകളായിരുന്നു. ലത്തീൻ ഭാഷയിൽ അദ്ദേഹം എഴുതിയ കവിതകളും നാടകങ്ങളും പതിനേഴാം നൂറ്റാണ്ടിലെ നല്ല വില്പനയുള്ള പുസ്തകങ്ങളായിരുന്നു. ഇദ്ദേഹത്തിന്റെ ശാസ്ത്രസംഭാവനയ്ക്കുള്ള അംഗീകാരമായി ചന്ദ്രനിലെ ഒരു ഗുഹാമുഖം ‘മലപേർത്ത്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ദൂരദർശിനിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തിയ ആദ്യകാല ശാസ്ത്രജ്ഞന്മാരിൽ ഒരാളാണ് ഇദ്ദേഹം.

സ്പെയിനിന്റെ ഭാഗമായിരുന്ന നെതർലൻസിലെ മോൺസ് നഗരത്തിൽ 1581-ലാണ് ചാൾസ് മലപേർത്ത് ജനിച്ചത്. ഇന്ന് ഈ നഗരം ബെൽജിയത്തിലാണ് സ്ഥിതിചെയ്യുന്നത്. അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ചുള്ള കാര്യമായ ചരിത്രവിവരങ്ങൾ നമുക്ക് ലഭ്യമല്ല. ചാൾസ് 1600-ൽ ഈശോസഭാ സന്യാസാശ്രമത്തിൽ ചേർന്ന് വൈദികനായി. ഔദ്യോഗികജീവിതത്തിന്റെ ആരംഭത്തിൽ മോൺസ് നഗരത്തിൽ ഗണിതശാസ്ത്രവും തത്വശാസ്ത്രവും പഠിപ്പിച്ചു. ഫ്രാൻസിലെ ദൊവായി സർവകലാശാലയിൽ പ്രൊഫസറായും ആറസ്സിലെ റെക്ടറായും അദ്ദേഹം ജോലിചെയ്തു. മഡ്രിഡിൽ പുതിയതായി ആരംഭിച്ച ഈശോസഭാ കോളേജിൽ ഗണിതശാസ്ത്രവിഭാഗം മേധാവിയായി അദ്ദേഹത്തെ നിയോഗിച്ചു. ഈ ജോലി ഏറ്റെടുക്കാനായി പോകുമ്പോൾ സ്പെയിനിലെ വിറ്റോറിയയിൽ വച്ച് 1630-ൽ അദ്ദേഹം നിര്യാതനായി.

ചാൾസ് മലപേർത്തിന്റെ പുസ്തകങ്ങളിൽ കവിത, ഗണിതം, ജ്യോതിശാസ്ത്രം എന്നിവയെല്ലാം ഉൾപ്പെടും. ചന്ദ്രൻ, വാല്‍നക്ഷത്രങ്ങൾ, സൂര്യകളങ്കം എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് ‘ഔസ്ത്രിയായിക്ക സിദേറ ഹീലിയോസിക്ലിയ.’ ദൂരദർശിനി ഉയയോഗിച്ച് പ്രപഞ്ചത്തിലെ വിവിധ യാഥാര്‍ഥ്യങ്ങളെ പഠിക്കാൻ ആരംഭിച്ച കാലമായിരുന്നു ഇത്. ചാൾസ് മലപേർത്തിന്റെ അഭിപ്രായത്തിൽ, സൂര്യകളങ്കം സൂര്യനു സമീപത്തായി അതിനെ വലയംവയ്ക്കുന്ന ആകാശവസ്തുക്കളാണ്. മുൻകാലങ്ങളിൽ അറിവില്ലാതിരുന്ന ഇത്തരത്തിലുള്ള ധാരാളം ആകാശവസ്തുക്കളെ ദൂരദർശിനിയിലൂടെ കാണാൻ സാധിക്കുമെന്നും അദ്ദേഹം തെളിയിച്ചു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.