മൺമറഞ്ഞ മഹാരഥന്മാർ: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 70

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

പുത്തൂരിന്റെ മണ്ണിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭക്ക് തുടക്കം കുറിച്ച മത്തായി വിളയിൽ അച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

കൊല്ലം ജില്ലയിലെ പുത്തൂർ പ്രദേശത്ത് വിളയിൽ (കടകംപള്ളിൽ) ഉമ്മന്റെയും ഏലിയാമ്മയുടേയും ആറു മക്കളിൽ മൂന്നാമനായി 1894-ൽ മത്തായി ജനിച്ചു. ഭരണിക്കാവ് ഈപ്പൻ മെമ്മോറിയൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ബാല്യം മുതൽ തന്നെ പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സവിശേഷമായ താൽപര്യം മത്തായി പ്രകടിപ്പിച്ചിരുന്നു.

സമുദായപ്രമാണികളും ധനാഢ്യരുമായ കുടുംബങ്ങൾ അവർക്കായി കുടുംബവക പള്ളികൾ സ്ഥാപിക്കുകയും അവിടെ ശുശ്രൂഷ ചെയ്യാനായി കുടുംബാംഗങ്ങളിൽ നിന്നു തന്നെ പാരമ്പര്യമായി വൈദികരുമുളള ഒരു കാലം. തുണ്ടിൽ കുടുംബത്തിലും അതിനോടു ബന്ധപ്പെട്ടവരുടെ ഇടയിൽ നിന്നും ഒരു വൈദികൻ ഉണ്ടാകണമെന്ന് താൽപര്യമുദിച്ചു. വിളയിൽ മത്തായി എന്ന യുവാവിനെ വൈദിക ശുശ്രൂഷക്കായി തെരഞ്ഞെടുക്കണമെന്ന നിവേദനവുമായി തുണ്ടിൽ കുടുംബപ്രതിനിധികൾ അന്നത്തെ മലങ്കര മെത്രാപ്പൊലീത്ത വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ്  തിരുമേനിയെ സമീപിച്ചു. എന്നാൽ ഇടവക വികാരി നിലത്തഴികത്ത് കുരിയാക്കോസ് കത്തനാരുടെയും ഇഷ്ടക്കാരുടെയും അനുകൂലമല്ലാത്ത നിലപാട് മൂലം തിരുമേനി നിവേദകരുടെ ആവശ്യം തള്ളിക്കളഞ്ഞു.

നിരാശരായി മടങ്ങിയ അവർ പാമ്പാക്കുട പാത്രിയാർക്കീസ് വിഭാഗത്തിൽപെട്ട മാർ കൂറിലോസ് തിരുമേനിയുടെ സഹായമെത്രാനായിരുന്ന മാർ അത്താനാസിയോസ്  തിരുമേനിയെ ഈ ആഗ്രഹവുമായി സമീപിച്ചു. തിരുമേനി അനുകൂലമായ നിലപാട് സ്വീകരിച്ചു. അങ്ങനെ 1920-ൽ പാമ്പാക്കുട വച്ച് മത്തായിക്ക് ശെമ്മാശപ്പട്ടം നൽകി. തുടർന്നുള്ള പരിശീലനത്തിനും സുറിയാനി പഠനത്തിനുമായി പാമ്പാക്കുടയിൽ തന്നെ ക്രമീകരണവും ചെയ്തു. 1917 ഏപ്രിൽ 24 (1902 കുഭം 7) -ന് കടമ്പനാട് വലിയവീട്ടിൽ അച്ചന്റെ മകൾ മറിയാമ്മയെ ജീവിതസഖിയാക്കി.

മത്തായി ശെമ്മാശൻ വൈദികനാകാൻ പോകുന്ന വിവരമറിഞ്ഞ് പുത്തൂർ വലിയപള്ളിക്കാരും വൈദികരും മത്തായി ശെമ്മാശ്ശന്റെ വീട്ടുകാർക്കും അനുഭാവികൾക്കുമെതിരായി നീക്കം ആരംഭിച്ചിരുന്നു. ശെമ്മാശ്ശന്റെ പരിശീലനഘട്ടം പൂർത്തിയായിവരുന്തോറും പള്ളിക്കാര്യങ്ങൾ പിരിമുറുക്കത്തിലായി. ഇടവകയിൽ രണ്ട് ചേരികൾ രൂപം കൊണ്ടു. 1922-ൽ പാമ്പാക്കുട വച്ച് കൂറിലോസ് തിരുമേനിയിൽ നിന്നും ശെമ്മാശ്ശൻ വൈദികപട്ടം സ്വീകരിച്ചു.

വൈദികനായി നാട്ടിലെത്തിയ മത്തായി വിളയിൽ അച്ചൻ പുത്തൂർ വലിയപള്ളിയിൽ പ്രവേശിച്ച് കൂദാശകൾ നടത്തുന്നതിന് ശ്രമിച്ചപ്പോൾ തർക്കവും ഏറ്റുമുട്ടലുമുണ്ടായി. കാഞ്ഞിയിൽ കുഞ്ഞച്ചന്റെ നേതൃത്വത്തിൽ മറ്റൊരു വൈദികനെ (കലയപുരം മൊട്ടക്കുന്നിൽ അച്ചൻ) വലിയപള്ളിയിൽ പ്രവേശിപ്പിച്ചു. മറുഭാഗക്കാർ എതിർത്തു, വിശുദ്ധ കുർബാന അർപ്പണം പോലും തടസപ്പെട്ടു. ആശാരഴികത്ത് മത്തായിയുടെ വിവാഹം മത്തായി അച്ചൻ വലിയപള്ളിയിൽ വച്ച് നടത്തി. പുതുപ്രവേശനം എന്ന വകുപ്പ് കാണിച്ച് മത്തായി അച്ചനെ പ്രതിയാക്കി മൂന്ന് കേസുകളുണ്ടായി. ഒടുവിൽ മത്തായി അച്ചനും കൂട്ടരും വലിയപള്ളിയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് കോടതിവിധിയുണ്ടായി.

ഈ കാലയളവിൽ മത്തായി അച്ചൻ കുളക്കട പ്ലാവിള പള്ളി, മർത്തോമ്മ സഭയിൽ നിന്നും കേസ് പറഞ്ഞ് പാത്രിയർക്കീസ് ഭാഗത്തേക്ക് തിരിച്ചെടുത്തു. മത്തായി അച്ചന്റെ പക്ഷത്തു നിന്നവരുടെ കൂദാശാപരമായ ആവശ്യങ്ങൾ ആദ്യം കുളക്കട പള്ളിയിൽ വച്ചാണ് നിറവേറിയത്. വിളയിൽ കുഞ്ചാണ്ടിയുടെയും യോഹന്നാന്റെയും വിവാഹങ്ങൾ കൊല്ലവർഷം 1097 കുംഭമാസം 8-ാം തീയതി കുളക്കട പള്ളിയിൽ വച്ചാണ് നടത്തിയത്.

ഈ ഘട്ടത്തിൽ തേവലപ്പുറത്ത് മാമ്പറ പള്ളിക്കാരുടെ ആവശ്യപ്രകാരം കുണ്ടറ അങ്ങാടിയിൽ അച്ചന്റെ അധികാരത്തിലായിരുന്ന ആ പള്ളി മത്തായി അച്ചന്റെ നേതൃത്വത്തിൽ പാത്രിയാർക്കീസ് ഭാഗത്തേക്ക് വിടർത്തിയെടുത്തു. തേവലപ്പുറത്ത് മാമ്പറ, പുത്തൻവീട്, മൂഴിയിൽ മുട്ടലുംവിള, ഇഞ്ചക്കാട്ടഴികം ആദിയായ വീട്ടുകാർ മത്തായി അച്ചന് സഹായികളായി വർത്തിച്ചിരുന്നു. വലിയപള്ളിയിൽ നിന്ന് കേസ്  മൂലം പിരിഞ്ഞ പാത്രിയാർക്കീസ് വിഭാഗക്കാരുടെ കൂദാശാപരമായ ആവശ്യങ്ങൾ തുടർന്ന് മാമ്പറപള്ളിയിൽ വച്ച് തടസം കൂടാതെ നടത്തിപ്പോന്നു. ഈ ഘട്ടങ്ങളിൽ കായംകുളത്തു നിന്നും പ്രഗത്ഭനായ ഒരു വൈദികൻ മെതിയടിയിട്ട് പുത്തൂർ വന്ന് മത്തായി അച്ചന് സഹായവും പിൻബലവും പകർന്നിരുന്നു. അദ്ദേഹമാണ് പിന്നീട് മിഖായേൽ മാർ ദിവന്നാസിയോസ് എന്ന പേരിൽ മെത്രാനായി വാഴിക്കപ്പെട്ടത്. കുണ്ടറ തെങ്ങുവിള പള്ളിക്കാരും അടൂർ അറപ്പുരയിൽ അച്ചനും പള്ളിക്കാരും അന്ന് തിരുമേനിയുടെ പക്ഷത്തായിരുന്നു.

കാഞ്ഞിയിൽ കുഞ്ഞച്ചനും മത്തായി അച്ചനും മറ്റും ചേർന്ന് വലിയപള്ളിയുടെ പടിഞ്ഞാറ്, കാവിൽ പുരയിടത്തിൽ പാത്രിയാർക്കീസ് ഭാഗത്തേക്ക് ഒരു ചാപ്പൽ പണികഴിപ്പിച്ചു. അന്നു മുതൽ മത്തായി അച്ചൻ പൂത്തൂർ പാത്രിയാർക്കീസ് ഇടവകക്കാരുടെ കൂദാശാപരമായ ആവശ്യങ്ങൾ അവിടെ വച്ച് നടത്തിപ്പോന്നു.

ശൂരനാട് താളിയത്ത് കുടുംബക്കാരുടെ പള്ളിയിലും വാളകത്ത് മാമ്പുഴ വീട്ടുകാരുടെ പള്ളിയിലും മത്തായി അച്ചൻ വികാരിയായി സേവനമനുഷ്ഠിച്ചിരുന്നു. വാഹനസൗകര്യമില്ലാതിരുന്ന അക്കാലത്ത് കാൽനടയായി പോയി സഭാശുശ്രൂഷകൾ നടത്തിവരികയായിരുന്നു പതിവ്. മൈലംകുളത്ത് കുര്യാപ്ര, ഉന്തിരാലുംവിള, തുണ്ടിൽ, തട്ടാരുതുണ്ടിൽ, പറങ്കിമാംകൂട്ടം, മുട്ടമ്പലം, കാരിക്കപൊയ്ക ആദിയായ കുടുംബങ്ങളുടെ ആവശ്യത്തിന് കുര്യാപ്ര കിഴക്കുപുരയിടത്തിൽ മത്തായി അച്ചൻ പള്ളി അനുവദിപ്പിച്ച് പണിയിച്ച് വികാരിയായിരുന്നിട്ടുണ്ട്. മത്തായി അച്ചന്റെ അഭ്യർത്ഥനപ്രകാരം 1106-ൽ തട്ടാരുതുണ്ടിൽ ജോണിന് ശെമ്മാശപട്ടം മിഖായേൽ തിരുമേനി നൽകി. അടുത്ത വർഷം കശ്ശീശ്ശാ പട്ടവും നൽകുകയുണ്ടായി.

യാക്കോബായ സുറിയാനി സഭയിൽ അന്ന് നിലനിന്നിരുന്ന ഒടുങ്ങാത്ത അന്തഃഛിദ്രങ്ങളും വട്ടിപ്പണക്കേസും സഭയെ രണ്ടായി വിഭജിച്ചു. വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് മെത്രാപ്പോലിത്തായുടെ നേതൃത്വത്തിലുള്ള മെത്രാൻകക്ഷിയും, പാത്രിയാർക്കീസ് ബാവ തിരുമേനിയെ അനുകൂലിക്കുന്ന ബാവാകക്ഷിയും തമ്മിൽ സമുദായം വക പള്ളികളെയും വസ്തുവകകളെയും സംബന്ധിച്ച് അനേകം കേസുകൾ വിവിധ കോടതികളിൽ ആരംഭിച്ചു. തൽസംബന്ധമായി ജനങ്ങളുടെ ഇടയിൽ നിയന്ത്രണാതീതമായ തർക്കങ്ങളും വാശിയും വൈരാഗ്യവും ഉടലെടുത്തു. ഈ ദുഃസ്ഥിതി മത്തായി അച്ചനെ ദുഃഖിതനാക്കി. വാഹനസൗകര്യങ്ങൾ വിരളമായിരുന്ന ആ കാലത്ത് കാൽനടയായി പത്തും പതിനഞ്ചും മൈൽ താണ്ടി പള്ളിശുശ്രൂഷകൾ നടത്താനെത്തുമ്പോൾ വിശ്വാസമില്ലായ്മയും മത്സരവും അസ്വസ്ഥതകളുമാണ് വരവേൽപ് നൽകിയിരുന്നത്. ഈ സ്ഥിതിവിശേഷത്തിന് പരിഹാരം തേടുകയായി മത്തായി അച്ചൻ. അദ്ദേഹം മനമുരുകി പ്രാർത്ഥിച്ചു; പുതിയ മാർഗ്ഗങ്ങളെപ്പറ്റി അന്വേഷിച്ചു.

കൊട്ടാരക്കര തെക്കടത്ത് സഖറിയാസ് അച്ചൻ ഈ കാലയളവിൽ കൊല്ലം ലത്തീൻ രൂപതയിൽ ചേർന്ന് കൊട്ടാരക്കരയിലും പരിസരപ്രദേശത്തും ലത്തീൻ മിഷനുകൾ സ്ഥാപിച്ചുവരികയായിരുന്നു. അദ്ദേഹവുമായി മത്തായി അച്ചൻ ബന്ധപ്പെട്ടു. നിരന്തരമായ ചർച്ചകളുടെയും പഠനങ്ങളുടെയും ഫലമായി ലഭിച്ച ദൈവപ്രേരണയിൽ കത്തോലിക്കാ സഭയുമായി ഐക്യപ്പെടാൻ നീക്കങ്ങൾ ആരംഭിച്ചു.

കൊല്ലം ലത്തീൻ അരമനയിൽ ചെന്ന് ബെൻസിഗർ തിരുമേനിയെ കണ്ട് കാര്യങ്ങൾ ചർച്ച ചെയ്തു. മത്തായി അച്ചന്റെ ഉദ്ദേശ്യശുദ്ധിയും താല്പര്യവും മനസിലാക്കി, അല്പകാലം കാത്തിരിക്കാനും പ്രാർത്ഥനയും പഠനവും തുടരാനും നിർദ്ദേശിച്ചു. കൂടാതെ, മാർ ഈവാനിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ കത്തോലിക്കാ സഭയുമായി നടക്കാൻ പോകുന്ന പുനരൈക്യശ്രമങ്ങളെപ്പറ്റി വിശദമായി മത്തായി അച്ചനെ ബെൻസിഗർ തിരുമേനി ധരിപ്പിക്കുകയും ചെയ്തു. ഏറെ താമസിയാതെ 1930 സെപ്റ്റംബർ 20-ന് മാർ ഈവാനിയോസ് തിരുമേനി കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. വിവരമറിഞ്ഞ മത്തായി അച്ചൻ വേണ്ടപ്പെട്ടവരെയും വിശ്വസ്തരെയും ഈ വിവരം അറിയിച്ചു. നീണ്ടകാലത്തെ പഠനത്തിന്റെയും പ്രാർത്ഥനയുടെയും ഫലമായി അച്ചൻ നടത്താൻ പോകുന്ന കാൽവയ്പിനെപ്പറ്റിയും അവരോടു പറഞ്ഞു. വേണ്ടപ്പെട്ടവരിൽ പലരും എതിർത്തു. എന്നാൽ, അച്ചൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഇക്കാലത്ത് മാർ ഈവാനിയോസ് തിരുമേനി റോമാ പര്യടനത്തിലായിരുന്നു. 1932 ആഗസ്റ്റ് മാസം തിരുവല്ല തിരുമൂലപുരത്തെ പഴയ അരമനയിൽ വച്ച് പുലിക്കോട്ട് ജോസഫ് റമ്പാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് മത്തായി അച്ചൻ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. സോവാർ വീട്ടിൽ കുഞ്ഞുമാക്കാണ്ടയും അന്ന് അച്ചനോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

മത്തായി അച്ചൻ ആദ്യം കത്തോലിക്കാ സഭയിൽ ദിവ്യബലി അർപ്പിച്ചത് സ്വന്തം ഭവനത്തിൽ തന്നെയായിരുന്നു. പുത്തൂരിൽ ആദ്യമായി കത്തോലിക്കാ സഭയിൽ പുനരൈക്യപ്പെട്ടത് അച്ചന്റെ വീട്ടുകാരും (കടകംപള്ളിക്കാർ), മനക്കരക്കാവിൽ, സോവാർ, കല്ലുമൂട്ടിൽ, ഇടയിലതുണ്ടിൽ ഉൾപ്പെടെ ഇരുപത് കുടുംബങ്ങളായിരുന്നു. അങ്ങനെ പുത്തൂരിലൊരു മലങ്കര സുറിയാനി കത്തോലിക്കാ ഇടവക രൂപം കൊണ്ടു.

കാവിൽ സെന്റ് കുറിയാക്കോസ് പള്ളിയിലെ മത്തായി അച്ചനോടൊപ്പം പുനരൈക്യപ്പെടാതിരുന്ന ബാക്കി ഇടവകാംഗങ്ങൾ അച്ചനും കൂട്ടർക്കും എതിരായി പ്രവർത്തിച്ചു. മെത്രാൻകക്ഷിയിൽപെട്ട ആളുകളിൽ ചിലർ ഈ സാഹചര്യം ശരിക്കും പ്രയോജനപ്പെടുത്താൻ ആരംഭിച്ചു. അച്ചനെയും കൂട്ടരേയും എങ്ങോട്ടു തിരിഞ്ഞാലും പരിഹസിക്കാനും ഒറ്റപ്പെടുത്താനും അവർ ആളെക്കൂട്ടി. ഈ വിധ എതിർപ്പുകളിലും പരിഹാസങ്ങളിലും കേസുകളിലും അച്ചൻ ഒട്ടും കുലുങ്ങിയില്ല. കൂടെ നിന്നിരുന്നവർക്ക് അച്ചൻ ശക്തി പകർന്ന് വലിയ ത്യാഗം ഏറ്റെടുത്തു.

അച്ചന്റെ പേരിലുള്ള രണ്ട് ഏക്കർ കല്ലുംപുറം പുരയിടം വർഷങ്ങൾക്കു മുമ്പ് എഴുതിവാങ്ങിയ വിലയ്ക്ക് 1933-ൽ തിരുവനന്തപുരം അതിരൂപതക്ക് വിലയാധാരം എഴുതിക്കൊടുത്തു. മത്തായി അച്ചന് സഭയോടുള്ള കൂറിന്റെ തെളിവാണത്.

ശവക്കോട്ടയും പള്ളിസ്ഥാപനവുമായി ബന്ധപ്പെട്ട ഒൻപത് ക്രിമിനൽ കേസും രണ്ട് സിവിൽ കേസും അച്ചൻ നടത്തേണ്ടതായിവന്നു. പല സന്ദർഭങ്ങളിലും സംഘട്ടനങ്ങളും ഉണ്ടായിട്ടുണ്ട്. അച്ചന്റെ സ്വന്തം വീട്ടുപറമ്പിൽ തന്നെ രണ്ട് ശവസംസ്കാരങ്ങൾ നടത്തി. ആ അവസരത്തിൽ ജീവിതപങ്കാളി മറിയാമ്മ പോലും ഭയന്ന് കടമ്പനാട്ടുള്ള സ്വന്തം ഭവനത്തിൽ പോയി കുറേക്കാലം താമസിക്കുകയും ചെയ്തു. കേസുകളുടെ നടത്തിപ്പിന് കുടുംബവസ്തുക്കൾ അന്യാധീനപ്പെടുത്തേണ്ടതായും വന്നിട്ടുണ്ട്. ഈ വിധ പരീക്ഷണങ്ങളിൽ അച്ചന്റെ കണ്ണുനീരോടെയുള്ള പ്രാർത്ഥന അദ്ദേഹത്തിന് ശക്തിശ്രോതസ്സും കൂടെയുണ്ടായിരുന്നവർക്ക് പ്രയോജനഹേതുവുമായിരുന്നു.

മാർ ഈവാനിയോസ് തിരുമേനി സ്വന്തം സഹോദരൻ മത്തായി പണിക്കരെയും മാനേജർ ചാക്കോച്ചനെയും അയച്ച് പുത്തൂർ കല്ലുംപുറത്ത് 46 x 26 വലുപ്പത്തിൽ ഒരു കെട്ടിടം പണിയിച്ച് ആരാധനക്ക് ക്രമീകരണം ചെയ്തു. പിന്നീട് ഈ കെട്ടിടം പുത്തൂരിലെ ആദ്യ ഇംഗ്ലീഷ് മീഡിൽ സ്കൂളായിത്തീർന്നു.

പുത്തൂരും പരിസരത്തുമുള്ളവരുടെ വിദ്യാഭ്യാസ ആവശ്യത്തിന് ഒരു സ്കൂൾ ആരംഭിക്കണമെന്ന് അച്ചൻ അദമ്യമായി ആഗ്രഹിച്ചു. അച്ചന്റെ ശ്രമഫലമായി 1934 ഫെബ്രുവരിയിൽ ഒരു സ്കൂൾ പണിയാനുള്ള അനുവാദം അച്ചന്റെ പേരിൽ ലഭിച്ചു. എന്നാൽ സാമ്പത്തിക ക്ലേശമുണ്ടായിരുന്നതു മൂലം അച്ചൻ, മാർ ഈവാനിയോസ് പിതാവിനെ സമീപിച്ചു. സ്കൂൾ തുടങ്ങാനുള്ള അനുവാദം അച്ചൻ പിതാവിന് എഴുതിക്കൊടുത്തു. എന്നാൽ സ്കൂളിന്റെ പണി അച്ചൻ തന്നെ നടത്തിക്കൊള്ളാൻ പിതാവ് അനുവദിച്ചു. അങ്ങനെയാണ് കെട്ടിടം പണി നടന്നതും 1935-ൽ സ്കൂൾ ആരംഭിച്ചതും. സ്കൂൾ കെട്ടിടം പണിയോടനുബന്ധിച്ച് വളരെയധികം എതിർപ്പുകളും ത്യാഗങ്ങളും ഏറ്റെടുക്കേണ്ടതായി വന്നിട്ടുണ്ട്.

സ്കൂൾ കെട്ടിടം പണിയുടെ ആവശ്യത്തിനായി വെണ്ടാറുള്ള ഒരു ഹൈന്ദവ കുടുംബത്തിൽ നിന്നും അഞ്ച് ആഞ്ഞിലിമരം വാങ്ങി, ഉരുപ്പടികളാക്കിയപ്പോഴേക്കും നേരം വൈകിയിരുന്നു. അടുത്ത ദിവസം ചെന്ന് കാളവണ്ടിയിൽ കയറ്റിക്കൊണ്ടു പോരാമെന്നു പറഞ്ഞ് വീട്ടുകാരെ ഏൽപിച്ചിട്ടു പോന്നു. എന്നാൽ നേരം പുലർന്നു ചെന്നപ്പോൾ ആ മരക്കഷണങ്ങളെല്ലാം തൊട്ടടുത്തുണ്ടായിരുന്ന പൊട്ടക്കിണറ്റിൽ തള്ളിയിട്ടിരിക്കുന്നതായിട്ടാണ് കണ്ടത്. ഒട്ടും തളരാതെ, ഉടൻ തന്നെ കിണറ്റിൽ നിന്നും കയറ്റാനുള്ള സാധനസാമഗ്രികളുമായി ചെന്ന് ആ തടികൾ കയറ്റിക്കൊണ്ട് പോരുകയും ചെയ്തു. ഇതിന്മേൽ പ്രതികാരനടപടികൾക്കോ, പോലീസ് കേസിനോ നീങ്ങരുതെന് അച്ചൻ കർശന നിലപാടെടുത്തു. അങ്ങനെ 1935-ൽ സർക്കാർ അനുവാദത്തോടെ കല്ലുംപുറത്ത് ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു. ഈ പ്രദേശവാസികളായ നാനാജാതി മതസ്ഥരായ ജനങ്ങൾക്ക് കൈവന്ന ഒരു അസുലഭ ഭാഗ്യമായിരുന്നു അത്. ഏതാണ്ട് എട്ടു കിലോമീറ്റർ ചുറ്റളവിൽ അന്ന് മറ്റൊരു സ്കൂളില്ലായിരുന്നു. താമസിയാതെ ആരാധനാവശ്യത്തിനായി അതിന്റെ തെക്കുവശത്തായി ഒരു ചാപ്പൽ പണികഴിപ്പിക്കുകയുണ്ടായി.

മത്തായി അച്ചൻ ഇപ്രകാരം വളരെയധികം ത്യാഗങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് സ്ഥാപിച്ച പുത്തൂരിന്റെ അഭിമാനമായ മലങ്കര കത്തോലിക്കാ ഇടവകയും അനുബന്ധസ്ഥാപനങ്ങളും വളർന്നുവികസിച്ച് കൈവരിച്ച് ഇന്ന് നാം കാണുന്ന വിധത്തിൽ എത്തിനിൽക്കുന്നത് ദൈവനടത്തിപ്പിന്റെ പ്രതീകമായിട്ടാണ്. അച്ചനെയും അച്ചനോടൊപ്പം എല്ലാം ത്യജിച്ച് സഹായഹസ്തം നീട്ടിയ സ്വസഹോദരങ്ങളെയും മറ്റ് കുടുംബക്കാരെയും മറക്കാൻ സാധ്യമല്ല. ഇപ്രകാരം പുനരൈക്യപ്രസ്ഥാനത്തിന് പുത്തൂരിൽ അടിത്തറപാകിയ അച്ചൻ അതിനു വേണ്ടി താൻ സഹിച്ച ത്യാഗങ്ങളുടെയും ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ഫലം കണ്ടുതുടങ്ങിയപ്പോഴേക്കും രോഗത്തിന്റെ കരാളഹസ്തങ്ങളിൽപ്പെട്ടിരുന്നു.

രോഗബാധിതനായി കിടക്കയിലായിരുന്നപ്പോഴും ആരോടും പകയോ, വിദ്വേഷമോ അച്ചന് ഉണ്ടായിരുന്നില്ല. ദൈവത്തിന്റെ ഇഷ്ടത്തിന് വിധേയനായി അച്ചൻ അതെല്ലാം സഹിച്ചു. തനിക്കെതിരെ പ്രവർത്തിച്ചവരുമായി രമ്യപ്പെടുന്നതിനും അവരുമായി സൗഹൃദം പങ്കിടുന്നതിനും രോഗാവസ്ഥയിൽ അച്ചനു കഴിഞ്ഞു. അങ്ങനെ ക്രൂശിതനായ യേശുവിനെപ്പോലെ സ്വയം വേദന അനുഭവിച്ചപ്പോഴും മറ്റുള്ളവർക്ക് പ്രസന്നവദനനായി അദ്ദേഹം അനുഭവപ്പെട്ടു. തന്റെ നിത്യയാത്രക്കുള്ള സമയം അടുത്തുവരുന്നതായി അച്ചൻ മനസിലാക്കി, അതിനു വേണ്ടി ഒരുങ്ങി. പ്രാർത്ഥനയിൽ മുഴുകി. അങ്ങനെ പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ തന്റെ ഓട്ടം പൂർത്തിയാക്കി ദൈവത്തിന്റെ പക്കലേക്കുള്ള തന്റെ യാത്രക്ക് അദ്ദേഹം ഒരുങ്ങിക്കൊണ്ടിരുന്നു. അങ്ങനെ 1947 ഏപ്രിൽ 20-ന് സംഭവബഹുലമായ ആ ജീവിതത്തിന് ഈ ലോകത്തിൽ പരിസമാപ്തിയായി.

അനുഗ്രഹിക്കപ്പെട്ട എട്ട് മക്കളെ നൽകി ദൈവം അച്ചന്റെ കുടുംബജീവിതത്തെ അനുഗ്രഹിച്ചു. മക്കളിൽ രണ്ടു പേർ ഫാ. തോമസ് വിളയിൽ, ഫാ. ജേക്കബ് വിളയിൽ പിതാവിന്റെ പാത പിന്തുടർന്ന് വൈദികജീവിതം സ്വീകരിച്ച് തിരുവനന്തപുരം അതിരൂപതയിൽ ശ്രേഷ്ഠമായ ശുശ്രൂഷകൾ നിർവ്വഹിച്ചു.

അച്ചന്റെ കൊച്ചുമക്കൾ സി. സീലിയ എസ്.ഐ.സി, സി. റീജ എസ്.സി.വി എന്നിവർ സന്യാസജീവിതം തിരഞ്ഞെടുത്ത് സഭാസേവനം നിർവ്വഹിക്കുന്നു.

പുത്തൂർ പ്രദേശത്ത് അച്ചൻ ആരംഭിച്ച പള്ളിയും പള്ളിക്കൂടവും ദേശത്ത് തിലകക്കുറിയായി ഇന്ന് നിലകൊള്ളുന്നു. വർഷങ്ങൾക്കു ശേഷവും അച്ചന്റെ ഓർമ്മകൾ ഇന്നും അനേകരിൽ ഒളിമങ്ങാതെ ശോഭിക്കുന്നു.

സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: പുത്തൂർ കടകംപള്ളിൽ കുടുംബചരിത്രം രജത ജൂബിലി സ്മരണിക,
ജോർജ് മാത്യു വലിയ വീട്ടിൽ (മത്തായി അച്ചന്റെ മകൻ), രാജു കടകംപള്ളിൽ (കുടുംബാംഗം)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.