പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 246 – ക്ലമന്റ് XII (1652-1740)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1730 ജൂലൈ 12 മുതൽ 1740 ഫെബ്രുവരി 6 വരെ സഭയെ നയിച്ച മാർപാപ്പയാണ് ക്ലമന്റ് പന്ത്രണ്ടാമൻ. ഇറ്റലിയിലെ ഫ്ലോറൻസിൽ എ.ഡി. 1652 ഏപ്രിൽ 7 -ന് ബർത്തലോമിയയുടെയും എലിസബേത്തയുടെയും മകനായി ലോറെൻസൊ കൊർസീനി ജനിച്ചു. മാതാപിതാക്കന്മാർ ഫ്ലോറൻസിലെ പ്രഭുകുടുംബത്തിലെ അംഗങ്ങളായിരുന്നു. വി. ആന്ദ്രേയ കൊർസീനി, ലോറെൻസൊയുടെ ബന്ധുവാണ്. റോമൻ കോളേജിലെ പഠനത്തിനു ശേഷം പിസാ സർവ്വകലാശാലയിൽ നിന്നും കാനൻ നിയമത്തിലും സിവിൽ നിയമത്തിലും അദ്ദേഹം ഡോക്ടർ ബിരുദം സമ്പാദിച്ചു. അതിനു ശേഷം തന്റെ അമ്മാവൻ കർദ്ദിനാൾ നേരി കൊർസീനിയോടൊപ്പം നിയമജ്ഞനായി ജോലി ചെയ്തു. തന്റെ പിതാവിന്റെയും അമ്മാവന്റെയും മരണശേഷം കുടുംബത്തിന്റെ തലവനായി ചുമതല ഏൽക്കുന്നതിനു പകരം അത് ഉപേക്ഷിച്ച് പഠനത്തിനായി തന്റെ സമയം ചിലവഴിച്ചു.

അലക്‌സാണ്ടർ എട്ടാമൻ മാർപാപ്പ എ.ഡി. 1690 -ൽ ലോറെൻസൊയെ നിക്കൊമേദിയായിലെ സ്ഥാനീയമെത്രാനും വിയന്നായിലെ നുൺഷിയോയുമായി നിയമിച്ചു. ആറു വർഷങ്ങൾക്കു ശേഷം സന്താഞ്ചലോ കൊട്ടാരത്തിന്റെ ഗവർണറായി ചുമതലയേറ്റ ലോറെൻസൊയെ ക്ലമന്റ് പതിനൊന്നാമൻ മാർപാപ്പ സാന്ത സൂസന്നായിലെ കർദ്ദിനാൾ പുരോഹിതനായി നിയമിച്ചു. ബെനഡിക്ട് പതിമൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ അപ്പസ്തോലിക് സിഞ്ഞിത്തൂറായുടെ പ്രീഫെക്റ്റ് ആയും നിയമിച്ചു. ബെനഡിക്ട് മാർപാപ്പ കാലം ചെയ്തു നാലു മാസത്തോളം കഴിഞ്ഞാണ് കർദ്ദിനാൾ ലോറെൻസൊ എഴുപത്തിയെട്ടാമത്തെ വയസ്സിൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. തന്നെ കർദ്ദിനാളാക്കിയ ക്ലമന്റ് പതിനൊന്നാമൻ മാർപാപ്പയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനാണ് അദ്ദേഹം ആ നാമം സ്വീകരിച്ചത്.

റോമിന്റെ താറുമാറായിക്കിടന്ന സാമ്പത്തികമേഖല ശരിയാക്കുക എന്നതായിയിരുന്നു ക്ലമന്റ് മാർപാപ്പയുടെ പ്രഥമ ദൗത്യം. ലാറ്ററൻ ബസിലിക്കയുടെ ഇന്നത്തെ മനോഹരമായ മുഖവാരം ഇക്കാലയളവിൽ പണി ആരംഭിച്ചതാണ്. അതുപോലെ തന്നെ കോൺസ്റ്റന്റീൻ നിർമ്മിച്ച വിജയകമാനവും റോമിലെ പ്രധാനപ്പെട്ട പാതകളും ക്ലമന്റ് മാർപാപ്പ നവീകരിച്ചു. ത്രേവി ജലധാര ഇന്നത്തെ രീതിയിൽ പണിയുന്നതിന് ആരംഭം കുറിച്ചു. കലാബ്രിയ നഗരത്തിൽ ഇറ്റാലോ-അൽബേനിയൻ കോളേജിന്റെ ലൈബ്രറി ആരംഭിച്ചു. ഓർത്തോക്സ് സഭകളുമായി നല്ല ബന്ധത്തിനു ശ്രമിച്ച മാർപാപ്പ, വത്തിക്കാൻ ലൈബ്രേറിയൻ ജോസഫ് അസ്സെമാനിയെ ലെബനിൽ അയച്ചു കോപ്റ്റിക്ക്‌ പാത്രിയർക്കീസിനെ റോമൻ ബന്ധത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഫ്രാൻസിലെ വിൻസെന്റ് ഡി പോൾ ഉൾപ്പെടെ അഞ്ചു പേരെ വിവിധ സമയങ്ങളിൽ മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. എ.ഡി. 1740 ഫെബ്രുവരി 6 -ന് കാലം ചെയ്ത ക്ലമന്റ് പന്ത്രണ്ടാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് ജോൺ ലാറ്ററൻ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.