മറിയത്തിന്റെ വിമലഹൃദയം: ഈശോ വസിച്ച ഏറ്റവും പരിശുദ്ധമായ സക്രാരി

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിഇരുപതാം ദിനം, സെപ്റ്റംബർ 03, 2022

പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന്റെ ഉപാസകനായിരുന്ന ആലക്കളത്തിൽ മത്തായി അച്ചൻ, മറിയത്തിന്റെ വിമലഹൃദയത്തെ മനുഷ്യാവതാരം ചെയ്ത ദൈവപുത്രന്റെ ആദ്യത്തെ സക്രാരിയിയും ഏറ്റവും പരിശുദ്ധമായ സക്രാരിയിയുമായി നമ്മെ പഠിപ്പിക്കുന്നു.

“മനുഷ്യമക്കളോടു കൂടി ലോകാവസാനത്തോളം വസിക്കുന്നതിനായി നമ്മുടെ കർത്താവ് വിശുദ്ധ കുർബാന സ്ഥാപിച്ചു. വിശുദ്ധ കുർബാന നാം വച്ചുസൂക്ഷിക്കുന്നത് സക്രാരിയിലാകുന്നു. ഒന്നാമത്തെ സക്രാരിയും ഏറ്റവും പരിശുദ്ധമായ സക്രാരിയും പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയമായിരിക്കുന്നു, എന്തുകൊണ്ടെന്നാൽ ഈ സക്രാരിയിലാകുന്നു ദൈവപുത്രൻ മർത്യസ്വഭാവമെടുത്തയുടൻ ആദ്യമായി വസിച്ചത്. ഈ നിർമ്മലഹൃദയത്തിൽ നിന്നെടുത്ത രക്തം കൊണ്ടത്രെ പരിശുദ്ധാത്മാവ് ഈശോ മിശിഹായുടെ ശരീരം നിർമ്മിച്ചതും. മനുഷ്യാത്മാക്കളെ തീറ്റുന്നതിനായുള്ള രക്ഷകന്റെ തിരുശരീരം ആദ്യമായി സൂക്ഷിച്ച കുസ്തോതിയും ആത്മാക്കളെ ശുദ്ധീകരിപ്പാനുള്ള തിരുരക്തം സജ്ജീകൃതമായ കാസയും മറിയത്തിന്റെ വിമലഹൃദയമാകുന്നു.”

പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയ സക്രാരിയിലാണ് ഈശോ ഏറ്റവും യോഗ്യമായ രീതിയിൽ ആരാധിക്കപ്പെടുന്നതും പുകഴ്ത്തപ്പെടുന്നതും. ഒരു തരത്തിലുമുള്ള നിന്ദാപമാനങ്ങൾക്കോ രക്ഷകൻ അവിടെ വിധേയനാകുന്നില്ല. ഈശോ വസിക്കുന്ന ആലയമാണ് നമ്മുടെ ശരീരം എന്ന ബോധ്യത്തിൽ, ആ ആലയത്തെ നിർമ്മലമായ സൂക്ഷിക്കുമ്പോൾ ഈശോയ്ക്ക് വസിക്കാൻ ഇടമുള്ള യോഗ്യമായ സക്രാരിയായി നമ്മുടെ ജീവിതം പരിണമിക്കുന്നു. അതിനായി നമുക്ക് പ്രാർത്ഥിക്കാം, പ്രയത്നിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.