സ്‌നേഹമായിരിക്കട്ടെ നമ്മുടെ സ്വപ്നം

ഈശോയുടെ തിരുഹൃദയം മനുഷ്യമക്കളോടുള്ള സ്‌നേഹത്താല്‍ ജ്വലിക്കുകയാണ്. ഈശോയുടെ ജനനം മുതല്‍ ഉത്ഥാനം വരെയുള്ള ഓരോ നിമിഷവും മനുഷ്യമക്കളോടുള്ള സ്‌നേഹത്തെപ്രതിയായിരുന്നു. സ്‌നേഹം ബലിയാണെന്ന് ഈശോ നമ്മെ പഠിപ്പിച്ചു. ഈശോ തന്റെ കുരിശുമരണത്തിലൂടെ നമുക്ക് നിത്യരക്ഷ പ്രദാനം ചെയ്തു. ഈശോ നമ്മോടും പറഞ്ഞത്, ‘ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍’ എന്നാണ്. നമ്മുടെ ജീവിതത്തിന്റെ സകല ആഗ്രഹങ്ങളും പ്രതീക്ഷകളും സാക്ഷാത്കരിക്കപ്പെടേണ്ടത് ഈശോയിലാണ്. ഈശോയുടെ തിരുഹൃദയം ഒത്തിരിയേറെ പുണ്യങ്ങളാല്‍ നിറഞ്ഞതാണെങ്കിലും ഹൃദയം എന്ന പദം കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളിലേക്ക് കടന്നുവരുന്ന ഓര്‍മ്മകള്‍ സ്‌നേഹം എന്ന പുണ്യത്തെക്കുറിച്ചാണ്.

നാം സഹോദരങ്ങളെ സ്‌നേഹിക്കുമ്പോള്‍ ദൈവത്തെ തന്നെയാണ് സ്‌നേഹിക്കുന്നത്. സ്‌നേഹിക്കുമ്പോള്‍ നാം ദൈവത്തോടു കൂടെയാണ് എന്നല്ല മറിച്ച് ദൈവം നമ്മുടെ ഉള്ളിലാണ് എന്നാണ് പറയേണ്ടത്. നമ്മുടെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് നോക്കുമ്പോള്‍ ചില നഷ്ടബോധങ്ങള്‍ നമുക്കുണ്ടാവാം. നാം സ്‌നേഹിക്കാന്‍ മറന്നുപോയ അവസരങ്ങള്‍, വ്യക്തികള്‍… അംഗീകാരത്തിന്റെ പുഞ്ചിരിക്കും പ്രോത്സാഹനത്തിന്റെ നല്ല വാക്കുകള്‍ക്കുമായി നമ്മുടെ അരികിലേക്ക് കടന്നുവരുന്നവരെ സ്‌നേഹം കൊണ്ട് അനുഗ്രഹിക്കുക. വി. പൗലോസ് ശ്ലീഹാ സ്‌നേഹത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “ശരിയായ സ്‌നേഹമുള്ളിടത്ത് അസൂയയില്ല, കോപമില്ല, അഹങ്കാരമില്ല, സ്വാര്‍ത്ഥതയില്ല. അത് അധര്‍മ്മത്തില്‍ സന്തോഷിക്കുന്നില്ല. സത്യത്തില്‍ ആനന്ദം കൊള്ളുന്നു. സ്‌നേഹിക്കുന്നിടത്ത് ശാന്തിയുണ്ട്, സന്തോഷമുണ്ട്, വളര്‍ച്ചയുണ്ട്, ഐക്യമുണ്ട്, ദൈവസാന്നിധ്യമുണ്ട്. സ്‌നേഹത്തിന്റെ വഴികളെല്ലാം ഹൃദ്യമാണ്, ആകര്‍ഷകമാണ്. അതിനാല്‍ നമുക്കും പരസ്പരം സ്‌നേഹിക്കാം. കാരണം ദൈവം സ്‌നേഹമാകുന്നു.”

ദൈവസ്നേഹത്തിന്റെ ആഴം തിരിച്ചറിയാം

പ്രമാണങ്ങളുടെ പൂര്‍ത്തീകരണം സ്‌നേഹത്തിലാണ്. വിശുദ്ധരുടെ ജീവിതമെല്ലാം മനുഷ്യസ്‌നേഹത്തിന്റെ അത്ഭുതകരമായ സാക്ഷ്യമാണ്. യേശുക്രിസ്തുവുമായുള്ള സ്‌നേഹബന്ധത്തില്‍ നിന്ന് ഒരു ശക്തിക്കും നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ല. സ്വയം മറന്ന് മറ്റുള്ളവരുടെ നന്മയ്ക്കും രക്ഷക്കുമായി സ്വയം പങ്കുവയ്‌ക്കേണ്ട വേദിയാണ് നമ്മുടെ സമൂഹജീവിതവും കുടുംബജീവിതവും. ജീവിതം അര്‍ത്ഥവത്താകാന്‍ മൂന്നു കാര്യങ്ങള്‍ നാം ശ്രദ്ധിക്കണം.

1. എന്റെ കൂടെ എപ്പോഴും ദൈവമുണ്ട് എന്ന വിശ്വാസം.

2. ചെയ്തു തീര്‍ക്കാന്‍ ചില ദൗത്യങ്ങളുണ്ടെന്ന വിശ്വാസം.

3. സ്‌നേഹിക്കാന്‍ വിശാലമായ  ഒരു ഹൃദയമുണ്ട്.

ദൈവം നമ്മോടു കാണിച്ച സ്‌നേഹത്തിലൂടെ ദൈവസ്‌നേഹത്തിന്റെ ആഴം നമുക്ക് മനസിലാക്കാം. ക്രിസ്തുസ്‌നേഹത്തിന്റെ ഉള്‍ക്കാഴ്ച്ച നമ്മെ പുതിയ വ്യക്തികളാക്കുന്നു. നമ്മുടെ ജീവിതം പാവങ്ങളിലേക്കും തിരസ്‌കൃതരിലേക്കും കടന്നുചെല്ലാനും വികൃതമായതിനെ ആശ്ലേഷിക്കാനും വേണ്ടിയുള്ളതാണ്. നിരുപാധികമായ സ്‌നേഹത്തിലൂടെ മാത്രമാണ് സ്‌നേഹത്തിന്റെ പൂര്‍ണ്ണതയിലേക്ക് നാം നടന്നടുക്കുക. മറ്റുള്ളവരുടെ കുറവുകളും അവിശ്വസ്തതകളും പരിഗണിക്കാതെ സ്‌നേഹം മാത്രം പകര്‍ന്നുകൊടുക്കുന്നതാണ് സ്‌നേഹത്തിന്റെ പൂര്‍ണ്ണത. വിലയില്ലാത്തവരിലും തിരസ്‌കൃതരിലും ക്രിസ്തുവിനെ കണ്ടുമുട്ടുവാന്‍ കഴിയുന്നതാണ് സ്‌നേഹം. അവിടുന്ന് നമ്മെ നിരുപാധികം സ്‌നേഹിച്ചു. അതിനാല്‍ നമുക്കും പരസ്പരം സ്‌നേഹിക്കാം.

സി. ലിന്‍സി കെ.ബി. DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.