ദിവ്യകാരുണ്യ വിചാരങ്ങൾ 15: ദിവ്യകാരുണ്യവുമായി ബഹിരാകാശത്തിലേക്കു പറന്ന സഞ്ചാരി; മൈക്കിൾ ഹോപ്കിൻസ്

മൈക്കൽ സ്കോട്ട് ഹോപ്കിൻസ് (Michael Scott Hopkins) നാസയുടെ ബഹിരാകാശ സഞ്ചാരിയാണ് (NASA astronaut). ഒരു മെത്തഡിസ്റ്റ് സഭാ (Methodist Church) വിശ്വാസിയായാണ് അദ്ദേഹം വളർന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഒരു തികഞ്ഞ കത്തോലിക്കാ വിശ്വാസി ആയിരുന്നതിനാൽ രണ്ട് മക്കളെയും കത്തോലിക്കാ വിശ്വാസത്തിലാണ് വളർത്തിയത്.

ക്രമേണ ജീവിതത്തിൽ എന്തോ ഒരു ശ്യൂനത മൈക്കൽ അനുഭവിച്ചുതുടങ്ങി. ലോകത്തിനു നികത്താൻ കഴിയാത്ത ഒരു ആത്മീയശ്യൂനത. കുറേ നാളത്തെ അന്വേഷണങ്ങൾക്കും പരിചിന്തനത്തിനുശേഷം തന്റെ ശ്യൂനതയുടെ കാരണം മൈക്ക് കണ്ടെത്തി; ദിവ്യകാരുണ്യമായിരുന്നു അദ്ദേഹത്തിന്റെ ശ്യൂനതയുടെ മറുമരുന്ന്. ക്രമേണ അദ്ദേഹം കത്താലിക്കാ സഭയിലേക്ക് വന്നു. വിശുദ്ധ കുർബാനയില്ലാതെ ജീവിക്കാൻ സാധിക്കാത്ത ആത്മീയ ഔന്നത്യത്തിലേക്ക് അദ്ദേഹം വളർന്നു. 2013-ൽ 24 ആഴ്ചത്തേക്ക് ഇന്റർ നാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് (International Space Station) അദ്ദേഹത്തെ അയക്കാൻ നാസ തീരുമാനിച്ചു. ഈ കാലയളവിൽ ഞാൻ വിശുദ്ധ കുർബാന സ്വീകരിക്കാതെ ഞാൻ ഏങ്ങനെ കഴിയും? ഒരു പുരോഹിതനില്ലാതെ വിശുദ്ധ കുർബാനയർപ്പണമോ കുമ്പസാരമോ സാധ്യമല്ലല്ലോ?

മൈക്ക് പരിഹാരം തേടി അലഞ്ഞു. അവസാനം ഉത്തരം കണ്ടെത്തി. കൂദാശ ചെയ്യപ്പെട്ട വിശുദ്ധ കുർബാന കൊണ്ടുപോകാൻ സാധിച്ചാൽ തനിക്ക് ബഹിരാകാശത്തുവച്ച് ഈശോയെ സ്വീകരിക്കാമല്ലോ. ടെക്സസിലുള്ള തന്റെ ഇടവക വികാരി ഫാ. ജെയിംസ് കാസ്നിസ്കിയുടെ (Fr. James H. Kuczynski) സഹായത്താൽ, കൂദാശ ചെയ്യപ്പെട്ട 6 തിരുവോസ്തികൾ (ഈ തിരുവോസ്തികൾ നാല് ചെറിയ കഷണങ്ങളായി മുറിക്കാവുന്നതായിരുന്നു) ബഹിരാകാശത്തു കൊണ്ടുപോകാൻ Galveston-Houston അതിരൂപതാ മൈക്കിന് അനുവാദം നൽകി. അങ്ങനെ ഓരോ ആഴ്ചയിലും അദ്ദേഹം ഒരു തവണ വിശുദ്ധ കുർബാന ഉൾക്കൊണ്ടു.

ഇത് വലിയ ആശ്വാസമാണ് മൈക്ക് ഹോപ്കിൻസിനു നൽകിയത്. അദേഹം പറയുന്നു: “ക്ലേശം നിറഞ്ഞ ആ നാളുകളിൽ ഈശോ എന്നൊടൊപ്പമുണ്ട് എന്ന ചിന്ത എനിക്ക് ധൈര്യം നൽകി. ശ്യാനാകാശത്തേക്ക് ഞാൻ കാൽവയ്ക്കുമ്പോൾ ഈശോയുടെ സാമീപ്യം എനിക്ക് നവോൻമേഷം നൽകി.” സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിലേക്കു  നോക്കുമ്പോൾ ലഭിക്കുന്ന കഴ്ചകൾ അത് തന്റെ വിശ്വാസത്തെ ആഴത്തിൽ സ്വാധീനിച്ചതായി മൈക്ക് പറയുന്നു. “മുകളിൽ നിന്നു നാം ഭൂമിയെ നോക്കുമ്പോൾ പ്രപഞ്ചത്തിന്റെ മനോഹാരിത അതായിരിക്കുന്ന അവസ്ഥയിൽ മനസ്സിലാക്കാൻ സാധിക്കുന്നു. അവിടെ ഇരുന്നുകൊണ്ട് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ആ മഹാശക്തിയിയെ അല്ലാതെ വേറെയാരെയാന്ന് നാം മനസ്സിലാക്കേണ്ടത്” – മൈക്കിന്റെ വിശ്വാസദാർഡ്യം നമ്മുക്ക് മാതൃകയാവട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.