മറിയത്തിന്റെ വിമലഹൃദയം: നീതിയുടെ ദർപ്പണമാകുന്നു

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിഇരുപത്തിരണ്ടാം ദിനം, സെപ്റ്റംബർ 05, 2022

നീതിയുടെ അടിസ്ഥാനവും മൂല്യവും എന്താണെന്നു ചോദിച്ചാൽ ശുദ്ധീകര വരപ്രസാദം എന്നത്രെ ആലക്കളത്തിലച്ചന്റെ മറുപടി. ഇതിനെ തുടർന്നും ഇതിൽ നിന്നുമാണ് ദൈവികപുണ്യങ്ങളും പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളുമെല്ലാം ആത്മാവിൽ ഉത്ഭൂതമാകുന്നത്.

ഒരാൾക്ക് ശുദ്ധീകര വരപ്രസാദം നഷ്ടമാകുമ്പോൾ നീതിമാൻ എന്നുള്ള പേരിന്റെ അർഹത തന്നെ പൊയ്‌പ്പോകുന്നു. ശുദ്ധീകര വരപ്രസാദത്തോടു കൂടി നീതിസൂര്യൻ ആത്മാവിൽ ഉദയം ചെയ്യുകയാണ്. വരപ്രസാദ പൂരിതയും ജന്മപാപരഹിതയുമായ മറിയത്തിൽ ഉത്ഭവത്തിന്റെ ആദ്യ വിനാഴികയിൽ തന്നെ നീതിസൂര്യൻ പ്രശോഭിച്ചിരുന്നതുകൊണ്ടാണ് ‘നന്മ നിറഞ്ഞവളേ’ എന്ന് ദൈവദൂതൻ അവളെ സംബോധന ചെയ്തത്. ഒരാളിൽ നീതിസൂര്യനായ ദൈവം എത്ര കൂടുതലായി പ്രതിനിഴലിച്ചിരിക്കുമോ അത്രക്കും അയാൾ നീതിമാനും വിശുദ്ധനും ആയിരിക്കും.

നീതിയിലും സന്മാതൃകയിലും പുരോഗമിക്കാൻ മറിയത്തിന്റെ സഹായവും മാതൃകയും നമുക്ക് ആവശ്യമാണ്. നീതിയുടെ ദർപ്പണവും സകല സുകൃതങ്ങളുടെയും ആസ്ഥാനവുമായ മറിയത്തിന്റെ തിരുഹൃദയത്തെ നാം അടുത്തു പിഠിക്കണം എന്ന് ആലക്കളത്തിലച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരാളോടുള്ള സ്നേഹവും ഭക്തിയും അയാളെ അനുകരിക്കുന്നതിനും അയാളെപ്പോലെ ആയിത്തീരുന്നതിനും നമ്മെ പ്രേരിപ്പിക്കുക സ്വാഭാവികമാണല്ലോ. അതിനാൽ മാതാവിന്റെ തിരുഹൃദയത്തോടുള്ള പ്രായോഗികഭക്തി സത്യവും നീതിയും ധർമ്മവും നമ്മിൽ വളരുന്നതിന് സഹായമായിത്തീരണമെന്ന ഉപദേശത്തോടെയാണ് മത്തായി അച്ചൻ മറിയത്തിന്റെ വിമലഹൃദയം നീതിയുടെ ദർപ്പണമാകുന്നു എന്ന അധ്യായം അവസാനിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.