പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 214 – അലക്‌സാണ്ടർ VI (1431-1503)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1492 ആഗസ്റ്റ് 11 മുതൽ 1503 ആഗസ്റ്റ് 18 വരെ മാർപാപ്പ ആയിരുന്ന ആളാണ് അലക്‌സാണ്ടർ ആറാമൻ. ആത്മീയകാര്യങ്ങളിൽ യാതൊരു ശ്രദ്ധയുമില്ലാതെ സഭയെ തന്റെയും കുടുംബത്തിന്റെയും വളർച്ചക്കായുള്ള ഒരു ഉപകരണമായി മാത്രം കണ്ട് സഭയുടെ സൽപ്പേരിനു കളങ്കം ചാർത്തിയ ഒരു മാർപാപ്പയായിരുന്നു അലക്‌സാണ്ടർ ആറാമൻ. സ്പെയിനിലെ വലൻസിയ പട്ടണത്തിനടുത്തുള്ള ഹത്തീവ എന്ന സ്ഥലത്ത് എ.ഡി. 1431 ജനുവരി 1 -ന് റൊഡ്രിഗോ ദേ ബോർജ ജനിച്ചു. പതിനാലാമത്തെ വയസ്സിൽ വലൻസിയ കത്തീഡ്രലിലെ സാക്രിസ്റ്റൻ ആയിക്കൊണ്ടാണ് റൊഡ്രിഗോ തന്റെ സഭാസേവനം ആരംഭിക്കുന്നത്. പിന്നീട് റോമിലും ബൊളോഞ്ഞായിലും പഠനത്തിനായി പോവുകയും നിയമത്തിൽ ഡോക്ടർ ബിരുദം സമ്പാദിക്കുകയും ചെയ്തു.

റൊഡ്രിഗോയുടെ അമ്മാവൻ മാർപാപ്പ ആയത് (കലിസ്റ്റസ് III) അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വളർച്ചക്കു കാരണമായി. എ.ഡി. 1455 -ൽ അമ്മാവന്റെ സ്ഥാനത്ത് വലെൻസിയായിലെ ബിഷപ്പായി നിയമിതനായി. പിന്നീട് റോമിലെ സാൻ നിക്കോള ദേവാലയത്തിലെ കർദ്ദിനാൾ ഡീക്കനായി നിയമിക്കപ്പെട്ട റൊഡ്രിഗോയെ മാർപാപ്പ അങ്കോണ പ്രദേശത്തെ ലഹള ഇല്ലാതാക്കാനായി അയച്ചു. ഇതിൽ വിജയിച്ച അദ്ദേഹത്തെ മാർപാപ്പ റോമൻ സഭയുടെ വൈസ് ചാൻസലർ ആയി നിയമിച്ചു. മാർപാപ്പ ആകുന്നതു വരെ അടുത്ത മുപ്പത്തിയഞ്ചു വർഷത്തേക്ക് ഈ സ്ഥാനത്ത് അദ്ദേഹം തുടർന്നു.

അടുത്ത മൂന്നു മാർപാപ്പമാരുടെ തിരഞ്ഞെടുപ്പിലും റൊഡ്രിഗോ വലിയ സ്വാധീനം ചെലുത്തി. ഈ കോൺക്ലേവുകളിലെല്ലാം മാർപാപ്പ ആകുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും അദ്ദേഹം നടത്തി. പരാജപ്പെടുമ്പോൾ തന്റെ ആവശ്യങ്ങൾ നേടിയെടുത്തു, തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ള ആളിന് പിന്തുണ നല്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. സിക്സ്റ്റസ് ആറാമൻ ഇദ്ദേഹത്തെ അൽബാനോയിലെ കർദ്ദിനാൾ ബിഷപ്പായി നിയമിച്ചു. എ.ഡി. 1485 -ൽ ഇന്നസെന്റ് എട്ടാമൻ കർദ്ദിനാൾ റൊഡ്രിഗോയെ സ്പെയിനിലെ സെവിൽ രൂപതയുടെ ആർച്ചുബിഷപ്പായി നിയമിച്ചു. എന്നാൽ ഫെർഡിനാന്റ് രണ്ടാമൻ രാജാവ് തന്റെ മകനു വേണ്ടി ഈ സ്ഥാനം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. രാജാവിന്റെ എതിർപ്പിനെ തുടർന്ന് റൊഡ്രിഗോ ഈ ആഗ്രഹം ഉപേക്ഷിച്ചു.

ഇന്നസെന്റ് മാർപാപ്പ കാലം ചെയ്തപ്പോൾ കർദ്ദിനാൾ സ്ഥാനത്തുണ്ടായിരുന്ന മിക്കവരും യൂറോപ്പിലെ പ്രബല കുടുംബപ്രതിനിധികൾ ആയിരുന്നു. സഭയുടെ നന്മയേക്കാൾ കുടുംബ താത്പര്യങ്ങൾ സംരക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കർദ്ദിനാളന്മാരെ പല വിധത്തിൽ സ്വാധീനിച്ചിട്ടാണ് എ.ഡി. 1492 ആഗസ്റ്റ് 11 -ന് കർദ്ദിനാൾ റൊഡ്രിഗോ ബോർജ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതെന്നു പറയപ്പെടുന്നു. അദ്ദേഹം അലക്‌സാണ്ടർ ആറാമൻ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പല ബലഹീനതകളും ഈ സമയത്തു തന്നെ പ്രസിദ്ധമായിരുന്നെങ്കിലും അസാധാരണ വാക്ചാതുര്യവും ദീർഘനാളത്തെ ഭരണപരിചയവും അലക്‌സാണ്ടർ മാർപാപ്പയുടെ ഭരണത്തെക്കുറിച്ചു ജനങ്ങൾക്ക് പല ശുഭപ്രതീക്ഷകളും നല്കി.

റോമിലെ അരക്ഷിതാവസ്ഥക്ക് അന്ത്യമുണ്ടാകും എന്ന പ്രതീതി ഭരണത്തിന്റെ ആരംഭത്തിൽ ഉണ്ടായെങ്കിലും മാർപാപ്പ ഒന്നും ചെയ്തില്ല. കൂരിയ നവീകരണവും തുർക്കികൾക്കെതിരായ പോരാട്ടവും അദ്ദേഹത്തിന്റെ വാക്കുകളിൽ മാത്രം ഒതുങ്ങി. ഭൗതീക കാര്യങ്ങളിൽ മാത്രം ശ്രദ്ധയൂന്നി ഭരണം നടത്തിയ അലക്‌സാണ്ടർക്ക് ലോകകാര്യങ്ങളിൽ വ്യാപരിക്കുന്ന ഒരു ഭരണാധികാരിയുടെ ധാർമ്മിക നിലവാരത്തിലേക്കു പോലും എത്താൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ പ്രവൃത്തികൾ സഭയ്ക്ക് വലിയ അവമതിപ്പുണ്ടാക്കി. അലക്‌സാണ്ടർ തന്നെ അംഗീകരിച്ച നാലു സന്താനങ്ങൾ ഒരു സ്ത്രീയിൽ നിന്നും അദ്ദേഹത്തിന് ജനിച്ചിട്ടുണ്ട്. ഇതു കൂടാതെ, മറ്റു ജാരസന്താനങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവരുടെ ഉതപ്പേകുന്ന ജീവിതത്തെക്കുറിച്ചു ധാരാളം കഥകളും ഉപകഥകളും രചിക്കപ്പെട്ടിട്ടുണ്ട്.

ഫ്ലോറൻസിൽ നിന്നുള്ള ഡൊമിനിക്കൻ സന്യാസി ജിറോലമോ സവോണറോള റോമൻ കൂരിയയുടെ കുത്തഴിഞ്ഞ ഭരണശൈലിയയെയും മാർപാപ്പയുടെ നിയന്ത്രണമില്ലായ്മയെയും വിമർശിച്ചുകൊണ്ട് പ്രസംഗിക്കാൻ ആരംഭിച്ചു. സഭയിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ആർജ്ജിക്കുന്നതിന് അദ്ദേഹത്തിനു സാധിച്ചു. സഭയെ നേരായ പാതയിലൂടെ നയിക്കുന്നതിന് പുതിയൊരു എക്യൂമെനിക്കൽ കൗൺസിൽ വിളിച്ചുകൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ വിമർശനങ്ങൾ ഫ്ലോറൻസിലെ ഭരണാധികാരികൾക്കെതിരെ നടത്തുകയും അതേ തുടർന്ന് അവർ അദ്ദേഹത്തെ വിചാരണ ചെയ്തു എ.ഡി. 1498 മെയ് 23 -ന് വധിക്കുകയും ചെയ്തു.

എ.ഡി. 1500 പ്രത്യേക ജൂബിലി വർഷമായി റോമിൽ ആഘോഷിച്ചു. അതിന്റെ ആരംഭത്തിൽ വി. പത്രോസിന്റെ ബസിലിക്കയിൽ “വിശുദ്ധ കാവാടം” തുറക്കുകയും അതിന്റെ അവസാനത്തിൽ അടക്കുകയും ചെയ്യുന്ന പാരമ്പര്യം മാർപാപ്പ തുടങ്ങി. ഇന്ന് പ്രത്യേക ജൂബിലി വർഷാചരണത്തോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേവാലയങ്ങളിൽ “കരുണയുടെ കാവാടം” തുറക്കുന്ന രീതി നിലവിലുണ്ട്. അലക്‌സാണ്ടർ മാർപാപ്പ പെട്ടെന്ന് രോഗബാധിതനായി മരിക്കുകയായിരുന്നു. എന്നാൽ തന്റെ മരണത്തിനു മുൻപായി അദ്ദേഹം തന്റെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുകയും കുമ്പസാരിച്ച് കുർബാനയും അന്ത്യകൂദാശയും സ്വീകരിച്ചു മരിച്ചു എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വി. പത്രോസിന്റെ ബസിലിക്കയിൽ ആദ്യം അടക്കിയ അദ്ദേഹത്തിന്റെ മൃതശരീരം പിന്നീട് എ.ഡി. 1610 -ൽ തന്റെ അമ്മാവൻ ക്ലമന്റ് മൂന്നാമന്റെ അരികിലായി റോമിലെ സാന്ത മരിയ ദി മോൺസൊറാത്ത ദേവാലയത്തിൽ സംസ്‌ക്കരിച്ചു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.