വലിയ നോമ്പിനായി കുഞ്ഞുങ്ങളെ ഒരുക്കാം ഈ മാർഗങ്ങളിലൂടെ

നോമ്പുകാലം ആരംഭിക്കാൻ പോകുകയാണ്. വിഭൂതി തിരുനാളോടെ വലിയനോമ്പിന്റെ ദിനങ്ങളിലേക്കു നാം പ്രവേശിക്കുമ്പോൾ നമുക്കൊപ്പംതന്നെ നോമ്പാചരണത്തിന് കുട്ടികളെയും സജ്ജരാക്കേണ്ടതുണ്ട്. നോമ്പിന്റെ പ്രാധാന്യം ലളിതമായി പറഞ്ഞുകൊടുത്ത് അവരെയും നോമ്പിന്റെ ചൈതന്യത്തിലേക്കു വളർത്താൻ സഹായിക്കുന്ന ഏതാനും മാർഗങ്ങൾ ഇതാ…

1. വിഭൂതി തിരുനാൾ എന്താണെന്നു പറഞ്ഞുകൊടുക്കാം 

അനുതാപത്തിന്റെ അടയാളമായ ചാരംപൂശൽ തിരുനാളോടെയാണ് നാം നോമ്പുകാലത്തിലേക്കു പ്രവേശിക്കുന്നത്. വിഭൂതി തിരുനാൾ ദിനത്തിന് ഇനി ഏതാനും ദിവസങ്ങൾമാത്രം അവശേഷിക്കവെ, ഇപ്പോൾമുതൽ കുട്ടികൾക്ക് ഈ തിരുനാളിനെക്കുറിച്ചു പറഞ്ഞുകൊടുക്കാം. സാധിക്കുമെങ്കിൽ, അന്നേ ദിവസം കുട്ടികളെയുംകൂട്ടി ദൈവാലയത്തിൽ പോകാനും ശ്രമിക്കാം. അത്, അവർ മനസ്സിലാക്കിയ കാര്യങ്ങൾ അവരുടെ ഹൃദയത്തിൽ ഉറപ്പിക്കാൻ സഹായിക്കും.

2. നോമ്പ് കലണ്ടർ തയ്യാറാക്കാം

നോമ്പുകാലത്തിലെ പ്രാധാനപ്പെട്ട ദിവസങ്ങൾ ഉൾപ്പെടുത്തുന്ന ഒരു കലണ്ടർ തയ്യാറാക്കാം. അത് കുട്ടികൾക്കു കാണാനും മനസ്സിലാക്കാനുംപാകത്തിൽ ലളിതമായിരിക്കണം. ഒപ്പം, പ്രധാനപ്പെട്ട ദിനങ്ങളിലൂടെ കടന്നുപോകുമ്പോൾ അതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനും ശ്രമിക്കാം.

3. പ്രാർഥന നിർബന്ധമാക്കാം

ഈ നോമ്പുദിനങ്ങളിൽ സന്ധ്യാപ്രാർഥനയും സാധിക്കുന്ന ദിവസങ്ങളിൽ പരിശുദ്ധ കുർബാനയർപ്പണവും പതിവാക്കാം. അത് നമ്മുടെയും ഒപ്പം കുട്ടികളുടെയുമുള്ളിൽ നോമ്പിന്റെ പ്രാധാന്യത്തെ ഊട്ടിയുറപ്പിക്കും. സാധിക്കുമെങ്കിൽ ഈ നോമ്പുകാലത്ത് മാതാപിതാക്കൾ, കുമ്പസാരത്തിലൂടെയും മറ്റും അനുതാപത്തിന്റെ യഥാർഥ മാതൃക കുട്ടികൾക്കു പകർന്നുകൊടുക്കാൻ ശ്രമിക്കണം. ഒപ്പം ജീവകാരുണ്യപ്രവർത്തനങ്ങളിൽ സാധിക്കുന്നിടത്തോളം സജീവമാകാനും അതിൽ കുട്ടികളെയും ഉൾപ്പെടുത്താനും ശ്രമിക്കാം.

4. കുരിശിന്റെ വഴി പരിചയപ്പെടുത്താം

നോമ്പിന്റെ വിചിന്തനങ്ങൾ ഉൾപ്പെടുന്ന ഈശോയുടെ പീഡാസഹനങ്ങളിലൂടെയുള്ള ഒരു പ്രാർഥനയാണ് കുരിശിന്റെ വഴി. മഹത്തായ ഈ പ്രാർഥന കുട്ടികളെ പരിചയപ്പെടുത്താം. സാധിക്കുമെങ്കിൽ ഓരോ സ്ഥലത്തെയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ കുട്ടികൾക്കു നൽകുന്നതിലൂടെ, ഈശോയുടെ പീഡാസഹനത്തെയും കുരിശുമരണത്തെയും ഉത്ഥാനത്തെയും മനസ്സിലാക്കാൻ കുട്ടികൾക്കു കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.