ധ്യാന പ്രസംഗകർക്കുള്ള ഉപദേശം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിപതിനൊന്നാം ദിനം, ആഗസ്റ്റ് 25, 2022

ദിവ്യകാരുണ്യത്തിന്റെ ഭക്തി കേരളമാകെ പ്രചരിപ്പിക്കുന്നതിൽ നിർണായകമായ സ്വാധീനം ചെലുത്തിയ പറേടത്തിലച്ചൻ നല്ലൊരു ധ്യാന ഗുരുവായിരുന്നു. അച്ചന്റെ അന്ത്യകാല സന്ദേശങ്ങളിൽ ധ്യാന ഗുരുക്കന്മാർ എങ്ങനെ പെരുമാറണമെന്ന് വളരെ വ്യക്തമായി അച്ചൻ നിഷ്കർഷിച്ചിട്ടുണ്ട്.

“നല്ല അറിവും പ്രസംഗ ചാതുര്യവുമുള്ള പട്ടക്കാർ ഇന്ന് ധാരാളമുണ്ട്. വിജ്ഞാനത്തിലും ചിന്താഗതിയിലും വലിയ മാറ്റം വിശ്വാസികളിൽ കടന്നുകൂടിയിട്ടുണ്ട്. അതുകൊണ്ട് കാലോചിതമായ പുരോഗതി ധ്യാന ഗുരുക്കന്മാർക്കുണ്ടായേ മതിയാവൂ. പ്രസംഗകന്റെ ആന്തരിക ജീവിതവും ത്യാഗചൈതവും കളങ്കമറ്റ ഉപവിയുമാണ് പാപികളെ മനസ്സുതിരിക്കുന്നതിനുഉള പറ്റിയ മാർഗ്ഗങ്ങൾ.

എന്റെ സഹോദരന്മാരെ, യഥാർത്ഥത്തിൽ പുണ്യത്തിന്റെ മാറ്റ് ഒരിക്കലും കുറഞ്ഞിട്ടില്ല, കുറയുകയും ഇല്ല. ലോകാസക്തിയുടെ തിരത്തള്ളലിൽ സഭാ നൗക മുങ്ങിപ്പോകും എന്ന് തോന്നിയിരുന്ന കാലങ്ങളിൽ പോലും പാപികൾ വിശുദ്ധന്മാരുടെ പുറകെ ഓടിക്കൂടിയിരുന്നു. ‘എന്നെ കൂടാതെ ഒന്നും ചെയ്യാൻ നിങ്ങൾക്ക് സാധിക്കുകയില്ല’ എന്നുള്ള ദിവ്യോക്തി ധ്യാന ഗുരുവിൻറെ ഹൃദയത്തിലും അധരങ്ങളിലും സദാ ഉണ്ടായിരിക്കണം. സർവ്വോപരി അയാൾ പ്രാർത്ഥനയോടെ ഒരു മനുഷ്യനായിരിക്കണം. ഒരു ഇടവകയിൽ ചെന്നാലുടനെ ഇടവകക്കാരെ സംബന്ധിച്ച് പലരിൽ നിന്നും പലതും കേട്ടന്നുവരാം. അതൊന്നും വിശ്വസിച്ചു കൊണ്ട് പ്രസംഗവിഷയം ആക്കരുത്. ഇടവക വികാരിയോട് ആദരവ് പ്രദർശിപ്പിക്കുകയും ഭക്തിപരങ്ങളായ അദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളെ വിജയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യണം. അദ്ദേഹത്തിൽ വല്ല ബലഹീനതയും ഉണ്ടെങ്കിൽ അത് തിരുത്തേണ്ടത് മെത്രാന്റെ ജോലിയാണെന്ന് മറന്നു പോകരുത്.”

പ്രായോഗികമായ ഈ കാലഘട്ടത്തിലും പ്രസക്തമായ ചില നിരീക്ഷണങ്ങളാണ് അരനൂറ്റാണ്ടുകാലം മുമ്പ് തന്നെ ബഹുമാനപ്പെട്ട പറയടത്തിലച്ചൻ നൽകിയിരിക്കുന്നത്. അവ നമുക്കു പ്രാവർത്തികമാക്കാൻ പരിശ്രമിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.