ബലിപീഠത്തിനുമുന്നിൽ നിൽക്കുമ്പോഴെല്ലാം എന്നെയും ഓർക്കേണമേ

ജിൻസി സന്തോഷ്

അമർത്യതയുടെ ദിവ്യ ഔഷധമാണ് പരിശുദ്ധ കുർബാന. മരണത്തെക്കുറിച്ചും നിത്യതയെക്കുറിച്ചും ചിന്തിക്കുകയും ധ്യാനിക്കുകയും പ്രാർഥിക്കുകയുംചെയ്യുന്ന ഈ നാളുകളിൽ, നാമോരോരുത്തരും ബലിയർപ്പണത്തിനായി ദൈവാലയത്തിൽ എത്രത്തോളം ഭയഭക്തിബഹുമാനത്തോടെ നിൽക്കണം എന്നുകൂടി ചിന്തിക്കുന്നത് ഉചിതമാണ്.

ഓരോ ദൈവാലയത്തിലും പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുമ്പോൾ അവിടെ ദൈവപുത്രനായ യേശുവിന്റെ ജനനവും ജീവിതവും മരണവും ഉത്ഥാനവും അനുസ്മരിക്കുകയാണ് ചെയ്യുന്നത്. ഈ സമയം ദൈവാലയത്തിനുള്ളിൽ ഇടതുംവലതുമായി സ്ത്രീപുരുഷന്മാർ അൾത്താരയിലെ സക്രാരിയിലേക്കും ബലിപീഠത്തിലേക്കു൦ ഭയഭക്തിപൂർവം നോക്കിനിൽക്കുന്നു. അൾത്താരയ്ക്കുചുറ്റും കാൽവരിയിലെ കുരിശിൻചുവട്ടിലെന്നപോലെ, പരിശുദ്ധ അമ്മയുടെയും സകല മാലാഖമാരുടെയും വിശുദ്ധരുടെയും അദൃശ്യമായ സജീവസാന്നിധ്യമുണ്ടായിരിക്കും.

ദൈവജനമാകുന്ന ഓരോ വ്യക്തിയുടെയും തൊട്ടരികിൽ ആ വ്യക്തിയുടെ കാവൽമാലാഖയും പേരിനു കാരണഭൂതരായ വിശുദ്ധൻ/ വിശുദ്ധ ഉണ്ടായിരിക്കും. ഭൂവാസികളും സ്വർഗവാസികളും അൾത്താരയിലേക്കുനോക്കി ഭയഭക്തിയോടെ നിൽക്കുമ്പോൾ, ദൈവാലയത്തിന്റെ മധ്യഭാഗത്തായി ശുദ്ധീകരണാത്മാക്കളുടെ അദൃശ്യസാന്നിധ്യമുണ്ടായിരിക്കും. എന്നാൽ അവർ അൾത്താരയിലേക്കു തിരിയാതെ ദൈവജനത്തിന് അഭിമുഖമായി കരഞ്ഞുകൊണ്ടു നിൽക്കുന്നു. കാരണം അവർക്ക് ബലിയർപ്പിക്കാനോ, പ്രാർഥിക്കാനോ കഴിയില്ല. ഭൂവാസികളായ നമ്മുടെനേരെ തിരിഞ്ഞ് അവർക്കുവേണ്ടി പ്രാർഥിക്കാൻ കരഞ്ഞുയാചിക്കുകയാണ് ചെയ്യുന്നത്.

എല്ലാ വിശുദ്ധബലിയിലും ഓരോ ശുദ്ധീകരണാത്മാവു൦ നിന്നോടു യാചിക്കുന്നു; “ബലിപീഠത്തിനുമുന്നിൽ നിൽക്കുമ്പോളെല്ലാം എന്നെയും ഓർക്കണമേ.”

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.