മധ്യസ്ഥൻ എന്ന മാലാഖ

ജിൻസി സന്തോഷ്

സ്വർഗത്തിൽ പോകാൻമാത്രം പരിപൂർണ്ണവിശുദ്ധി എനിക്കില്ല. നരകത്തിൽ നിപതിക്കാൻമാത്രം കടുത്ത അശുദ്ധിയും എന്നിലില്ല. എന്റെ ആത്മാവിൽ വിശുദ്ധിക്ക് യോജിക്കാത്ത പാപമാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ അവയെ പൂർണ്ണമായും നീക്കംചെയ്യാൻ എന്റെ ആത്മാവിനെ ഒരു വിശുദ്ധീകരണപ്രക്രിയയിലൂടെ കടത്തിവിട്ട് പരിപൂർണ്ണ വിശുദ്ധിയിലേക്ക് ആത്മാവ് ഉയർത്തപ്പെടുമ്പോൾ എനിക്ക് സ്വർഗത്തിലേക്കു പ്രവേശനം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

സ്വർഗത്തിനും നരകത്തിനുമിടയ്ക്കുള്ള ഈ ഇടത്താവളമാണ് ശുദ്ധീകരണസ്ഥലം. പരമകാരുണ്യവാനായ ദൈവം ഒരുക്കുന്ന ജ്വലിക്കുന്ന സ്നേഹത്തിന്റെ അഗ്നിതാഴ്വര. പരിശുദ്ധിയുടെ പരിപൂർണ്ണതയായ ദൈവസന്നിധിയിൽ, നിത്യതയിൽ പരിശുദ്ധി കൈവരിച്ചവർക്കുമാത്രമേ പ്രവേശനമുള്ളൂ. അതിനാൽ ശുദ്ധീകരണപ്രക്രിയയാൽ പരിപൂർണ്ണത പ്രാപിക്കുന്നതുവരെ ശുദ്ധീകരണസ്ഥലത്തിൽ കാത്തുകഴിയേണ്ടിവരുന്നു. എത്രകാലം എന്നത് എന്റെ ആത്മാവിന്റെ അശുദ്ധിയുടെ അളവിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ എന്റെ വിശുദ്ധീകരണത്തിനും സ്വർഗപ്രാപ്തിക്കുംവേണ്ടി പ്രാർഥനയു൦ മറ്റ് ഭക്തകർമ്മങ്ങളും ചെയ്യാൻ മരണശേഷം എനിക്കു സാധിക്കില്ല. ജീവിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ടവരുടെ പ്രാർഥനകൾ എന്റെ ശുദ്ധീകരണകാലഘട്ടത്തിൻെറ അളവ് കുറച്ച് സ്വർഗപ്രാപ്തി എളുപ്പമാക്കുന്നു.

ജീവിതകാലത്ത് എല്ലാം വെട്ടിപ്പിടിച്ചും ലോകസുഖങ്ങൾ ആസ്വദിച്ചും സഹജരുടെ ണ്ണീരിനെയും കരുണയ്ക്കായി യാചിച്ച കരങ്ങളെയും കാണാതെകഴിഞ്ഞ ഞാൻ, മരണശേഷം അതേ സഹജരരുടെ കരുണയ്ക്കായി തോരാത്ത കണ്ണീരോടെ കൈകൂപ്പുന്നു. വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഈ ജീവിതത്തിൽ ദൈവം എനിക്കായ് മധ്യസ്ഥരെ ഒരുക്കുന്നു. ഇത്തരത്തിൽ ശുദ്ധീകരണത്തിന്റെ സഹനദുരിതങ്ങളിലൂടെ കടന്നുപോകുന്ന നമ്മുടെ പ്രിയപ്പെട്ടവരെക്കുറിച്ച് കരുതലുള്ള ഒരു വിശ്വാസിക്ക് അവരെ സഹായിക്കാതിരിക്കാനാവില്ല. ആ മധ്യസ്ഥൻ സ്വന്തം ജീവിതംവഴി നിരാശയിലാഴ്ന്നവന് ഒരുക്കപ്പെട്ടിരിക്കുന്ന ദൈവകൃപയുടെ ആഴം വ്യക്തമാക്കിക്കൊടുക്കുന്നു.

രക്ഷാകരചരിത്രത്തിലുടനീളം കാണുന്ന ഈ മധ്യസ്ഥർ ദൈവകൃപയുടെ നീരൊഴുക്കിന് അപരന്റെ ജീവിതത്തിൽ, തങ്ങളുടെ ജീവിതംകൊണ്ട് വഴിയൊരുക്കുന്നു. മാധ്യസ്ഥം വഹിക്കുക എന്നതിന്റെ അർഥം അപരന്റെ ജീവിതത്തിൽ, നിന്റെ പ്രിയപ്പെട്ടവരുടെ ജീവിതത്തിൽ നീയൊരു മാലാഖയാകുക എന്നതാണ്.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.