വിശുദ്ധ കുർബാനയെ ജീവനും ജീവിതവുമാക്കി മാറ്റിയവർ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: അറുപത്തിനാലാം ദിനം, ജൂലൈ 09, 2022

നിങ്ങൾ കുർബാനയുടെ മക്കളാകണം; കുർബാനയെക്കുറിച്ച് പ്രസംഗിക്കണം.

ദൈവം മനുഷ്യവർഗ്ഗത്തിനു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് വിശുദ്ധ കുർബാന. കാരണം മനുഷ്യൻ ദൈവത്തെ മുഖാഭിമുഖം ദർശിക്കുന്ന ഇടമാണ് ഓരോ ബലിയർപ്പണ വേദിയും. ഒപ്പം ദൈവവും മനുഷ്യനും തമ്മിലും മനുഷ്യർ തമ്മിലുമുള്ള ഒത്തുചേരൽ സുസാധ്യമാക്കുന്നു. ഇപ്രകാരം വിശുദ്ധ കുർബാനയിൽ ഈശോയെ കണ്ടെത്തിയ വ്യക്തികളായിരുന്നു നമ്മുടെ സഭാപിതാക്കന്മാർ. വിശുദ്ധ കുർബാനയെ ജീവനും ജീവിതവുമാക്കി മാറ്റിയവർ, ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ കുത്തിയിരുന്ന് അനുഗ്രഹങ്ങൾ വാങ്ങിച്ചെടുത്തവർ…

വിശുദ്ധ കുർബാനയിൽ നിന്നാരംഭിച്ച് വിശുദ്ധ കുർബാനയിലേക്ക് നയിക്കുന്നതായിരുന്നു അവരുടെ ജീവിതം. പ്രത്യേകിച്ച് മറ്റുള്ളവർക്കു വേണ്ടി സ്വയം നൽകുന്ന വിശുദ്ധ കുർബാനയിൽ നിന്നും ചൈതന്യം സ്വീകരിച്ച ആലക്കളത്തിലച്ചൻ പ്രേഷിത തീക്ഷ്ണതയാൽ എരിഞ്ഞ വ്യക്തിത്വമായിരുന്നു. ഇപ്രകാരം ഓരോ ക്രിസ്തുശിഷ്യനും വിളിക്കപ്പെട്ടിരിക്കുന്നത് കൂടെയായിരിക്കാനാണ്.

ദിവ്യകാരുണ്യത്തിന്റെ വാനമ്പാടികളായി മാറാനും ആ ദിവ്യകാരുണ്യത്തെ പ്രഘോഷിക്കാനും പങ്കുവച്ചു നൽകാനും ജീവിക്കാനും നമുക്ക് കടമയുണ്ട്. അങ്ങനെ നമ്മുടെ സഭാപിതാക്കന്മാരെപ്പോലെ വിശുദ്ധ കുർബാനയിൽ നിന്നും അനുഗ്രഹങ്ങൾ വാങ്ങിച്ചെടുത്ത് അനേകായിരങ്ങൾക്ക് വിശുദ്ധ കുർബാനയുടെ ചൈതന്യം പകർന്നു നൽകാൻ നമുക്ക് സാധിക്കണം. എങ്കിൽ മാത്രമേ ദിവ്യകാരുണ്യ പ്രേഷിതന്റെ ജീവിതം ധന്യമാവുകയുള്ളൂ; അർത്ഥപൂർണ്ണമാവുകയുള്ളൂ.

ബ്ര. ജസ്റ്റിൻ തട്ടപ്പറമ്പിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.