ആഗസ്റ്റ് മാസം എട്ടാം തീയതി വി. ഡൊമിനിക്കിന്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമായി ജീവിച്ചിരുന്ന വി. ഡൊമിനിക് (1170- 1221) അസ്സീസിയിലെ വി. ഫ്രാൻസീസിനെപ്പോലെ ക്രൈസ്തവലോകത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിയായിരുന്നു.
ഇരുപത്തിയഞ്ചാം വയസ്സിൽ പുരോഹിതനായ ഡൊമിനിക് സ്വയംപരിത്യാഗം, പരിശുദ്ധി, ദൈവഭക്തി, പ്രേഷിത തീക്ഷ്ണത എന്നിവയിൽ ആ കാലഘട്ടത്തിലെ മറ്റുപലരെയും പിന്നിലാക്കി. മാംസം ഭക്ഷിക്കാനോ, കിടക്കയിൽ ഉറങ്ങാനോ ഈ സ്പാനിഷ് വൈദികൻ തയാറായിരുന്നില്ല. 1215-ൽ ഡൊമിനിക്കൻ സന്യാസ സഭ (Order of Preachers) സ്ഥാപിച്ചു. വി. ആഗ്സ്തിനോസിന്റെ നിയമമാണ്, ദൈവവചനത്തിന്റെ പ്രഘോഷണം മുഖ്യകാരിസമായി തിരഞ്ഞെടുത്തിരിക്കുന്ന ഈ സമർപ്പിതസമൂഹം പിന്തുടരുന്നത്. വി. ഡൊമിനിക്ക് വഴിയായി സംഭവിച്ച ഒരു ദിവ്യകാരുണ്യഅത്ഭുതമാണ് ഇന്നത്തെ ദിവ്യകാരുണ്യ വിചാരങ്ങളിലെ ഇതിവൃത്തം.
ഹോണോരിയൂസ് മൂന്നാമൻ മാർപാപ്പ (1216- 1227) ഡൊമിനിക്കിനെ, റോമിലെ വിവിധ സ്ഥലങ്ങളിൽ ചിതറിക്കിടന്നിരുന്ന എല്ലാ കന്യാസ്ത്രീകളെയും ഒരു ആശ്രമത്തിൽ ഒരുമിച്ചുകൂട്ടാൻ ചുമതലപ്പെടുത്തി. അതുപ്രകാരം വി. സിക്സ്റ്റസിന്റെ മഠത്തിലെ അറ്റകുറ്റപ്പണികൾ നടത്തി കന്യാസ്ത്രീകളെ അവിടെ പാർപ്പിക്കാൻ ഡൊമിനിക് തീരുമാനിച്ചു. ഈ മഹത്തായ ദൗത്യം നിർവഹിക്കുന്നതിന് തന്നെ സഹായിക്കാൻ തനിക്ക് അനുയോജ്യരായ മറ്റുചിലരെ നിയോഗിക്കണമെന്ന് ഡൊമിനിക് മാർപാപ്പയോട് അഭ്യർഥിച്ചു. അതനുസരിച്ച്, മാർപാപ്പ ഡൊമിനിക്കിനു സഹായികളായി, പിന്നീട് 1227-ൽ ഗ്രിഗറി ഒൻപതാമൻ എന്ന മാർപാപ്പയായിത്തീർന്ന ഓസ്തിയയിലെ ബിഷപ്പ് ഉഗോലിനോയേയും കർദിനാൾമാരായ സ്റ്റീഫനെയും നിക്കോളാസിനെയും നിയമിച്ചു. കന്യാസ്ത്രീകളിൽ ഭൂരിഭാഗം പേരും ഏകീകരണപദ്ധതിയെ എതിർക്കുകയും ഈ വിഷയത്തിൽ മാർപാപ്പയെയും ഡൊമിനിക്കിനെയും അനുസരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ ടെമ്പൂലോയിലെ പരിശുദ്ധ കന്യകാമറയത്തിന്റെ നാമത്തിലുള്ള മഠത്തിന്റെ മഠാധിപതിയും അവളുടെ കന്യാസ്ത്രീകളും മാർപാപ്പയ്ക്കും ഡൊമിനിക്കിനും വിധേയപ്പെട്ട് അവരുടെ ആശ്രമത്തിന്റെ എല്ലാ സ്വത്തുക്കളും വരുമാനവും നൽകി.
ഡൊമിനിക്, തന്റെ സഹായികളായ കർദിനാൾമാരുടെ അംഗീകാരത്തോടെ, നോമ്പുകാലത്തിന്റെ ആദ്യദിവസം, ചാരം പൂശി സിറ്റേഴ്സിനെ വി. സിക്സ്റ്റസിന്റെ മഠത്തിലേക്കു ക്ഷണിച്ചു.
ഡൊമിനിക്കും കർദിനാൾമാരും അവരുടെ ഇരിപ്പിടങ്ങളിലിരുന്ന് സിസ്റ്റേഴ്സിനോടു സംസാരിക്കുമ്പോൾ ഒരു മനുഷ്യൻ ഓടിക്കിതച്ച് പള്ളിയിലേക്കു വന്നു. കാരണംതിരക്കിയപ്പോൾ, കർദിനാൾ സ്റ്റീഫന്റെ അനന്തരവൻ കുതിരപ്പുറത്തുനിന്ന് വീണുമരിച്ചു എന്ന ഒരു ദു:ഖവാർത്ത അറിയിച്ചു. നെപ്പോളിയൻ എന്നായിരുന്നു ആ യുവാവിന്റെ പേര്. അമ്മാവനായ കർദിനാൾ ഇതുകേട്ടപ്പോൾ ബോധംകെട്ടുവീണു. ഉടനെ അവർ സംഭവസ്ഥലത്തേക്കു പോയി. മരിച്ച യുവാവിന്റെ ശരീരത്തിൽ മുറിവേറ്റ പാടുകൾ കാണാമായിരുന്നു. അടുത്തുള്ള ഒരു വീട്ടിലേക്ക് അവനെ കൊണ്ടുപോയി കിടത്താൻ നിർദേശിച്ച ഡൊമിനിക് വിശുദ്ധ കുർബാനയ്ക്ക് തയാറെടുക്കാൻ സഹോദരൻ ടാൻക്രെഡിനോടു പറഞ്ഞു.
ഡൊമിനിക്കും കർദിനാൾമാരും ഭയഭക്തിപൂർവം കണ്ണീരോടെ വിശുദ്ധ കുർബാന അർപ്പിക്കാൻ തുടങ്ങി. കുർബാന സ്ഥാപനവാക്യങ്ങൾ ഉച്ചരിക്കുന്ന സമയത്ത് ഡൊമിനിക് തിരുവോസ്തി കൈകളിലുയർത്തുമ്പോൾ അദ്ദേഹം ഒരടി പൊക്കത്തിൽ ഉയർന്നിരിക്കുന്നത് മറ്റുള്ളവർ കണ്ടു. വിശുദ്ധ കുർബാന കഴിഞ്ഞപ്പോൾ, ഡൊമിനിക്കും കർദിനാൾമാരും അവരുടെ കൂട്ടാളികളും മരിച്ച യുവാവിന്റെ ശരീരം സൂക്ഷിച്ചിരുന്ന വീട്ടിലേക്കു മടങ്ങി. ഡൊമിനിക് ബലിയർപ്പിച്ച തന്റെ കൈകൾ കൊണ്ട് നെപ്പോളിയന്റെ ശിരസ്സുമുതൽ പാദങ്ങൾവരെ, മുറിവേറ്റ എല്ലാ ഭാഗങ്ങളും സ്പർശിച്ചു. പിന്നിട് അവർ മൃതദേഹത്തിനു സമീപം മുട്ടുകുത്തി പ്രാർഥിച്ചു.
രണ്ടും മൂന്നും തവണ മുറിവേറ്റ മുഖവും ശരീരവും സ്പർശിച്ച് മുട്ടുകുത്തി പ്രാർഥിക്കുന്നത് ആവർത്തിച്ചു. മൃതദേഹത്തിൽ കുരിശടയാളം വരച്ച് ഡൊമിനിക് കൈകൾ സ്വർഗത്തിലേക്കുയർത്തി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “നെപ്പോളിയൻ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടു പറയുന്നു, എഴുന്നേൽക്കുക.” പൊടുന്നനെ അവിടെ നിന്നവരെയെല്ലാം ആശ്ചര്യപ്പെടുത്തിക്കൊണ്ട് നെപ്പോളിയൻ ചാടിയെണീക്കുകയും ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തു; തുടർന്ന് ഡൊമിനിക് അദ്ദേഹത്തിന് ഭക്ഷണവും പാനീയവും നൽകി.
ജീവൻ നൽകുന്ന കൂദാശയായ വിശുദ്ധ കുർബാനയെ ജീവനുതുല്യം സ്നേഹിച്ച വി. ഡൊമിനിക്കിന് അറിയാമായിരുന്നു മനുഷ്യസഹജമായ അസാധ്യതകൾ സാധ്യതകളാക്കുന്ന കൂദാശയാണ് വിശുദ്ധ കുർബാനയെന്ന്. അതിനാൽ പ്രിയസുഹൃത്തിന്റെ ബന്ധുവിന്റെ മരണത്തിലും ഡൊമിനിക്കിന്റെ മനസ്സ് പോയതു വിശുദ്ധ ബലിയർപ്പണത്തിലാണ്. ആ വിശുദ്ധബലി അർപ്പണത്തിന്റെ യോഗ്യതയാലാണ് നെപ്പോളിയൻ എന്ന യുവാവ് ജീവിതത്തിലേക്ക് തിരികെവന്നത്. നമ്മുടെ ജീവിതത്തിന്റെ അസാധ്യതകൾക്കുമുമ്പിൽ വിശുദ്ധ കുർബാനയിലേക്കു നമുക്കു തിരിയാം. അത്ഭുതങ്ങൾ ദൈവം നമ്മുടെ കൺമുമ്പിൽ അനുഭവവേദ്യമാക്കിത്തരും.
ഫാ. ജയ്സൺ കുന്നേൽ MCBS