50 നോമ്പ് ധ്യാനം 11: പത്രോസ് – പരാജയപ്പെടുത്തിയ ബലഹീനത

തിരുവചന വായനയില്‍ വിശ്വാസികളെ ഒരേസമയം അത്ഭുതപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ഗുരുവിനെ തള്ളിപ്പറയുന്ന പത്രോസ് എന്ന വലിയ മുക്കുവന്റെ ചിത്രം. ഗുരുവിന്റെ പ്രിയശിഷ്യനില്‍നിന്ന് ഇങ്ങനെയൊന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല!

പത്രോസ് ഗുരുവിനെ തള്ളിപ്പറഞ്ഞത് അവിടുത്തെ ഏറ്റുപറയാനുള്ള മടികൊണ്ടോ, യൂദാസിനെപ്പോലെ ഭൗതികമായ താല്പര്യങ്ങള്‍ കൊണ്ടോ അല്ല. ഹൃദയംനിറയെ സ്‌നേഹവും മനസ്സുനിറയെ നന്മയും ഗുരുവിനോട് അളവറ്റ ആദരവുമുള്ളവനായിരുന്നു പത്രോസ്. മറ്റു ശിഷ്യരെല്ലാം ഓടിമറഞ്ഞപ്പോള്‍ ഉപേക്ഷിക്കാനാവാതെ, കൈവിടാന്‍ കൂട്ടാക്കാതെ അകലെയാണെങ്കിലും ഗുരുവിനെ അനുഗമിച്ചവനാണ് പത്രോസ്. എന്നിട്ടും പത്രോസിനു കാലിടറി, നാവു പിഴച്ചു. ഹൃദയത്തിലെ ആദരവും സ്‌നേഹവും പ്രകടിപ്പിക്കാനോ, ഗുരുവിനോടുള്ള സമര്‍പ്പണം ഏറ്റുപറയാനോ സാധിച്ചില്ല. ചേര്‍ന്നുനില്‍ക്കേണ്ട സമയത്ത് ഗുരുവിനോടൊപ്പം നില്‍ക്കാന്‍ പത്രോസിനായില്ല.

പത്രോസിന്റെ തള്ളിപ്പറച്ചില്‍, യൂദാസ് ചെയ്തതുപോലെ മുന്‍കൂട്ടി ഒരുക്കിയ തിരക്കഥയല്ലായിരുന്നു. ആലോചിച്ചുറച്ച് മനഃപൂര്‍വം ചെയ്ത ഒന്നല്ല. ചില നിമിഷങ്ങളില്‍ ബലഹീനത ആധിപത്യംപുലര്‍ത്തിയപ്പോള്‍ പത്രോസിനു പിടിച്ചുനില്‍ക്കാനായില്ല. താൻ അറിയാതെതന്നെ തന്നിലെ ബലഹീനത പത്രോസിനെ നിയന്ത്രിച്ചു. പത്രോസിനെ പരാജയപ്പെടുത്തിയ ബലഹീനത ഭയമാണ് – മൂന്നുതരത്തിലുള്ള ഭയം.

പത്രോസ് മറ്റുള്ളവരെ ഭയപ്പെട്ടു. അറിയാമായിരുന്നിട്ടും അറിയില്ല എന്നുപറയാന്‍ പത്രോസിനെ പ്രേരിപ്പിച്ചത് യഹൂദനേതാക്കളെയും ജനക്കൂട്ടത്തെയും ഭയപ്പെട്ടതുകൊണ്ടാണ്. എല്ലാവരും യേശുവിനെ തള്ളിപ്പറയുമ്പോള്‍ ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കാന്‍ പത്രോസിനു കഴിയാതെപോയത്, അവരെക്കുറിച്ചുള്ള ഭയം ഉള്ളില്‍ നിറഞ്ഞതുകൊണ്ടാണ്. അവരുടെയിടയില്‍ ഒറ്റപ്പെട്ടുപോയ പത്രോസ് ഭയപ്പെട്ടു. ആ ഭയത്തിന്റെ വേലിയേറ്റത്തില്‍ ഗുരുവിനെ ഏറ്റുപറയാന്‍ പത്രോസിനു കഴിഞ്ഞില്ല. പത്രോസ് സാഹചര്യങ്ങളെ ഭയപ്പെട്ടു. തനിക്ക് ഒട്ടും അനുകൂലമല്ലാത്ത ഒരു സാഹചര്യത്തിലായിരുന്നു പത്രോസ്. എല്ലാം കൈവിട്ടുപോയ അവസ്ഥ. പെട്ടെന്ന് താന്‍ ഒറ്റയ്ക്കായി എന്ന തോന്നല്‍. സാഹചര്യങ്ങളെ നേരിട്ട് വിജയിക്കാതെ അവയില്‍നിന്ന് ഒളിച്ചോടാനായിരുന്നു പത്രോസിന് തിടുക്കം. സാഹചര്യങ്ങളുടെമേലുള്ള നിയന്ത്രണം പത്രോസിന് ഇല്ലാതെപോയി. കാരണം, അവന്റെ ഹൃദയം ഭയംകൊണ്ടു നിറഞ്ഞിരുന്നു.

തന്റെ അവസ്ഥ എന്താകുമെന്ന ഭയവും പത്രോസിനെ അലട്ടിയിരിക്കാം. പച്ചമരത്തോട് ഇപ്രകാരമാണ് അവര്‍ ചെയ്യുന്നതെങ്കില്‍ ഉണക്കമരത്തോടുള്ള അവരുടെ മനോഭാവം എന്തായിരിക്കുമെന്ന ഗുരുമൊഴികള്‍ പത്രോസിന്റെ മനസ്സില്‍ ഉയര്‍ന്നുകാണണം. ചിലപ്പോള്‍ ഗുരുവിനെപ്പോലെ അപമാനത്തിന്റെയും പീഡകളുടെയും സഹനങ്ങളുടെയും അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്നാലോ എന്ന് പത്രോസ് ഭയന്നിട്ടുണ്ടാവണം. ഏറ്റെടുക്കേണ്ടിവന്നേക്കാവുന്ന ഭീകരമായ പീഡകളെക്കുറിച്ചുള്ള ഭയം പത്രോസിനെ തളര്‍ത്തിയിട്ടുണ്ടാവണം. ആ ഭയമായിരിക്കണം അവന്റെ നാവില്‍ വിരിയേണ്ടിയിരുന്ന ‘ഞാനും അവന്റെ ശിഷ്യനാണ്’ എന്ന വാക്കുകളെ ഇല്ലായ്മ ചെയ്തത്. മരണത്തെയും, പത്രോസ് തീര്‍ച്ചയായും  ഭയപ്പെട്ടിട്ടുണ്ടാവണം.

അപമാനങ്ങളെയും പീഡകളെയും സഹനങ്ങളെയും നേരിട്ട ഗുരു പതറിയില്ല. പക്ഷേ, പത്രോസ് പതറിപ്പോയി – ഗുരുവില്‍നിന്ന് അവന്റെ ശ്രദ്ധ മറ്റുള്ളവരിലേക്കും സാഹചര്യങ്ങളിലേക്കും തന്നിലേക്കുതന്നെയും മാറിയപ്പോള്‍. പണ്ട് കടലിനുമീതെ നടന്നപ്പോള്‍ ഗുരുവിന്റെ മുഖത്തുനിന്ന് കാല്‍ച്ചുവട്ടിലെ തിരമാലകളിലേക്കു നോട്ടംമാറിയപ്പോള്‍ കടലില്‍ മുങ്ങിത്താഴ്ന്നതുപോലെ ഇവിടെയും പത്രോസ് മുങ്ങിപ്പോയി; തന്റെ ഭയങ്ങളുടെ ആഴക്കടലിലേക്ക്. താന്‍ ആരാണെന്നും തന്റെ ജീവിതനിയോഗം എന്താണെന്നും അല്പനേരത്തേക്ക് പത്രോസ് മറന്നുപോയി. ഗുരുവിന്റെ മുന്നറിയിപ്പുകളൊന്നും അവന്റെ ഓര്‍മ്മയിലുണ്ടായിരുന്നില്ല. അതെല്ലാം അവനെ ഓര്‍മ്മിപ്പിക്കാന്‍ ഗുരുവിന്റെ കരുണാദ്രമായ നോട്ടം വേണ്ടിവന്നു; എവിടെനിന്നോ കൂവിയ കോഴിയുടെ നിലവിളി വേണ്ടിവന്നു.

ജീവിതവ്യഗ്രതകളിലും ഭയങ്ങളിലുംപെട്ട് ക്രിസ്തുവിനെ അനുഗമിക്കാന്‍, ഏറ്റുപറയാന്‍ കഴിയാത്തവരായി നാമും മാറാറില്ലേ? അത് ഗുരുവിനെ ഏറെ വേദനിപ്പിക്കുന്നുണ്ട് എന്ന് നാം തിരിച്ചറിയാറുണ്ടോ? ഇത് പത്രോസിന്റെ മാത്രം കഥയല്ല; നമ്മുടെയും കഥയാണ്. പത്രോസിനുനേരെ വിരല്‍ ചൂണ്ടുന്നതിനുമുമ്പ് ‘ഞാന്‍ പിഴയാളി’ എന്ന് ഉറക്കെ നിലവിളിക്കാന്‍ നമുക്കു കഴിഞ്ഞിരുന്നെങ്കില്‍! ഇടയ്‌ക്കൊക്കെ നീയും ഒന്നോര്‍മ്മിക്കുന്നത് നല്ലതാണ് – സ്ഥാനമാനങ്ങള്‍ക്കുവേണ്ടി, ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി ഗുരുവിനെ ഒറ്റിക്കൊടുത്ത വഴികള്‍, ധൈര്യമില്ലാതെ ഭയപ്പെട്ട് യേശുവിനെ തള്ളിപ്പറഞ്ഞ അവസരങ്ങള്‍. നിന്നെ നോക്കുന്ന ഗുരുവിന്റെ മിഴികളില്‍ നിന്റെ മിഴികളും ഉടക്കട്ടെ. അത് നിന്റെ മാനസാന്തരത്തിന്റെ തുടക്കമാവട്ടെ. അപ്പോള്‍ പത്രോസിനെപ്പോലെ ഹൃദയം നൊന്തു കരയാന്‍ നിനക്കും കഴിയും.

ഡോ. മാത്യു ഓലിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.