കരകയറാനൊരു കരവലയം

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വർഷങ്ങൾക്കു മുമ്പാണ് ഈ സംഭവം. ജോലിസംബന്ധമായ ആവശ്യത്തിന്  ഗൾഫിലേക്കുപോയ ഒരു യുവതി ഇങ്ങനെ പറയുകയുണ്ടായി: “നാട്ടിലുള്ളവർക്ക് എന്തൊരനുഗ്രഹമാണ്. ഞായറാഴ്ചകളിലും വേണമെങ്കിൽ എല്ലാദിവസവും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാം. എന്നാൽ ഇവിടെയാണെങ്കിൽ ഞായറാഴ്ചപോലും അതിന് അവസരമില്ല. ഇനി ഉണ്ടെങ്കിൽക്കൂടി കിലോമീറ്ററുകൾ യാത്രചെയ്യേണ്ടിവരും.”

നാട്ടിലുണ്ടായിരുന്നപ്പോൾ പല അവസരങ്ങളിലും അലസതമൂലം പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ഇപ്പോഴാണ് നൊമ്പരപ്പെടുന്നത്.

“ഈയൊരു വിഷമത്തിൽനിന്ന് മറികടക്കാൻ ഞങ്ങളിൽ ചിലർ ഒരുമിച്ച് ജപമാല ചൊല്ലി പ്രാർഥിക്കുകയാണ് പതിവ്. സത്യത്തിൽ ജപമാല എന്ന പിടിവള്ളി ഇല്ലായിരുന്നെങ്കിൽ ഞങ്ങളിൽപലരും എന്നേ തകർന്നുപോകുമായിരുന്നു?”

പുരോഹിതനായ എന്നെപ്പോലും ഇരുത്തി ചിന്തിപ്പിച്ച വാക്കുകളാണ് ആ സഹോദരി പങ്കുവച്ചത്. പരിശുദ്ധ ബലിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക്, ആശുപത്രിവരാന്തകളിൽ ദുഃഖിച്ചിരിക്കുന്നവർക്ക്, അത്യാഹിതവിഭാഗങ്ങളിൽ ഒരു വാക്കുപോലും ഉരിയാടാൻ കഴിയാതെ കിടക്കുന്നവർക്ക്, ജീവിതത്തിലെ പ്രതിസന്ധികളിൽ ഒറ്റപ്പെട്ടുപോകുന്നവർക്കെല്ലാം കരകയറാനൊരു കരവലയമാണ് ജപമാല!

തീർച്ചയായും ജപമാലയിലൂടെ അമ്മ നമ്മെ നയിക്കുന്നത് ഈശോയിലേക്കാണ്. ജപമാല ഒരിക്കലും പരിശുദ്ധ കുർബാനയ്ക്കുപകരമാകില്ല. എന്നാലും നമ്മുടെ പല കുടുംബങ്ങളിലും കുടുംബനാഥന്റെ നേതൃത്വത്തിൽ എന്നും സന്ധ്യയ്ക്ക് ഒരുമിച്ച് അർപ്പിക്കുന്ന ദിവ്യബലിയല്ലേ ജപമാല.

“നിങ്ങളുടെ സന്ധ്യാപ്രാർഥനയ്ക്കുശേഷം പരസ്പരം സ്തുതികൊടുക്കുന്ന രീതി എത്ര മഹത്കരമാണ്. ആ സ്തുതികൊടുക്കലിൽ കലഹങ്ങളും പിണക്കങ്ങളുമെല്ലാം അലിഞ്ഞില്ലാതായ് സ്വസ്ഥമായ് വിശ്രമിക്കാനാകും” എന്ന, സിനിമാനടൻ ജയസൂര്യയുടെ വാക്കുകൾ ഓർത്തുപോകുന്നു.

കുഞ്ഞുനാളിൽ മാതാപിതാക്കളും വേദപാഠ അധ്യാപകരുമെല്ലാം നിർബന്ധിച്ച് പഠിപ്പിച്ച ഈ പ്രാർഥനയുടെ വിലയറിയണമെങ്കിൽ ഒറ്റപ്പെടലുകളും ഏകാന്തതയും നമ്മെ പൊതിഞ്ഞുനിൽക്കണം. അപ്പോഴെല്ലാം ഒരു കുഞ്ഞിനെപ്പോലെ ജപമാലയെടുത്ത് ആരെല്ലാം മറിയത്തിന്റെ സഹായംതേടിയിട്ടുണ്ടോ അവരെല്ലാം ജീവിതത്തിലേക്ക് കരകയറിയിട്ടുണ്ട്.

“ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍” (മത്തായി 18:4) എന്നുപറഞ്ഞ ക്രിസ്തുവിന്റെ വാക്കുകൾ നെഞ്ചേറ്റി, ഒക്ടോബർ മാസത്തിൽ മാത്രമല്ല, ജീവിതം മുഴുവനും ഒരു കുഞ്ഞിനെപ്പോലെ ജപമാലയെ മുറുകെപ്പിടിക്കാം. അമ്മയിലൂടെ ഈശോയിലേക്ക് യാത്രതുടരാം. എന്തെന്നാൽ, കാൽവരിക്കുരിശിൽ പ്രാണൻ വെടിയുന്നതിനുമുമ്പ് “ഇതാ, നിന്റെ അമ്മ” എന്നുപറഞ്ഞ് ക്രിസ്തു നമുക്കുനൽകിയ നിധിയാണ് മറിയം. ആ മറിയത്തെ മുറുകെപ്പിടിച്ചാൽ നമ്മളാരും പിന്നെ തനിച്ചല്ല. ഉറപ്പ്!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.