മരണഭയത്തെ മാറ്റിനിര്‍ത്താം

ജിൻസി സന്തോഷ്

മരണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭയമുണ്ടാകാൻ കാരണമെന്താണ്? ഓരോ ദിവസവും നാം മരിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം അംഗീകരിക്കാന്‍ കഴിയാതെ, എന്നും ഈ ലോകത്തിൽ തന്നെ ജീവിക്കാന്‍ കൊതിക്കുന്ന അതിമോഹത്തിന്റെ ഉടമകളായി മനുഷ്യൻ മാറിക്കൊണ്ടിരിക്കുന്നു. മരണത്തെ ഭയപ്പെടുകയും അതേസമയം വീണ്ടും പാപത്തിൽ തന്നെ കഴിയുകയും ചെയ്യുന്നുണ്ടെങ്കിൽ മരണത്തോടുള്ള നമ്മുടെ വീക്ഷണം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ലക്ഷ്യം മറന്നുകൊണ്ട് ഈ ലോകത്തിൽ മാത്രം ജീവിതം കെട്ടിപ്പൊക്കാന്‍ ശ്രമിക്കുമ്പോൾ മരണം ഭയം ജനിപ്പിക്കുന്ന വസ്തുതയായി അനുഭവപ്പെടും. എങ്ങനെ മരിക്കാതിരിക്കാ൦ എന്ന് ചിന്തിക്കുന്നതിനേക്കാൾ നല്ലത് നാം അനുദിനം മരിക്കുന്നു എന്ന യാഥാർത്ഥ്യത്തെ അംഗീകരിച്ച് നിത്യത മുന്നിൽ കണ്ട് ജീവിതത്തെ ക്രമപ്പെടുത്തുന്നതാണ്.

ക്രിസ്തു മരണത്തെ കണ്ടത് നിദ്രയായിട്ടാണ്. ‘ലാസർ ഉറങ്ങുന്നു’, ‘ബാലിക ഉറങ്ങുകയാണ്’ തുടങ്ങിയ ക്രിസ്തുവിന്റെ പരാമർശങ്ങൾ വെളിപ്പെടുത്തുന്നത്, മരണം ദൈവപിതാവിന്റെ കരങ്ങളിലുള്ള ശാന്തമായ ഉറക്കമാണെന്ന സത്യത്തെയാണ്.

ജെറുസലേം ദേവാലയത്തിൽ വച്ച് പരിശുദ്ധ മറിയത്തിന്റെ കരങ്ങളിലിരിക്കുന്ന ഉണ്ണിയേശുവിനെ കാണുമ്പോൾ മരണത്തെ പുൽകാൻ ആഗ്രഹിക്കുന്ന ശിമയോ൯, മരണത്തെ ഭയന്ന് എമ്മാവൂസിലേക്ക് ഒളിച്ചോടിപ്പോകുമ്പോൾ ഉത്ഥാനം ചെയ്ത ക്രിസ്തുവിനെ കണ്ട് വീണ്ടും തിരികെ ജറുസലേമിലേക്ക് കടന്നുവരുന്ന ക്രിസ്തുശിഷ്യർ, ഡമാസ്കസിലെ ഇരുണ്ട തെരുവിൽ വച്ച് ക്രിസ്തുവിനെ തിരിച്ചറിഞ്ഞതിനു ശേഷം മരണമേ നിന്റെ ദംശനം എവിടെ എന്നു ചോദിക്കുന്ന പൗലോസ്, ജീവിതം ക്രിസ്തുവിനായി അർപ്പണം ചെയ്തപ്പോൾ സോദരി മരണമേ എന്ന് മരണത്തെ വിളിക്കാൻ തക്കവിധം ആത്മീയ ഉന്നതിയിൽ എത്തിയ അസീസിയിലെ വി. ഫ്രാൻസിസ്… അങ്ങനെ ആരൊക്കെ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു അവനായി ജീവിതം അർപ്പണം ചെയ്യുന്നുവോ അവർക്കു മാത്രമേ മരണ ഭയത്തെ അതിജീവിക്കാനും ജീവിതത്തിന്റെ പൂര്‍ണ്ണത അനുഭവിക്കാനും സാധിക്കൂ.

ജീവിതത്തിൽ അഭിമാനപൂർവ്വം കൊട്ടിഘോഷിക്കുന്ന നേട്ടങ്ങളും കഴിവുകളും നിത്യതയിലേക്ക് എത്രമാത്രം സഹായകരമാണെന്ന് വിലയിരുത്തുന്നത് ജീവിതശൈലികളെ ക്രമപ്പെടുത്താൻ സഹായിക്കും. മനുഷ്യജീവിതം എന്ന അമർത്യതയിലേക്കുള്ള യാത്രയുടെ ഇടത്താവളമാണ് ഈ ലോകം എന്ന ബോധ്യം മനസില്‍ സൂക്ഷിക്കുന്നവർക്ക് ജീവിതം എപ്പോഴും ആസ്വാദ്യകരമാകും. മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെ നടക്കുമ്പോഴും മരണഭയം അവരെ അലട്ടുകയില്ല.

ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന് പറയുമ്പോഴും മരണത്തെ ഭയപ്പെടുന്നുണ്ടെങ്കിൽ ഏറ്റുപറയുന്ന വിശ്വാസം നമുക്ക് അനുഭവമായി മാറിയിട്ടില്ല എന്നർത്ഥം.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.