ഒരു കത്തോലിക്കൻ എന്നനിലയിൽ നന്ദിയോടെ ജീവിക്കാൻ നമ്മെ സഹായിക്കുന്ന നാലു കാര്യങ്ങൾ

നമ്മുടെ ജീവിതം ദൈവത്തിന്റെ ഔദാര്യവും സ്നേഹവുമാണ്. അതുകൊണ്ടുതന്നെ വി. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ, ഇടവിടാതെ പ്രാർഥിക്കാനും എല്ലാ കാര്യങ്ങളിലും നന്ദിപ്രകാശിപ്പിക്കാനും നമുക്ക് കടമയുണ്ട്. ചില രാജ്യങ്ങളിൽ നന്ദിപ്രകാശനത്തിനായി പ്രത്യേകദിനംപോലും മാറ്റിവച്ചിട്ടുണ്ട്. ദൈവത്തിന്റെ കരുണയും സ്നേഹവും നിരന്തരം അനുഭവിക്കുന്ന ഒരു കത്തോലിക്കൻ എന്നനിലയിൽ നാം ഓരോ നിമിഷവും ദൈവത്തോട് നന്ദിപറയാൻ കടപ്പെട്ടവരാണ്. ഇപ്രകാരം നന്ദിനിറഞ്ഞ ഒരു ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന ഏതാനും ചില മാർഗങ്ങൾ പരിചയപ്പെടാം.

1. പരിശുദ്ധ കുർബാന ഒരു നന്ദി പ്രകാശനം

പരിശുദ്ധ കുർബാനയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗ്രീക്ക് വാക്കാണ് ‘Eucharist.’ ‘നന്ദി’ എന്നാണ് ഇതിന്റെ അർഥം. അതുകൊണ്ട് നമ്മുടെ ഏറ്റവും വലിയ നന്ദിപ്രകാശന പ്രാർഥനയാണ് പരിശുദ്ധ കുർബാന എന്ന് മറക്കാതിരിക്കാം.

കർത്താവിന്റെ യാഗത്തെ അനുസ്മരിക്കാൻ നാം അൾത്താരയ്ക്കുചുറ്റും ഒന്നിച്ചുകൂടുമ്പോഴെല്ലാം നമ്മുടെ വ്യക്തിജീവിതങ്ങളിലേക്കും കുടുംബങ്ങളിലേക്കും സഭയിലേക്കും വർഷിക്കപ്പെടുന്ന നിരവധിയായ അനുഗ്രഹങ്ങൾക്ക് നമുക്ക് നന്ദിപറയാം. നന്ദിയോടെ ഒരു ദിവസം ആരംഭിക്കാനുള്ള ഏറ്റവും നല്ല മാർഗം കൂടിയാണ് പരിശുദ്ധ കുർബാന.

2. ശുശ്രൂഷകളിലൂടെ നന്ദിപറയാം

ഞാൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനാണ് എന്ന് ക്രിസ്തു തന്റെ ശിഷ്യന്മാരോടു പറയുന്നുണ്ട്. നമുക്കു ലഭിച്ച അനുഗ്രഹങ്ങളും സമയവും സമ്പാദ്യവും മറ്റുള്ളവർക്ക് പങ്കുവയ്ക്കുന്നതിലൂടെ നാം യഥാർഥത്തിൽ ദൈവത്തിന് നന്ദിപറയുകയാണ് ചെയ്യുന്നത്.

ഈ ശുശ്രൂഷ നമുക്ക് നമ്മുടെ കുടുംബത്തിൽ നിന്നുതന്നെ ആരംഭിക്കാം. ഭക്ഷണമൊരുക്കിക്കഴിയുമ്പോൾ അവ സ്നേഹപൂർവം വിളമ്പാനും അത് പാകമാക്കിത്തരുന്നവരോട് നന്ദിപറയാനും ശ്രമിക്കുന്നതിലൂടെ ദൈവമാണ് മഹത്വപ്പെടുന്നത്.

3. അനുനിമിഷം നന്ദിപറയാം

നമ്മുടെ ദൈനംദിനജീവിതത്തിൽ ഓരോ നിമിഷവും ദൈവത്തോട് നന്ദിപറയാൻ കടപ്പെട്ടവരാണ് നാം. നമ്മുടെ ആരോഗ്യത്തെപ്രതിയും നമ്മുടെ മാതാപിതാക്കളെപ്രതിയും നമുക്കായി ദൈവം ഒരുക്കുന്ന എല്ലാ അവസരങ്ങളെയുംപ്രതിയും നാം നന്ദിപറയണം. നന്ദിനിറഞ്ഞ ഹൃദയത്തിൽ ഒരിക്കലും നിരാശയുടെ വിത്ത് വിതയ്ക്കാൻ പിശാചിനു കഴിയില്ല. അതിനാൽതന്നെ നാം നമ്മുടെ സന്തോഷങ്ങളെയും സങ്കടങ്ങളെയുംപ്രതി നന്ദിപറയണം. ഒരുപക്ഷേ, ഇന്നത്തെ സങ്കടങ്ങൾ നാളത്തെ നന്മയായി പരിണമിക്കുന്നത്, സങ്കടങ്ങളിലൂടെ കടന്നുപോകുന്ന നിമിഷങ്ങളിൽ നമുക്ക് മനസ്സിലാകണമെന്നില്ല. എങ്കിലും, എല്ലാറ്റിനോടും എല്ലായ്‌പ്പോഴും നന്ദിനിറഞ്ഞ ഒരു ഹൃദയം സൂക്ഷിക്കൻ പരിശ്രമിക്കാം.

4. ഒരു കത്തോലിക്കൻ ആയിരിക്കുന്നതിൽ നന്ദിപറയാം

കത്തോലിക്കർ ഭൂരിപക്ഷമില്ലാത്ത ഒരു രാജ്യത്ത് വിശ്വാസത്തെപ്രതി ഓരോ കത്തോലിക്കനും നേരിടേണ്ടിവരുന്ന അനുഭവങ്ങളും പീഡനങ്ങളും നാം ഓരോ ദിവസവും മനസ്സിലാക്കുന്നുണ്ട്. കത്തോലിക്കാ വിശ്വാസത്തിൽ വളരാനും നിരന്തരം ബലിയർപ്പണങ്ങളിൽ പങ്കെടുക്കാനും സമാധാനപരമായ അന്തരീക്ഷത്തിൽ ജീവിക്കാനും ദൈവമൊരുക്കുന്ന അവസരങ്ങളെപ്രതി നാം നന്ദിപറയേണ്ടതുണ്ട്; ഒപ്പം പീഡിതരായ ക്രൈസ്തവർക്കുവേണ്ടി പ്രാർഥിക്കാനും നാം മറന്നുപോകരുത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.