പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 249 – ക്ലമന്റ് XIV (1705-1774)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1769 മെയ് 19 മുതൽ 1744 സെപ്റ്റംബർ 22 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ക്ലമന്റ് പതിനാലാമൻ. ഇറ്റലിയിലെ സത്തെർകഞ്ചേലോ ദി റൊമാഞ്ഞ പട്ടണത്തിൽ ലോറെൻസോ – അഞ്ഞേല ദമ്പതികളുടെ രണ്ടാമത്തെ മകനായി എ.ഡി. 1707 ഒക്ടോബർ 31 -ന് ജൊവാന്നി വിഞ്ചൻസോ ഗഞ്ഞനെല്ലി ജനിച്ചു. റിമ്നി നഗരത്തിലുള്ള ഈശോസഭാ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. എ.ഡി. 1723 -ൽ അദ്ദേഹം ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിൽ ചേർന്ന് ലൊറെൻസോ ഫ്രാഞ്ചെസ്‌കോ എന്ന പുതിയ നാമം സ്വീകരിച്ചു. അതിനു ശേഷം വിവിധ സ്ഥലങ്ങളിൽ പഠനം തുടർന്ന ലൊറെൻസോ റോമിലെത്തി ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം സമ്പാദിച്ചു. ഒരു ദശകത്തോളം അസ്‌കൊളി, ബൊളോഞ്ഞ, മിലാൻ നഗരങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ ലൊറെൻസോ ദൈവശാസ്ത്രം പഠിപ്പിച്ചു.

ബെനഡിക്ട് പതിനാലാമൻ മാർപാപ്പ യഹൂദന്മാർക്കെതിരെ അന്നുണ്ടായിരുന്ന ചില ആരോപണങ്ങൾ അന്വേഷിക്കാൻ ലൊറെൻസോയെ ചുമതലപ്പെടുത്തി. അത് വ്യാജ ആരോപണങ്ങൾ ആയിരുന്നുവെന്ന് അദ്ദേഹം തെളിയിച്ചു. ക്ലമന്റ് പതിനാലാമൻ ലൊറെൻസോയെ എ.ഡി. 1759 -ൽ പാനീസ്പേർണയിലെ സാൻ ലൊറെൻസോ ദേവാലയത്തിലെ കർദ്ദിനാളായി നിയമിച്ചു. എ.ഡി. 1769 മെയ് 19 -നു നടന്ന കോൺക്ലേവിൽ വച്ച് കർദ്ദിനാൾ ലൊറെൻസോ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിലെ കത്തോലിക്കാ രാജാക്കന്മാരെല്ലാം തന്നെ ഈശോസഭക്കാരെ നിരോധിക്കണം എന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മാർപാപ്പ ഈ എതിർപ്പിനെ ആദ്യകാലങ്ങളിൽ അതിജീവിച്ചെങ്കിലും റോമുമായുള്ള സഹവർത്തിത്വം അവർ വിച്ഛേദിക്കാൻ തുടങ്ങിയപ്പോൾ ഗത്യന്തരമില്ലാതെ എ.ഡി. 1773 ജൂലൈ 21 -ന് ഈശോസഭ സന്യാസ സമൂഹത്തെ നിരോധിച്ചു. ഇതിന്റെ അനന്തരഫലമായി യൂറോപ്പിലാകമാനം കത്തോലിക്കാ സഭയിൽ വിദ്യാഭ്യാസ, മിഷൻ പ്രവർത്തന പ്രതിസന്ധിയുണ്ടായി.

റോമിലെ യഹൂദന്മാർ ഇക്കാലയളവിൽ ക്ലമന്റ് മാർപാപ്പയെ തങ്ങളുടെ സംരക്ഷകനായി കണ്ടു. മാർപാപ്പയും പ്രശസ്ത സംഗീതജ്ഞൻ മൊത്സാർത്തും തമ്മിൽ കത്തിടപാടുകൾ നടത്തുകയും അദ്ദേഹം റോമിൽ വന്നു പാടുകയും ചെയ്തു. സഭയ്ക്ക് വലിയ സംഭാവന നൽകിയ വിശ്വാസിക്കുള്ള “ഓർഡർ ഓഫ് ദി ഗോൾഡൻ മിലീഷ്യ” അവാർഡ് മൊത്സാർത്തിന് മാർപാപ്പ സമ്മാനിച്ചു. എ.ഡി. 1744 സെപ്റ്റംബർ 22 -ന് കാലം ചെയ്ത മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയത്. പിന്നീട് 1802 -ൽ ഭൗതീകശരീരം പന്ത്രണ്ട് അപ്പസ്തോലന്മാരുടെ ബസിലിക്കയിലേക്ക് മാറ്റിസ്ഥാപിച്ചു. റോമിലെ ഈശോസഭക്കാരുടെ നേതൃത്വത്തിലുള്ള ഗ്രിഗോറിയൻ സർവ്വകലാശാലയിൽ പരീക്ഷക്ക് പ്രയാസം നേരിടുന്ന അമേരിക്കൻ വിദ്യാർത്ഥികൾ ക്ലമന്റ് പതിനാലാമൻ മാർപാപ്പയുടെ കബറിങ്കൽ പൂക്കൾ വച്ച് പ്രാർത്ഥിക്കുന്ന ഒരു പാരമ്പര്യം നിലവിലുണ്ട്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.