വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം: മുപ്പത്തിയേഴാം ദിനം

ജിന്‍സി സന്തോഷ്‌

ഓർമ്മയില്ലേ വേറോനിക്കയെ! കുരിശിന്റെ വഴിയിൽ നാം കണ്ടുമുട്ടുന്ന ധൈര്യശാലി. നാടും നാട്ടാരും പടയാളികളും എന്തും പറയട്ടെ എന്ന് ഉറച്ചുകൊണ്ട്, മറ്റാരും ധൈര്യപ്പെടാതെ മാറിനിന്നപ്പോൾ തന്റെ തൂവാല കൊണ്ട് യേശുവിന്റെ രക്തം പുരണ്ട മുഖം തുടച്ചവൾ. തൊട്ടാൽ രക്തസ്രാവം നിർത്താൻ കഴിവുള്ളവന്റെ മുഖം തുടച്ചാലോ? അതും അവനെ ആർക്കും വേണ്ടാത്തപ്പോൾ. പ്രതിഫലം ഉറപ്പ്.

അവൾ പ്രകടിപ്പിച്ചത് സ്നേഹമാണ്. പകരം അവൻ നൽകിയതും സ്നേഹം. ഒരു ‘ഓട്ടോഗ്രാഫ്’ മുഖം തുടച്ച തൂവാലയിൽ തിരുമുഖഛായ പതിപ്പിച്ചു. 2000 വർഷങ്ങൾക്കിപ്പുറവും കാൽവരി യാത്രയിൽ യേശുവിനെ തേടിയെത്തിയ വിശുദ്ധ സ്നേഹത്തിന്റെ പ്രതീകമായി അവൾ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു.

ജീവിതപ്രതിസന്ധികളിൽ, അരക്ഷിതത്വത്തിന്റെ നടുക്കടലിൽ, ചുറ്റുമുള്ള ലോകത്തിൽ ആശ്രയം വയ്ക്കാതെ നിന്റെ സൃഷ്ടാവിലേക്ക് ദൃഷ്ടികളുയർത്തുക. ജീവിതയാത്രയിലെ നീ ഏറ്റെടുത്ത സ്വകാര്യത്യാഗങ്ങൾ, ക്രിസ്തുവിനെപ്രതി സഹിച്ച സഹനങ്ങൾ, ദൈവരാജ്യത്തിനു വേണ്ടി നീ കൊടുത്ത വില, ആരും കാണാതെ നീ ഒഴുക്കിയ കണ്ണുനീര്… മനുഷ്യർ ഇതൊന്നും കണ്ടിട്ടില്ല. അവന് കാണാൻ പറ്റാത്തത് കാണുന്ന ഒരു കർത്താവ് നിനക്കുണ്ട്. നിന്റെ ചങ്കിലെ നേര് കാണുന്ന ഒരു ദൈവം. നിന്റെ അലച്ചിലുകൾ അവൻ എണ്ണിയിട്ടുണ്ട്. നിന്റെ കണ്ണീർത്തുള്ളികൾ അവൻ കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്. തന്റെ മുമ്പിൽ നിഷ്കളങ്കതയോടെ വർത്തിക്കുന്നവർക്കു വേണ്ടി തന്റെ ശക്തി പ്രകടിപ്പിക്കാൻ കർത്താവിന്റെ കണ്ണുകൾ ഭൂമിയിലുടനീളം പായുന്നു. “ആയിരം സൂര്യനേക്കാൾ തേജസ്സുള്ളതാണ് അവന്റെ കണ്ണുകൾ”എന്ന് പ്രഭാഷക ഗ്രന്ഥം.

ജീവിതത്തിൽ എന്നെങ്കിലുമൊരിക്കൽ അർഹിക്കാത്ത ഒരു സ്നേഹമോ, പരിഗണനയോ നിന്റെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ തിരിച്ചറിയണം, ഒരിക്കൽ ആരും കാണാതെ ഒഴുക്കിയ കണ്ണുനീര് അവൻ കണ്ടതിന്റെ, കണക്കു വച്ചതിന്റെ പ്രതിഫലമാണത്. മനുഷ്യരെ കൊണ്ട് നിർബന്ധിച്ച് സ്നേഹിപ്പിക്കരുത്. കാരണം മനുഷ്യർ തന്നാൽ പിന്നെ ദൈവം തരുമ്പോൾ സ്വീകരിക്കാൻ നിനക്കു കരങ്ങൾ തുറക്കാൻ കഴിയില്ല. “രഹസ്യങ്ങൾ അറിയുന്ന പിതാവ് പ്രതിഫലം തരും” എന്ന് വാഗ്ദാനം ചെയ്തവൻ ഇന്നും ജീവിക്കുന്നു.

പൊതുസ്ഥലങ്ങളിൽ എന്തിന്, വീട്ടകങ്ങളിലെങ്കിലും ധീരതയോടെ ക്രിസ്തുവിന്  സാക്ഷ്യം നൽകാൻ അവന്റെ തിരുമുഖഛായ ഹൃദയത്തിൽ പതിപ്പിക്കാൻ വിശുദ്ധിയുടെ ഈ വീണ്ടെടുപ്പുകാലം നമ്മെ സഹായിക്കട്ടെ.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.