ഉയിർപ്പും കാത്തൊരു ഉറക്കം

ജിൻസി സന്തോഷ്

നമ്മുടെ ശരീരത്തെക്കുറിച്ച് നമുക്ക് വ്യക്തമായ ഒരു ബോധ്യ൦ നൽകുന്ന പ്രാർഥനകളാണ് കത്തോലിക്കാസഭയിലെ മൃതസംസ്കാരശുശ്രൂഷയിലുള്ളത്. അതിൽ, സെമിത്തേരിയിൽവച്ചു നടത്തപ്പെടുന്ന കല്ലറ/ കുഴിവെഞ്ചരിപ്പ് പ്രാർഥന എല്ലാ ക്രിസ്ത്യാനികൾക്കും ഒരു ധ്യാനവിഷയമാണ്.

വൈദികൻ കുഴിവെഞ്ചിരിപ്പ് പ്രാർഥന ഇപ്രകാരം ചൊല്ലുന്നു: “മാമ്മോദീസായാൽ മുദ്രിതവും പരിശുദ്ധ കുർബാനയാൽ പരിപുഷ്പവും വിശുദ്ധതൈലത്താൽ അഭിഷിക്തവുമായ ഈ ശരീരത്തിന് കർത്താവിന്റെ രണ്ടാമത്തെ ആഗമനംവരെ വിശ്രമംകൊള്ളേണ്ട ഈ കബറിടം ആശീർവദിക്കണമേ.”

എത്രമാത്രം പരിശുദ്ധിയോടെ ഓരോരുത്തരും തങ്ങളുടെ ശരീരത്തെ കാത്തുസൂക്ഷിക്കണമെന്ന വലിയ ഉത്തരവാദിത്വം ഈ പ്രാർഥന നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മുദ്രിതമായതും പരിശുദ്ധ കുർബാന സ്വീകരണത്തിലൂടെ ക്രിസ്തുവിന്റെ  തിരുശരീരരക്തങ്ങളാൽ പരിപോഷിപ്പിക്കപ്പെട്ടതും കർത്താവിന്റെ രണ്ടാമത്തെ ആഗമനത്തിന്റെ കാഹളം മുഴങ്ങുമ്പോൾ നിത്യജീവിതത്തിനായി ഉയർത്തെഴുന്നേൽക്കേണ്ടതുമായ ഈ ശരീരത്തെപ്രതി ക്രിസ്ത്യാനി അഭിമാനിക്കണം. “ഭൂമിയിലെ പൊടിയിലുറങ്ങുന്ന അനേകർ ഉണരും; ചിലർ നിത്യജീവനായും ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായി” (ദാനി. 12:2).

പഴയനിയമത്തിൽ കല്ലും മണ്ണുംകൊണ്ട് നിർമ്മിച്ച ദൈവാലയം പുതിയ നിയമത്തിൽ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യശരീരമാണ്. അത് കർത്താവ് വിലകൊടുത്തു വാങ്ങിയതാണ്. “നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്” (1 കോറി 6:20) ദൈവാലയത്തെ വിശുദ്ധമായും ആദരവോടെയും കാണുന്ന നമ്മൾ സ്വന്തം ശരീരത്തെയും അതേ വിശുദ്ധിയിലും ആദരവിലും കാത്തുസൂക്ഷിക്കണം. ഉയർന്ന വിലകൊടുത്തു വാങ്ങിയത് ഏറ്റവും ശ്രേഷ്ഠമായി സൂക്ഷിക്കേണ്ടത് ആവശ്യവുമാണ്. ദൈവാലയത്തിനു നൽകുന്ന ആദരവ് ശരീരത്തിനും നൽകിയാൽ വിശുദ്ധി നിനക്ക് കയ്യെത്തും ദൂരത്താണ്.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.