തപസ്സു ചിന്തകൾ 2: തിരിച്ചറിവുകളുടെയും തിരിച്ചുനടക്കലുകളുടെയും കാലം

“നോമ്പുകാലം അടിയന്തിരമായി നമ്മെ മാനസാന്തരത്തിനു വിളിക്കുന്നു. പൂർണ്ണഹൃദയത്തോടെ ദൈവത്തിങ്കലേക്കു മടങ്ങാനാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്” – ഫ്രാൻസിസ് പാപ്പ.

നോമ്പുകാലം തിരിച്ചറിവുകളുടെയും തിരികെ നടക്കലുകളുടെയും കാലമാണ്. ചില തിരിച്ചറിവുകൾ നമ്മെ സന്തോഷിപ്പിക്കുകയും മറ്റുചിലത് നമ്മെ വേദനിപ്പിക്കുകയും ചെയ്യും. സന്തോഷമാണങ്കിലും സങ്കടമാണങ്കിലും തിരിച്ചറിവുകൾ, തിരികെയുള്ള നടത്തത്തിലേക്ക് പരിണമിക്കുമ്പോഴേ നോമ്പുകാലം ഫലദായകമാവുകയുള്ളൂ.

നാം ദൈവത്തിന്റെ സ്നേഹഭാജനമാണ്. ദൈവഹിതം അറിഞ്ഞ് യാത്ര ചെയ്യേണ്ടവരാണ് എന്ന അവബോധമാണ് പാപത്തെയും പാപമാർഗ്ഗങ്ങളെയും ഉപേക്ഷിക്കാൻ നമുക്ക് പ്രേരണയാകുന്നത്. തിരിച്ചറിവുകളുടെ ആഴമനുസരിച്ചേ തിരികെ നടക്കലുകൾക്ക് ദൃഢത കൈവരികയുള്ളൂ. ഈ തിരിച്ചറിവുള്ള വ്യക്തി ജീവിതയാത്രയിൽ, സകലതിലും ദൈവത്തെ ആശ്രയിക്കാനും എല്ലാം ക്ഷമയോടെ സ്വീകരിക്കാനും പഠിക്കുന്നു.

നോമ്പിലെ തിരികെ നടക്കലുകൾ തിരിച്ചറിവ് നൽകുന്ന ആന്തരികബോധത്തിൽ നിന്ന് ഉരുത്തിരിയുന്നതാണ്. ആത്മസാക്ഷാത്ക്കാരത്തിലൂടെ അന്വേഷി ക്രൂശിതനെ തിരിച്ചറിയുന്നു. ഈശ്വരസാക്ഷാത്ക്കാരത്തിലൂടെ അന്വേഷകന്റെ ജീവിതം പൂർണ്ണത നേടുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.