50 നോമ്പ് ധ്യാനം 4: പിതാവേ, ഇവരോടു ക്ഷമിക്കേണമേ

മലയാളത്തിലെ സ്‌നേഹഗായികയായ സി. മേരി ബനീഞ്ഞയുടെ ‘കുരിശിനോട്’ എന്ന കവിത പ്രസിദ്ധമാണ്.

കുരിശേ കുരിശേ അടുത്തുവാ നീ –
വിരവില്‍ സ്വാഗതമോതിടുന്നിതാ ഞാന്‍
ഒരു നീരസവുമില്ലെനിക്കു നിന്നില്‍
പെരുകും പ്രീതി വളര്‍ന്നിടുന്നു നിത്യം.

ക്രിസ്തുവിന്റെ കുരിശിലെ നൊമ്പരങ്ങളെ നെഞ്ചോടു ചേര്‍ത്തുവച്ചുകൊണ്ട് മേരി ബനീഞ്ഞ പാടുന്ന ഈ ഈരടികളില്‍ നൊമ്പരങ്ങളുടെ കനല്‍ക്കാറ്റുണ്ട്. അതിനെ സ്‌നേഹത്തിന്റെ ചാലിലൂടെ ആലപിക്കാനാകുന്നത് കുരിശില്‍നിന്നും സ്വീകരിച്ച ക്ഷമയുടെ ഈരടികള്‍ നിറഞ്ഞുനില്‍ക്കുന്നതുകൊണ്ടാണ്.

ക്രിസ്തുവിന്റെ കുരിശിലെ സഹനത്തിന്റെ ഈരടികളായിരുന്നു ‘കര്‍ത്താവേ ഇവരോടു ക്ഷമിക്കേണമേ’ എന്ന വചനം. ജീവിതസഹനങ്ങള്‍ക്കുനടുവില്‍ ക്ഷമയുടെ ഗാനമാലപിക്കാന്‍ ക്രിസ്തുവിന്റെ കുരിശ് നമുക്ക് ശക്തി നല്‍കുന്നു. തെറ്റിധാരണകളുടെയും അവഹേളനങ്ങളുടെയും കയ്പുനീര്‍ കുടിക്കേണ്ടിവന്നപ്പോള്‍ അവിടെയൊന്നും പതറാതെ സ്‌നേഹസങ്കീര്‍ത്തനം ആലപിക്കാന്‍ ക്രിസ്തുവിനു ശക്തിപകര്‍ന്നത് ദൈവവുമായുള്ള സമ്പര്‍ക്കമാണ്.

ഏകാന്തതയില്‍ ദീര്‍ഘനേരം ദൈവവുമായുള്ള സംഭാഷണത്തിനു സമയം കണ്ടെത്തി ദൈവവുമായി സമ്പര്‍ക്കത്തിലായിരിക്കാനുള്ള കാലഘട്ടമാണ് നോമ്പ്. അതില്‍, ജീവിയാത്രയിലേറ്റ നൊമ്പരങ്ങളുടെയും അവഹേളനങ്ങളുടെയും തെറ്റിധാരണകളുടെയും കുരിശുകളെ അലിയിച്ചുകളയാന്‍ സാധിക്കും. നോമ്പുകാല ധ്യാനാനുഭവങ്ങള്‍ നമ്മെ വഴിനടത്തുന്നത് ഈ ആത്മീയാനുഭവത്തിലേക്കാണ്.

കുരിശില്‍നിന്നും കേട്ട ക്രിസ്തുവിന്റെ വലിയ ശബ്ദമായിരുന്നു ‘എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ടു നീയെന്നെ ഉപേക്ഷിച്ചു.’ ഇത് പരാജിതന്റെ നിലവിളിയല്ല. പ്രതിസന്ധികളിലും ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നവന്റെ വിജയസങ്കീര്‍ത്തനമാണ് (സങ്കീ. 22:1). ഈ സ്‌നേഹസങ്കീര്‍ത്തനത്തെ സഹനങ്ങള്‍ക്കിടയില്‍ ആലപിക്കുന്നത് കണ്ടതുകൊണ്ടാണ് അവസാന മണിക്കൂറില്‍ ശതാധിപന്‍ ഏറ്റുപറഞ്ഞത്, “ഈ മനുഷ്യന്‍ സത്യമായും ദൈവപുത്രനായിരുന്നു” എന്ന്.

ക്ഷമയിലൂടെയും സഹനത്തിലൂടെയും വീണ്ടെടുത്ത ക്രിസ്തുവിന്റെ ധീരതയുടെ ആന്തരികാര്‍ഥം നാം മനസ്സിലാക്കണം. കുരിശില്‍ നിസ്സഹായരായി ജീവന്‍വെടിയുന്നവരെ ആദ്യമായല്ല ശതാധിപന്‍ കണ്ടുമുട്ടുന്നത്. കൊലക്കയറിനരികില്‍ പിടഞ്ഞുമരിക്കുന്നവരുടെ അവസ്ഥകള്‍ക്കു ദീര്‍ഘനാളത്തെ സാക്ഷിയായ വ്യക്തിയാണ് ഈ ശതാധിപന്‍. ആദ്യമായിട്ടായിരിക്കും ഇവരോടു ക്ഷമിക്കണമേ എന്ന സ്‌നേഹകീര്‍ത്തനം കുരിശില്‍നിന്നും കേള്‍ക്കുന്നത്. മാത്രമല്ല, കുരിശിലെ മരണത്തിന്റെ ദാരുണമായ രംഗങ്ങള്‍ അയാളുടെ മനസ്സില്‍ എന്നുമുണ്ടായിരുന്നു. കുരിശില്‍ തറയ്ക്കപ്പെട്ട്, ഒരിറ്റ് ഉമിനീര് ഇറക്കാനാകാതെ ക്ലേശിച്ച്, നാക്ക് അണ്ണാക്കില്‍ കുടുങ്ങി, ശ്വാസംലഭിക്കാതെ ക്ലേശിച്ചാണ് ക്രൂശിതന്‍ തലചായ്ക്കുന്നത്. ക്ഷമിച്ചുകൊണ്ട് എങ്ങനെ, പ്രതിയോഗിയെപ്പോലും വശത്താക്കാമെന്ന് ക്രിസ്തുവിന്റെ കുരിശിലെ രംഗങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

ക്രിസ്തുവിന്റെ കുരിശിലെ ക്ഷമയുടെ രംഗങ്ങള്‍ നമ്മുടെ ജീവിതത്തിനും വലിയൊരു വെളിച്ചമാണ്. ജീവിതത്തിലെ പരിമിതികളുടെയും പരാധീനതകളുടെയും ഭാണ്ഡക്കെട്ടുകളുമായി വഴിമുട്ടിനില്‍ക്കുമ്പോള്‍ ക്രിസ്തുവിന്റെ കുരിശ് നമുക്ക് അഭിമുഖമായിട്ടുണ്ട്. കുരിശിലെ ശബ്ദം പരാജയത്തിന്റേതല്ല, സഹനത്തിലൂടെയും ക്ഷമയിലൂടെയും വിജയിച്ചതിന്റെ കഥയാണ്. ചിലപ്പോള്‍ നമ്മോടുതന്നെ പൊരുതാന്‍ പഠിപ്പിക്കുന്ന ചില പാഠങ്ങളും കുരിശിലുണ്ട്. അഹങ്കാരത്തിന്റെയും ആധിപത്യത്തിന്റെയും അധികാരഭാവത്തോടെയുള്ള അടഞ്ഞ മനഃസ്ഥിതിയെ തുറവിയോടെ നോക്കിക്കാണാന്‍ ക്ഷമയുടെയും വിനയത്തിന്റെയും വഴികള്‍ നാം തിരയണം. എത്രമാത്രം എളിമപ്പെടണമെന്നും വിധേയപ്പെടണമെന്നും മനസ്സിലാക്കാന്‍ കുരിശിലെ പാഠങ്ങള്‍ അനിവാര്യമാണ്. ക്രിസ്തുവിന്റെ ശൈലിക്കു ചേരാത്തതിനെ നിര്‍മ്മാര്‍ജനം ചെയ്യാന്‍ ഒരു ചെത്തിമിനുക്കല്‍ അനിവാര്യമാണ്.

സിന്ധു കെ.വി യുടെ കവിതയിലെ വരികള്‍ ഇപ്രകാരമാണ്:

നല്ലൊരു തച്ചനായിരുന്നു നീ
എന്നില്‍ നിന്നെ കൊത്തിവയ്ക്കുവാൻ മാത്രം
എന്റെ മണം, രുചി, ഭാഷ, നിറം
നീയല്ലാത്തതെല്ലാം ചെത്തിനീക്കി.

ദൈവം നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താന്‍ ചില കുരിശുകള്‍ തരുമ്പോള്‍ അവയെ ക്ഷമാപൂര്‍വം ഏറ്റെടുത്ത് സന്തോഷത്തോടെ സ്‌നേഹഗീതം ആലപിക്കാം.

ഇന്ന് ക്രൈസ്തവര്‍ ലോകത്തിന്റെ നാനാഭാഗത്തും പീഡനങ്ങള്‍ക്കിരയാകുന്നുണ്ട്, വഴിയോരങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്, പട്ടിണിയും ദാരിദ്ര്യവും രോഗവുംമൂലം വിലപിക്കുന്നുണ്ട്. എന്നിരുന്നാലും അതിനിടയില്‍ ദൈവസാന്നിധ്യമുണ്ട് എന്നു തിരിച്ചറിയാം. ജീവിതത്തിലെ സഹനങ്ങള്‍ക്കിടയില്‍ ദൈവത്തെ തിരിച്ചറിഞ്ഞ ജോബിനെപ്പോലെ നമ്മുടെ ജീവിതത്തിലെ സഹനങ്ങളിലും ദൈവത്തെ കണ്ടെത്താന്‍ പഠിക്കാം.

പെരുമ്പടവം ശ്രീധരന്‍, പീഡനങ്ങളുടെ മധ്യത്തിലുള്ള ക്രിസ്തുസാന്നിധ്യത്തെ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്: “പീഡനങ്ങൾ അനുഭവിക്കുന്ന ഏതൊരുവനിലും ക്രിസ്തുവുണ്ട്.”

ഞാന്‍ ക്രിസ്തുവിന്റെ കരം പിടിച്ചാണ് നടക്കുന്നത്. ക്രിസ്തുവാണ് എന്റെ ഏകസാന്ത്വനം. ഏതു ജീവിതാന്തസ്സിലായാലും അതിന്റേതായ ത്യാഗങ്ങളുണ്ട്. നിയമാനുഷ്ഠാനങ്ങളുടെ കാര്‍ക്കശ്യമാകാം, ഒറ്റപ്പെട്ടുപോകുന്ന അവസ്ഥകളാകാം, നിരാശയുടെയും നിസ്സഹായതകളുടെയും അവസ്ഥകളാകാം നമുക്കുമുമ്പില്‍ കുരിശായിത്തീരുന്നത്. ഏത് പ്രതികൂലസാഹചര്യങ്ങള്‍ക്കു നടുവിലും ക്രിസ്തുവിനെ ദര്‍ശിക്കാനായാല്‍ കുരിശില്‍ ആനന്ദിക്കാനാകും.

നോമ്പുകാലം നമ്മുടെ പീഡാനുഭവങ്ങളെ കുരിശിനോടു ചേര്‍ത്തുവച്ച് വിലയിരുത്താനുള്ള കാലഘട്ടമാണ്. “അവര്‍ അവനെ മരണത്തിനു വിധിക്കുകയും പ്രഹരിക്കുകയും ക്രൂശിക്കുകയും ചെയ്യും; എന്നാല്‍ മൂന്നാംദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും.” മാനസികവും ശാരീരികവുമായി മനുഷ്യന്‍ എത്രമാത്രം പീഡിപ്പിക്കപ്പെട്ടാലും ക്ഷമിക്കാനും സ്‌നേഹിക്കാനുമുള്ള ഹൃദയവിശാലത ഉണ്ടായാല്‍ അവിടെ കുരിശ് ഉത്ഥാനത്തിന്റെയും മഹത്വത്തിന്റെയും പ്രത്യാശനല്‍കുന്ന കിരീടമായി ഭവിക്കുമെന്ന് ക്രൂശിതന്‍ നമുക്കു കാണിച്ചുതരുന്നു. നോമ്പ് സഹനത്തെക്കുറിച്ചോര്‍ത്ത് ദുഃഖിക്കാനുള്ള കാലമല്ല. മറിച്ച്, ജീവിതത്തിലെ ദുരിതങ്ങളെയും ദുരിതങ്ങള്‍ വിതച്ചവരെയും സ്‌നേഹത്തിന്റെ നീര്‍ച്ചാലുകളില്‍ കഴുകി വിശുദ്ധീകരിക്കാന്‍ ‘ഇവരോടു ക്ഷമിക്കേണമേ’ എന്ന് പ്രാർഥിക്കാനുള്ള അവസരമാണ്. അതിനായി നമ്മുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്കുയര്‍ത്തി, കരങ്ങളെ സഹോദരനിലേക്ക് കാരുണ്യപൂര്‍വം നീട്ടാം.

ഫാ. സുബിന്‍ കിടങ്ങേന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.