ഉത്കണ്ഠകളെ അതിജീവിക്കാൻ സഹായിക്കുന്ന പ്രാർഥനകൾ

ഉത്കണ്ഠകളും ആകുലതകളുമില്ലാത്ത ഒരു ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇവയെ ഒക്കെ അതിജീവിക്കുന്നതിലൂടെ നമ്മുടെ മനസ്സിൽ സമാധാനവും സന്തോഷവും വന്നുനിറയുന്നു. ഉത്കണ്ഠകളെ കൈകാര്യം ചെയ്യുക എന്നത് ശ്രമകരമായ കാര്യമാണെങ്കിലും വിശ്വാസത്തിൽ ആഴപ്പെട്ടുകൊണ്ട് നമുക്ക് ഇതിനെ അതിജീവിക്കാൻ കഴിയും.

നാം ഉത്കണ്ഠകൾക്ക് കീഴ്‌പ്പെട്ടാൽ അവ, നമ്മുടെ മനസ്സിനെ ഏറെ സമ്മർദത്തിലാക്കും. അമിതമായ ഉത്കണ്ഠ നമ്മുടെ ആരോഗ്യത്തെപ്പോലും സാരമായി ബാധിച്ചേക്കാം. നമ്മെയും നമ്മുടെ ശരീരത്തെയും നമ്മുടെ ബന്ധങ്ങളെപ്പോലും സ്വാധീനിക്കുന്ന അനാവശ്യമായ ഇത്തരം ഉത്കണ്ഠകളിൽനിന്നും മോചനം  പ്രാപിക്കാൻ ദിവ്യവൈദ്യനായ യേശുവിന്റെ സഹായം നമുക്ക് തേടാം. അവിടുന്ന്  നമ്മുടെ ആത്മാക്കളെ സുഖപ്പെടുത്തും. ഉത്കണ്ഠകളെ അതിജീവിക്കാൻ ചില പ്രാർഥനകൾ പരിചയപ്പെടാം.

1. അയർലണ്ടിന്റെ മധ്യസ്ഥയായ വി. ബ്രിജീത്തയോടുള്ള പ്രാർഥന

വി. ബ്രിജീത്താ, അങ്ങ് സമാധാനമുള്ളവളായിരുന്നല്ലോ. സംഘട്ടനമുള്ളിടത്ത് ഐക്യവും അന്ധകാരമുള്ളിടത്ത് വെളിച്ചവും അങ്ങ് കൊണ്ടുവന്നു. അധഃസ്ഥിതർക്ക് പ്രത്യാശനൽകി. അങ്ങയുടെ സമാധാനത്തിന്റെ പുതപ്പുകൊണ്ട് അസ്വസ്ഥരും ഉത്കണ്ഠാകുലരുമായവരെ അങ്ങ് പൊതിയണമേ. ഞങ്ങളുടെ ഹൃദയങ്ങളിലും ലോകത്തിലും സമാധാനം നിറയട്ടെ. നീതിപൂർവം പ്രവർത്തിക്കാനും ദൈവം സൃഷ്ടിച്ച എല്ലാറ്റിനെയും ബഹുമാനിക്കാനും ഞങ്ങളെ പ്രചോദിപ്പിക്കേണമേ.

അങ്ങ് മുറിവേറ്റവരുടെയും ദുർബലരുടെയും ശബ്ദമായിരുന്നല്ലോ. ദുർബലരായ ഞങ്ങളെ ശക്തിപ്പെടുത്തുക. ഞങ്ങളെ സുഖപ്പെടുത്തുകയും ശ്രവിക്കുകയും ആന്തരികനിശ്ശബ്ദതയിലേക്ക് നയിക്കുകയും ചെയ്യണമേ. ആത്മാവിലും മനസ്സിലും ശരീരത്തിലും നിത്യമായ സമാധാനം ഓരോദിവസവും അനുഭവിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.

2. വി. ലൂയി മാർട്ടിനോടുള്ള നൊവേന: വിഷാദം, ഉത്കണ്ഠ, മാനസികവൈകല്യങ്ങൾ എന്നിവയ്ക്ക്

കർത്താവേ, വി. ലൂയി മാർട്ടിന്റെ ഇടപെടലിലൂടെ വിഷാദം, ഉത്കണ്ഠ, ഡിമെൻഷ്യ, മറ്റു മാനസികപ്രശ്നങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവരെ അവയിൽനിന്നും മോചിപ്പിച്ച് അവരെ അന്ധകാരത്തിൽനിന്നും അങ്ങയുടെ പ്രകാശത്തിലേക്ക് നയിക്കേണമേ.

3. ആവിലായിലെ വി. തെരേസയുടെ പ്രാർഥന: സമ്മർദങ്ങളെ ശാന്തമാക്കാൻ

ഒന്നും നിന്നെ അലട്ടാതിരിക്കട്ടെ. ഒന്നുമേ ഭീതി നൽകിടാതെയും സർവതും താനേ കടന്നുപോകുന്നിതാ സർവേശൻ മാത്രമേയുള്ളൂ. ഏറെ ക്ഷമയോടെ എന്തും സഹിക്കുന്നവൻ സ്വർഗം കൈവശമാക്കും. ദൈവം മാത്രം മതി! ദൈവം മാത്രം മതി! ദൈവത്തെ വേറിട്ട് എനിക്കെന്തുവേണ്ടൂ!

4. പ്രഭാതത്തിലും പ്രദോഷത്തിലും ശക്തിനൽകുന്ന പ്രാർഥന

എന്റെ ദൈവമേ എന്റെ ജീവിതത്തിൽ പലവിധ ആകുലതകളുണ്ട്, ഉത്കണ്ഠകളുണ്ട്. എന്റെ സ്വപ്നങ്ങൾ, ഭാവിപ്രതീക്ഷകൾ, ജോലി, കുടുംബജീവിതം, മക്കൾ, രോഗങ്ങൾ, സാമ്പത്തികപ്രതിസന്ധി, കടബാധ്യതകൾ എല്ലാം അങ്ങേയ്ക്ക് സമർപ്പിക്കുന്നു. എന്റെ ദൈവമേ, എനിക്ക് എന്നിൽത്തന്നെ ഇവ പരിഹരിക്കാൻ ഒരിക്കലും കഴിയുകയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ ഞാൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാവിധ പ്രശ്നങ്ങളെയും അങ്ങേക്കു സമർപ്പിക്കുന്നു. അവിടുന്ന് ഇത് ഏറ്റെടുക്കുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. എന്റെ കാര്യത്തിൽ ശ്രദ്ധാലുവായ പിതാവേ, ഇനി അവയെയോർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടാൻ എന്നെ അനുവദിക്കരുത്. ഇനിമുതൽ അവയെല്ലാം അങ്ങയുടെ കരങ്ങളിലായിരിക്കട്ടെ. ആമ്മേൻ.

5. ഭാവിയെ ദൈവകരങ്ങളിൽ ഭരമേല്പിച്ചുകൊണ്ടുള്ള പ്രാർഥന

എന്റെ കർത്താവേ, എന്റെ ദൈവമേ എന്റെ ജീവിതത്തെക്കുറിച്ചുള്ള എല്ലാ ഉത്കണ്ഠകളും എന്റെ ഭൂതവും വർത്തമാനവും ഭാവിയും അങ്ങയുടെ കരങ്ങളിൽ ഞാൻ ഭരമേല്പിക്കുന്നു. ഞാൻ അങ്ങയുടെതാണ് അങ്ങുതന്നെ എന്നെ നയിച്ചുകൊള്ളുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.