നിത്യതയിലേക്ക്

ജിൻസി സന്തോഷ്

“മാംസത്തിൽനിന്ന് ജനിക്കുന്നത് മാംസവും ആത്മാവിൽനിന്നു ജനിക്കുന്നത് ആത്മാവുമാകുന്നു” (യോഹ. 3:6). യേശുവിനെ പരസ്യമായി അംഗീകരിക്കുകയും ശിഷ്യത്വം ഏറ്റുപറയുകയു൦ അവിടുത്തെ ഭൗതിക സാന്നിധ്യനിറവ് അനുഭവിച്ചറിയുകയു൦ചെയ്ത ശിഷ്യന്മാർ അവനെ തള്ളിപ്പറയുകയും ഒറ്റപ്പെടുത്തി ഉപേക്ഷിച്ചുപോവുകയും ചെയ്തപ്പോൾ, യേശുവിനെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന അവന്റെ രഹസ്യശിഷ്യനായ നിക്കോദേമൂസ് കല്ലറയിൽ സൂക്ഷിക്കാനായി യേശുവിന്റെ ശരീരം സ്വന്തമാക്കി.

ക്രിസ്തുവിന്റെ ശിഷ്യരാവുക എന്നാൽ ശാരീരികമായി അവനോട് ചേർന്നിരിക്കുക എന്നല്ല; ആത്മീയമായി അവനോട് ചേർന്നിരിക്കുക എന്നുതന്നെയാണ്. ഈ ജീവിതം അവകാശമല്ല, ഔദാര്യമാണ്. അർഹതയില്ലാതെ ആയിരുന്നിട്ടുകൂടി അവകാശമാണെന്നു വ്യാഖ്യാനിക്കുന്ന എനിക്ക് തെറ്റി. വെളിച്ചത്തിന്റെ വില അറിയണമെങ്കിൽ ഇരുളറിയണം. ജീവന്റെ വില അറിയണമെങ്കിൽ മൃതിയുടെ തണുപ്പ് അറിയണം. ഈ തിരിച്ചറിവിൽനിന്ന് മനുഷ്യന്റെ പദ്ധതികളും മോഹങ്ങളും മിതമാകുന്നു.

“വിദൂരകാഴ്ച കാണാൻ ദൈവമേ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരുപടി മാത്രംമതി എനിക്ക്. ‘ഇന്ന്’ എന്ന പടികടന്ന് അങ്ങിലെത്തുവോളം എന്റെ സഹനവേളകളിൽ,
എന്റെ കുരിശിന്റെ പിന്നാമ്പുറത്ത് നീയുണ്ടെന്നും എന്നെ ഓർമ്മിപ്പിക്കണമേ. നിന്റെ ആശ്വാസം എത്തു൦വരെ നിന്റെ കണ്ണുകളിലേക്കുമാത്രം നോക്കി നിന്റെ വഴികളിൽമാത്രം സഞ്ചരിച്ചു ജീവിക്കാൻ എന്നെ അനുഗ്രഹിച്ചാലു൦” (കർദിനാൾ ന്യൂമാൻ)

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.