സെന്റ് പാട്രിക് ദിനത്തിൽ രക്തക്കണ്ണുനീരൊഴുക്കിയ കന്യാമറിയത്തിന്റെ ചിത്രം

രക്തക്കണ്ണുനീർ ഒഴുക്കുന്ന മാതാവിന്റെ രൂപം, കണ്ണുനീർ ഒഴുകുന്ന മാതാവിന്റെ ചിത്രം… അങ്ങനെ പല സംഭവങ്ങളും ലോകത്തിന്റെ പല ഭാഗത്തായി ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ സെന്റ് പാട്രിക് ദിനത്തിൽ രക്തക്കണ്ണുനീരൊഴുക്കിയ കന്യാമറിയത്തിന്റെ ചിത്രത്തെ കുറിച്ചാണ് ഈ കുറിപ്പ്. 1697 മാർച്ച് 17 ലെ സെന്റ് പാട്രിക് ദിനത്തിൽ ആണ് ഹംഗറിയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ ചിത്രത്തിൽ നിന്നും രക്ത കണ്ണുനീർ ഒഴുകിയിറങ്ങിയ സംഭവം ഉണ്ടായത്.

അയർലണ്ടിൽ കത്തോലിക്കാ ബിഷപ്പുമാരെയും പുരോഹിതന്മാരെയും രാജ്യത്ത് നിന്ന് വിലക്കിക്കൊണ്ടുള്ള കഠിനമായ നിയന്ത്രങ്ങൾ കത്തോലിക്കാ സഭയ്ക്ക് മേൽ ഏർപ്പെടുത്തിയ വർഷമായിരുന്നു 1697. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുകളും സഹനങ്ങളും നേരിടേണ്ടി വന്ന വർഷം. ആ വർഷമാണ് സെന്റ് പാട്രിക് ദിനത്തിൽ പരിശുദ്ധ മറിയത്തിന്റെ ചിത്രത്തിൽ നിന്നും രക്തകണ്ണുനീർ പൊഴിഞ്ഞത്. ഏതാണ്ട് മൂന്നു മണിക്കൂറോളം ചിത്രത്തിൽ നിന്നും കണ്ണുനീർ വന്നുകൊണ്ടിരുന്നു.

‘കഷ്ടപ്പെടുന്നവരുടെ പരിശുദ്ധ മാതാവ്’ എന്നായിരുന്നു ഈ മാതാവിന്റെ ചിത്രത്തിന് നൽകപ്പെട്ടിരുന്ന പേര്. ഒരു ചെറിയ കട്ടിലിൽ കിടക്കുന്ന ശിശുവായ യേശുവിനെ നോക്കി പ്രാർത്ഥനാ പൂർവം കൈകൾ കൂപ്പിയിരിക്കുന്ന മാതാവ്. പ്രാർത്ഥനാപൂർവ്വം താഴേയ്ക്ക് നോക്കി ഇരിക്കുന്ന മാതാവിന്റെ ആ ചിത്രം ഏറെ വ്യത്യസ്തമായ ഒന്നായിരുന്നു. പീഡനത്തെത്തുടർന്ന് അയർലണ്ടിൽ നിന്ന് പലായനം ചെയ്ത ക്ലോൺഫെർട്ട് ബിഷപ്പ് വാൾട്ടർ ലിഞ്ച് ഈ മാതാവിന്റെ ചിത്രവും കൂടെ കൊണ്ടുപോയിരുന്നു. മതപീഡകർ ഈ ചിത്രം തകർക്കുമെന്ന് ഭയന്നാണ് അദ്ദേഹം അത് കൂടെ കൊണ്ടുപോയത്. അങ്ങനെ അയർലണ്ടിൽ നിന്ന് പരിശുദ്ധ അമ്മയുടെ ഈ ചിത്രം ഹംഗറിയിലെ ഗ്യോർ കത്തീഡ്രലിൽ എത്തി.

1697 മാർച്ച് 17 ന്, ഗ്യോർ കത്തീഡ്രലിലുണ്ടായിരുന്ന ചിത്രത്തിൽ നിന്നും രക്ത കണ്ണുനീർ ഒഴുകുവാൻ തുടങ്ങി. രാവിലെ ആറുമണിക്കുള്ള വിശുദ്ധ കുർബാനയുടെ മദ്ധ്യേ ആയിരുന്നു ഈ സംഭവം എന്നതിനാൽ അനേകം വിശ്വാസികൾ രക്തകണ്ണുനീർ പൊഴിക്കുന്ന സംഭവത്തിനു സാക്ഷികളായി മാറി. ഏകദേശം മൂന്നു മണിക്കൂർ ചിത്രത്തിൽ നിന്നും രക്തകണ്ണുനീർ വന്നുകൊണ്ടിരുന്നു. ഇതേ തുടർന്ന് ചിത്രം അതിന്റെ ഫ്രെയിമിൽ നിന്ന് നീക്കം ചെയ്ത് പരിശോധിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ കഴിഞ്ഞില്ല. രക്ത കണ്ണുനീർ ഒഴുകിയ സമയത്ത് അത് തുടച്ച ലിനൻ തുണിയും ചിത്രവും ഈ സംഭവത്തിനു സാക്ഷ്യം വഹിച്ച ആയിരക്കണക്കിന് ആളുകൾ ഒപ്പിട്ട സാക്ഷ്യ പത്രവും ഈ ദൈവാലയത്തിൽ ഇന്നും സൂക്ഷിച്ചു പോരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.