മാതാവിന്റെ ജനനപ്പെരുനാൾ 

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

എല്ലാ പിറവിയും ഭൂമിയിൽ പ്രത്യാശയുടെ തിരിനാളം തെളിക്കുന്നുവെങ്കിലും ലോകാന്ധകാരമകറ്റുന്ന മിശിഹായുടെ ജനനത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട മറിയത്തിന്റെ ജനനം മാനുഷികജന്മങ്ങളിൽ ഏറ്റം ശ്രേഷ്ഠമാണ്. ആദത്തെയും ഹവ്വയെയും മറ്റ് സൃഷ്ടവസ്തുക്കളിൽനിന്നും വ്യത്യസ്തമായി തന്റെ ഛായയിലും സാദൃശ്യത്തിലും ദൈവം മെനഞ്ഞെടുത്തു. ദൈവപുത്രന് വാസമൊരുക്കിയ പുതിയ ഹവ്വയായ മറിയത്തെ അതിനാൽ ഏറ്റവും മഹനീയമായി ദൈവം സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് മറ്റാർക്കും ലഭിക്കാത്ത അമലോത്ഭവം മറിയത്തിനുമാത്രമായി നൽകുന്നത്. പാപം സ്പർശിക്കാതെ ദൈവത്തെ വഹിക്കാൻ പാപമില്ലാത്ത ഒരു ശരീരം ദൈവത്തിന് ആവശ്യമായിരുന്നു. ഇത് ദൈവത്തിന്റെ പ്രത്യേക തിരഞ്ഞെടുപ്പുകൊണ്ട് മറിയത്തിനുമാത്രം ലഭിച്ചതാണ്.

സഭയുടെ ആരാധനാപഞ്ചാംഗത്തിൽ ഇടംകണ്ടെത്തിയിരിക്കുന്ന മൂന്ന്  ജന്മദിനങ്ങളാണ് യേശുവിന്റേതും മറിയത്തിന്റേതും യോഹന്നാൻ സ്നാപകന്റേതും. ബൈബിളിൽ മാതാവിന്റെ ജനനത്തെക്കുറിച്ച് വിവരിക്കുന്നില്ലെങ്കിലും ആദിമകാലം മുതലുള്ള വിവിധ രചനകളിൽ യോവാക്കീമിന്റെയും അന്നായുടെയും മകളായി മറിയം ജനിച്ചു എന്നുപറയുന്നു. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ എഴുതപ്പെട്ട ‘യാക്കോബിന്റെ സുവിശേഷം’ (Protoevangelium of James) എന്ന കൃതിയിൽ, മറിയത്തിന്റെ ജനനത്തെക്കുറിച്ചു പറയുന്നുണ്ട്. മക്കളില്ലാതെ പ്രയാസത്തിൽ കഴിഞ്ഞിരുന്ന യോവാക്കീമും അന്നയും ദൈവത്തോട് നിരന്തരം ഉപവസിച്ചുപ്രാർഥിച്ചു. മറ്റുള്ളവരുടെ മുമ്പിൽ അപമാനിതരായി ജീവിക്കുന്നത് ദൈവഭക്തരായ അവരെ കൂടുതൽ വിഷമിപ്പിച്ചിരുന്നിരിക്കണം. അങ്ങനെ വിശുദ്ധ ഗ്രന്ഥത്തിൽ കാണുന്ന നിരവധി അത്ഭുത ഗർഭധാരണം പോലെയുള്ള ഒന്നായിരുന്നു പ്രാർഥനയുടെ ഫലമായി മറിയത്തെ അന്ന ഗർഭം ധരിക്കുന്നതും.

പ്രഭാതത്തിൽ ഉദിച്ചുയരുന്ന സൂര്യനുമുമ്പേ ഉഷകാലതാരമായി ഇസ്രായേലിൽ ഉദിച്ച നക്ഷത്രത്തോടാണ്‌ പല സഭാപിതാക്കന്മാരും മറിയത്തെ തുലനം ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും വിശുദ്ധിയുള്ളവളായി ലോകരക്ഷകന്റെ അമ്മയാകാന്‍വേണ്ടിയാണ് മറിയം ഈ ഭൂമിയില്‍ ജനിച്ചത്. ഈ മകനെ രക്ഷകനായി സ്വീകരിക്കുന്നവരെല്ലാം ഈ അമ്മയെ ആത്മീയമാതാവായും സ്വീകരിക്കേണ്ടതാണ്. അവളുടെ മകന്റെ അനന്തമായ യോഗ്യതകള്‍കാരണം, മറിയം തന്റെ അമ്മയുടെ ഉദരത്തില്‍ ഉരുവായത് പരിപൂര്‍ണ്ണ അമലോത്ഭവയും ദൈവാനുഗ്രഹം നിറഞ്ഞവളുമായിട്ടാണ്. മാതാവിന്റെ അപദാനങ്ങൾ വാഴ്ത്തുന്നതിലും കൂടുതൽ അവൾ ഇഷ്ടപ്പെടുന്നത് നാം യേശുവിനെ അനുകരിക്കാൻ ശ്രമിക്കുന്നതാണ്. ദൈവത്തിന്റെ കൃപയാൽ അവൾ പാപമില്ലാതെ ജനിച്ചെങ്കിലും പാപമില്ലാതെ ജീവിച്ചത് അവൾ ദൈവത്തിന് കൊടുത്ത പ്രത്യുത്തരമാണ്. മറിയത്തെപ്പോലെ വിശുദ്ധിയിൽ ജീവിച്ച് നമ്മുടെ ജന്മവും ധന്യമാക്കാം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.