മരണഭീതി അകറ്റുന്ന ഈശോനാഥൻ

‘സഹിക്കുന്ന മനുഷ്യനോടൊപ്പം സഞ്ചരിക്കുന്ന ദൈവം. ഈ ദൈവസാന്നിധ്യമാണ് മനുഷ്യന്റെ ഭീതിയകറ്റുന്ന ഏറ്റവും നല്ല സിദ്ധ ഔഷധം.’

മരണഭീതിയിലകപ്പെട്ട ജനത്തിന് പ്രത്യാശ നൽകുന്ന രക്ഷാകര സംഭവങ്ങളുടെ ഓർമ്മയാണല്ലോ ഈശോയുടെ പീഡാനുഭവും കുരിശുമരണവും ഉത്ഥാനവും. വിശുദ്ധവാരത്തിലെ മൂന്നാം ദിനത്തിൽ മരണ ഭീതിയകറ്റുന്ന ഈശോയെപ്പറ്റി നമുക്കു ചിന്തിക്കാം.

അഡോൾഫ് ഹിറ്റ്‌ലറിന്റെ ആദ്യത്തെ നാസി തടങ്കൽപ്പാളയമായ ‘ദാഹാവി’ൽ (Dachu Concentration Camp) കൊല്ലപ്പെട്ടവരുടെ സ്മരണ നിലനിർത്താൻ രൂപംനൽകിയ ആത്മീയ നിർമിതിയാണ് ‘ഈശോയുടെ മരണഭീതിയുടെ ചാപ്പൽ’ (Todesangst Christi Kappelle ). ജർമനിയിലെ ബവേറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മ്യൂണിക്കിനടുത്തുള്ള ചെറുപട്ടണമാണ് ദാഹാവ്.

സിലിണ്ടർ ആകൃതിയിലാണ് ഈ ചാപ്പൽ നിർമിച്ചിരിക്കുന്നത്. 13.60 മീറ്റർ ഉയരവും 14.20 മീറ്റർ വ്യാസവുമുള്ള ഈ ചാപ്പൽ എപ്പോഴും തുറന്നിട്ടിരിക്കുന്ന പ്രാർഥനാലയമാണ്. 1960ൽ മ്യൂണിക്കിൽ സമ്മേളിച്ച അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസിനോട് അനുബന്ധിച്ചായിരുന്നു ഈ ആരാധനാലയത്തിന്റെ കൂദാശാകർമം. 1933 മുതൽ 1945 വരെയുള്ള ഒരു വ്യാഴവട്ടക്കാലം ഇവിടെ മരണത്തിന്റെ നിഴലിൽ ജീവിച്ച രണ്ടു ലക്ഷത്തിലധികം അന്തേവാസികളുടെ വേദനയും കഷ്ടപ്പാടുകളിലും ദൈവം കേട്ടതിന്റയും അവരോടാപ്പം ആയിരുന്നതിന്റെയും അടയാളമാണ് ഈ തുറന്ന ചാപ്പൽ.

ഈശോ കുരിശുമരണത്തിലൂടെ സഹനവും വേദനകളും രക്ഷാകര യാഥാർഥ്യമാക്കി. അതിന്റെ ഓർമ്മപ്പെടുത്തലാണ് ഈശോയുടെ മരണഭീതിയുടെ ചാപ്പൽ വിശ്വാസികൾക്കു പകർന്നു നൽകുന്നത്. ചാപ്പലിന്റെ പ്രവേശന കവാടത്തിന് മുകളിൽ 550 കിലോഗ്രാം ഇരുമ്പുകൊണ്ട് നിർമിച്ച മുൾക്കിരീടം സ്ഥാപിച്ചിട്ടുണ്ട്. തടങ്കൽപ്പാളയത്തിൽ പീഡനമേറ്റ ലക്ഷക്കണക്കിന് മനുഷ്യരുടെ വേദനയെയാണ് അത് പ്രതിനിധീകരിക്കുന്നത്. അവരും ഈശോയുടെ പീഡാനുഭവത്തിൽ പങ്കു ചേരുകയായിരുന്നു എന്ന സന്ദേശമാണ് ഇത് നൽകുന്നത്.

ചാപ്പലിന് മുന്നിൽ ഇടതുവശത്തായി ഒരു സ്മാരകമണിയുണ്ട്. 3,000 കിലോഗ്രാം ഭാരമുള്ള ഈ മണി എട്ട് മീറ്റർ ഉയരമുള്ള ഒരു മാളികയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ദാഹാവിലെ തടങ്കൽപ്പാളയത്തിൽ മരണമടഞ്ഞവരുടെ ഓർമയ്ക്കായി എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് 2:50ന് ഈ മണി മുഴങ്ങും. ഈ ആത്മീയ ഗേഹത്തിന് പുറത്ത് പീഡനമേറ്റ ഈശോയുടെ ഒരു തിരുരൂപമുണ്ട്. ‘ക്രിസ്തുവിന്റെ ദുരിതം’ എന്ന് പേരിട്ടിരിക്കുന്ന ഈ വെങ്കല ശിൽപ്പം ദാഹാവിൽ മരണമടഞ്ഞ പോളീഷ് വൈദീകരുടെ ഓർമയ്ക്കായി മെനഞ്ഞെതാണ്. ദാഹാവിൽ കൊല്ലപ്പെട്ട ഓരോ മൂന്നു പേരിൽ ഒരാൾ പോളണ്ടുകാരനായിരുന്നു. അതുപോലെ രക്തസാക്ഷികളായ വൈദീകരിൽ പകുതിയോളം വരും പോളിഷ് സഭാംഗങ്ങൾ.

മനുഷ്യന്റെ ഭീതിയും ആകുലതകളും ദൈവത്തിന്റെ മുമ്പിൽ കൊണ്ടുവരിക, അങ്ങനെ ദൈവവുമായി ഒരു ഹൃദയബന്ധത്തിൽ അവനെ പുതുക്കി മെനയുക ഇതായിരുന്നു ഈശോയുടെ ഹൃദയാഭിലാഷം. സഹിക്കുന്ന മനുഷ്യരോടൊപ്പം കൂടെ സഹിക്കുന്നവനാണ് ദൈവം എന്ന വലിയ സത്യമാണ് മനുഷ്യവംശത്തിന് പീഡാനുഭവ വാരത്തിലൂടെ ഈശോ നൽകുന്നത്. സഹിക്കുന്ന മനുഷ്യനോടൊപ്പം കൂടെ സഞ്ചരിക്കുന്ന ദൈവം, ഈ ദൈവസാന്നിധ്യമാണ് മനുഷ്യന്റെ ഭീതിയകറ്റുന്ന ഏറ്റവും നല്ല സിദ്ധ ഔഷധം.

നിസഹായതയും കഷ്ടപ്പാടും വേദനയും മനുഷ്യനെ വരിഞ്ഞുമുറുക്കുമ്പോൾ അവനെ മാറോടു ചേർക്കുന്ന ദൈവസാന്നിധ്യത്തെ തിരിച്ചറിഞ്ഞാൽ നിരാശ നമ്മെ കീഴടക്കില്ല. പ്രത്യാശ പകരുന്ന ഭാവിയിലേക്ക് ദൈവാത്മാവ് നമ്മെ നയിക്കുകയും പുതിയ ലോകം നമുക്കായി സൃഷ്ടിക്കുകയും ചെയ്യും. ‘ഈശോ തന്റെ പീഡാസഹനവും കുരിശുമരണവും വഴി സഹനത്തിന് പുതിയൊരു അർഥം നൽകി. നമ്മെ അവിടുത്തോട് അനുരൂപപ്പെടുത്താനും അവിടുത്തെ രക്ഷാകരമായ പീഡാസഹനത്തോട് ഐക്യപ്പെടുത്താനും അതിന് കഴിയും,’ (CCC – 1505 ) എന്ന സഭാപഠനം നമുക്കു മറക്കാതിരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.