കെടാവിളക്ക്

ജിൻസി സന്തോഷ്

ജീവിതവഴിയിൽ തിരിഞ്ഞുനോക്കുമ്പോൾ അധികവും തിരിച്ചറിവുകളാണ്. പൂവിൽ തേനുണ്ടെന്നു കരുതി കായ മധുരിക്കണമെന്നില്ലല്ലോ; അതുപോലെ തന്നെയാണ്  മനുഷ്യരും. അവരുടെ വാക്കുകളിൽ സ്നേഹമുണ്ടെന്നുകരുതി
ഹൃദയത്തിൽ ഉണ്ടാവണമെന്നില്ലല്ലോ. ഏതൊരു മനുഷ്യനും ജീവിതത്തിൽ പ്രിയപ്പെട്ടവരാൽ ആശ്വസിപ്പിക്കപ്പെടാൻ കൊതിക്കുന്ന ചില സന്ദർഭങ്ങളുണ്ടാകും. അവന്റെ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയില്ലങ്കിലും ‘എല്ലാം ശരിയാവും’, ‘ഇതും കടന്നുപോകും’, ‘സാരമില്ലന്നേ; ദൈവം വഴിനടത്തും’ എന്നൊക്കെ തോളിൽതട്ടി പറയാൻ ഒരാളുണ്ടായാൽ മതി, തകർച്ചയുടെ പടുകുഴിയിൽനിന്ന് അവന് ജീവിതത്തിലേക്ക് മുഖമുയർത്താൻ.

എത്ര നീതിയോടെ ജീവിച്ചാലും ഒരുനാൾ ചില കണക്കുപറച്ചിലുകൾ നമ്മൾ കേൾക്കേണ്ടിവരും. അവസ്ഥ നന്നായാൽ സ്വന്തവും ബന്ധവും ഒക്കെയുണ്ട്. അവസ്ഥ മോശമാണെങ്കിൽ സ്വന്തവുമില്ല, ബന്ധുവുമില്ല, കൂടപിറപ്പുമില്ല, കൂട്ടുകാരുമില്ല. ഈയൊരു തിരിച്ചറിവുണ്ടായാൽമതി. പിന്നെ ജീവിതത്തിൽ ഏതു പ്രതികൂലങ്ങളിലും ഒറ്റയ്ക്ക് നിൽക്കാൻ കരുത്തുണ്ടാകും.

പല തിരിച്ചറിവുകളും ജീവിതത്തിന്റെ ഇരുണ്ട രാത്രികളിൽ നിലയില്ലാക്കയത്തിലെ കെടാവിളക്കുകളാണ്. താങ്ങിനിർത്താൻ ആരെങ്കിലുമുണ്ടെന്നു കണ്ടാൽ ഉറുമ്പ് കടിച്ചാലും നിലവിളിക്കും. അതേസമയം നമുക്ക് നമ്മളേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞാൽ ഭൂമികുലുക്കം വന്നാലും പതറാതെ പിടിച്ചുനിൽക്കും. “ആപത്തു വരുമ്പോള്‍ സഹോദരന്റെഭവനത്തില്‍ പോവുകയുമരുത്‌. അടുത്തുള്ള അയല്‍ക്കാരനാണ്‌ അകലെയുള്ള സഹോദരനേക്കാള്‍ മെച്ചം” (സുഭാ. 27:10).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.