ദിവ്യകാരുണ്യ വിചാരങ്ങൾ 13: ദിവ്യകാരുണ ആരാധനയുടെ ബട്ടർ ഫ്ലൈ ഇഫക്ട്

ഒരു വ്യക്തി ദിവ്യകാരുണ്യത്തിലെ ഈശോയെ ആരാധിക്കുമ്പോൾ ആ വ്യക്തിയിലും അദ്ദേഹത്തിന്റെ ചുറ്റുപാടുകളിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഒരു നിത്യാരാധന ചാപ്പൽ തുറക്കുമ്പോൾ അതിന്റെ സമീപപ്രദേശങ്ങൾ രൂപാന്തരപ്പെടുന്നു. ഇതിനെ ദിവ്യകാരുണ്യ ആരാധനയുടെ ബട്ടർ ഫ്ലൈ ഇഫക്ട് (butterfly effect) എന്നുവേണമെങ്കിൽ നമുക്ക് വിളിക്കാം. ഒരു ചലനവ്യൂഹത്തിലെ പ്രാഥമികഘട്ടത്തിലുള്ള കൊച്ചുവ്യതിയാനങ്ങൾ പോലും ദീർഘകാലയളവിലുള്ള ആ ചലനവ്യൂഹത്തിന്റെ സ്വഭാവഘടനയിൽ വലിയ മാറ്റങ്ങൾക്കു കാരണമാകുന്നു എന്നാണ്‌ ബട്ടർഫ്ലൈ ഇഫക്ട് സിദ്ധാന്തിക്കുന്നത്. ലളിതമായി പറഞ്ഞാൽ, ഒരു ചിത്രശലഭത്തിന്റെ ചിറകിന്റെ ചെറിയ ചലനത്തിനുപോലും ലോകത്ത് എവിടെയെങ്കിലും ആയിരം പതിനായിരം മൈലുകൾക്കപ്പുറം കാലാവസ്ഥയിലോ, കാറ്റിലോ ശക്തമായ സ്വാധീനമുണ്ടാക്കാൻ കഴിയും.

വിശ്വാസികൾ ദിവ്യകാരുണ്യ ഈശോയുടെ മുമ്പിലിരിക്കുമ്പോൾ പ്രപഞ്ചം മുഴുവനിലും അതിന്റെ അലയടികളുണ്ടാകുന്നു. ആരാധകർ ജീവിതത്തിൽ വലിയ സമാധാനവും പ്രശാന്തതയും കണ്ടെത്തുന്നു. ഈശോയുടെ അടുക്കൽ പോകുന്നതുവഴി അവരുടെ ഹൃദയങ്ങളിലെ മുറിവുകൾ സൗഖ്യപ്പെടുന്നു. ആരാധനയ്ക്കു വരുന്നവർ നല്ലവരാകുമ്പോൾ, ജീവിതത്തിൽ പ്രശാന്തത അനുഭവിക്കുമ്പോൾ അവരുമായി ബന്ധപ്പെട്ടവരിൽ മാറ്റങ്ങൾ വരുന്നു. അവരവരുടെ വീടുകളിൽ ദൈവത്തിന് പ്രാധാന്യം നൽകുമ്പോൾ അവരുടെയും അവരുടെ ചുറ്റമുള്ളവരുടെയും ജീവിതം മനോഹരമാകുന്നു. മാറ്റം സാവധാനമാണെങ്കിലും തീർച്ചയായും അത് സംഭവിക്കും. കാരണം ദൈവസാന്നിധ്യം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന സാന്നിധ്യമാണ്.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്തിൽ കഴിയുന്നവർ, ഗുരുതരമായ കുടുംബപ്രശ്നങ്ങളാൽ വലയുന്നവർ എന്നിവരൊക്കെ ദിവ്യകാരുണ്യത്തിന്റെ മുമ്പിൽ സമയം ചിലവഴിക്കുമ്പോൾ പ്രകടമായ മാറ്റങ്ങൾ വരുന്നു. ദാമ്പത്യപ്രശ്നങ്ങളാൽ ഒത്തുപോകാൻ ബുദ്ധിമുട്ടുന്ന ദമ്പതിമാർക്ക് ഉത്തമ ഔഷധമാണ് ദിവ്യകാരുണ്യം. ആത്മാവിന്റെ രോഗങ്ങളിൽ സൗഖ്യം നൽകുന്ന ഔഷധമാണ് ദിവ്യകാരുണ്യം.

ലാറ്റിനമേരിക്കയിലുടനീളം ദിവ്യകാരുണ്യ ആരാധനാ ചാപ്പലുകൾ ആരംഭിക്കാൻ അക്ഷീണം പ്രയ്നിക്കുന്ന വ്യക്തിയായ ഫാ. പട്രീസിയോ ഹിലേമാൻ ദിവ്യകാരുണ്യത്തിന്റെ ബട്ടർഫ്ലൈ ഇഫക്ടിന്റെ ഒരു ഉദാഹരണം പങ്കുവയ്ക്കുന്നു. മെക്സിക്കോയിലുള്ള യുവാരെസ് സിറ്റി (Ciudad Juárez) യിൽ 2010-ൽ 3,766 കൊലപാതകങ്ങളാണ് നടന്നത്. എന്നാൽ അവിടെ ഫാ. ഹിലേമൻ ദിവ്യകാരുണ്യ ആരാധന ആരംഭിച്ചു. തൽഫലമായി കുറ്റകൃത്യങ്ങളിൽ കാര്യമായ വ്യത്യാസം വന്നു. 2015-ൽ കൊലപാതകങ്ങളുടെ എണ്ണം 265 ആയി കുറഞ്ഞു. ഇതിന്റെ രഹസ്യമന്ത്രം ഫാ. പട്രീസിയോ ഹിലേമാൻ പങ്കുവയ്ക്കുന്നു: “ഒരു ഇടവക, രാവും പകലും ദൈവത്തെ ആരാധിക്കുമ്പോൾ നഗരം രൂപാന്തരപ്പെടുന്നു.”

ദിവ്യകാരുണ്യ ആരാധനയുടെ മഹത്വവും രൂപാന്തരീകരണശക്തിയും തിരിച്ചറിഞ്ഞ് വിശ്വാസത്തോടെ, ജീവിക്കുന്ന ദൈവത്തിന്റെ സന്നിധിയിൽ വ്യാപരിക്കാൻ നമുക്കു പരിശ്രമിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.