
വിളവെടുപ്പിന്റെ ആദ്യപടിയായിട്ടാണ് പരിശുദ്ധ കത്തോലിക്ക സഭ എല്ലാ വർഷവും ‘കതിരുകളുടെ നാഥയായ മറിയത്തിന്റെ’ തിരുനാൾ ആഘോഷിച്ചുവരുന്നത്. കൃഷിയുമായി ബന്ധപ്പെട്ട വിത്തുകളും ഉത്പന്നങ്ങളും പരിശുദ്ധ കന്യകാമറിയം വഴി ദൈവത്തിനു സമർപ്പിക്കുന്ന ആശയങ്ങളോട് ചേർന്നുനിൽക്കുന്ന ഒരു തിരുനാളാണ് ഇത്. മെയ് 15-ന് പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ തിരുനാൾ ആഘോഷിക്കുമ്പോൾ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രയത്നങ്ങളെയും ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെയും അപ്പോസ്തലന്മാരുൾപ്പെടെ എല്ലാ വിശുദ്ധരുടെയും സംരക്ഷണത്തിനു സമർപ്പിക്കുകയാണ്.
തങ്ങളുടെ കൃഷിയിടങ്ങളിലുണ്ടാകുന്ന കായ്‌ഫലങ്ങളും വിളവുകളും ദൈവാലയത്തിൽ സമർപ്പിക്കുന്ന പതിവുണ്ടായിരുന്നു. ഫലഭൂയിഷ്ഠമായ വിളവെടുപ്പിനായി ദൈവത്തിന്റെ സഹായം തേടാനുള്ള കർഷകരുടെ ആവശ്യങ്ങളിൽ നിന്ന് ഉടലെടുത്ത ഒരു തിരുനാളാണിത്. നല്ല കാലാവസ്ഥ ലഭിക്കാനായി ദൈവത്തിന്റെ സഹായം തേടുകയും തങ്ങളുടെ വിളകൾക്കായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം യാചിക്കുകയും ചെയ്യുന്നു. അറ എന്ന് പൊതുവെ അറിയപ്പെട്ടിരുന്ന സ്റ്റോർ ഹൗസുകളിൽ നിന്ന് നമ്മുടെ പൂർവീകർ വിത്ത് എടുത്തിരുന്നത് പ്രാർഥനകൾക്കുശേഷം മാത്രമാണ്. പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് പ്രത്യേകം സംരക്ഷണം ലഭിക്കാൻ, കർഷകരുടെ അധ്വാനത്തിന് തക്ക ഫലം ലഭിക്കാൻ ഒക്കെ പരിശുദ്ധ മറിയത്തെ ഒരു സംരക്ഷണകവചമായി കണക്കാക്കി; അതിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി.
ഈ തിരുനാൾ ആഘോഷം ആരംഭിച്ചത് വി. യോഹന്നാൻ ആണെന്നും പറയപ്പെടുന്നു. എഫേസൂസ് ദേശം കനത്ത മഞ്ഞുവീഴ്ചയിൽ വലഞ്ഞപ്പോൾ വർഷത്തിൽ മൂന്നുപ്രാവശ്യം പരിശുദ്ധ അമ്മയുടെ തിരുനാൾ ആചരിക്കണമെന്ന അറിയിപ്പ് പരിശുദ്ധ അമ്മയിൽ നിന്നും ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തുകയും അതുപ്രകാരം പരിശുദ്ധ അമ്മയുടെ മൂന്ന് തിരുനാളുകൾ ആചരിക്കാൻ ആരംഭിക്കുകയും ചെയ്തു എന്നൊരു പാരമ്പര്യവും നിലനിൽക്കുന്നുണ്ട്. ജനുവരിയിലാണ് വിത്ത് വിതയ്ക്കുന്നതുമായി ബന്ധപ്പെട്ട് പരിശുദ്ധ മറിയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്. മെയ് മാസത്തിൽ വിത്തുകളുടെ നാഥയായ മറിയത്തിന്റെ തിരുനാൾ ആചരിക്കുന്നു. ആഗസ്റ്റ് മാസത്തിൽ മുന്തിരിത്തോട്ടങ്ങൾ അനുഗ്രഹിക്കുന്ന മാതാവിനോട് മാധ്യസ്ഥ്യം യാചിച്ചു പ്രാർഥിക്കുന്നു.
നമ്മുടെ അനുദിന ജീവിതത്തിൽ ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യവും സംരക്ഷണവും തേടുന്ന പാരമ്പര്യം ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കാൻ പരിശ്രമിക്കാം.