നീയും ഞാനും ക്രൂശിക്കപ്പെടുന്നുണ്ടോ?

ജിൻസി സന്തോഷ്

ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെടാൻ ജീവിതത്തിൽ ചിലപ്പോഴെങ്കിലും അറിഞ്ഞുകൊണ്ട് തോൽവി സ്വീകരിക്കുന്നത് ഒരു പുണ്യാഭ്യാസമാണ്. ക്രിസ്തുവിന്റെ പരസ്യജീവിതമത്രയും നിരതീർത്ത തോൽവികളുടെ സ്വീകരണങ്ങളായിരുന്നു. കാനായിലെ കല്യാണവേളയിൽ ‘സ്ത്രീയേ, എനിക്കും നിനക്കും എന്ത്’ എന്ന് ചോദിച്ചുകൊണ്ട് ക്രിസ്തു ഒഴിഞ്ഞുമാറാൻ ശ്രമിക്കുമെങ്കിലും മാതാവിന് തന്റെ ദൈവീകതയിലുള്ള വിശ്വാസത്തിന്റെ മുമ്പിൽ തോൽവി സമ്മതിച്ചുകൊണ്ട് തന്റെ സമയത്തിലേക്ക് അവൻ പ്രവേശിക്കുന്നു.

കർത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ എന്ന ചോദ്യത്തിലെ വലിയ വിശ്വാസത്തിന്റെ ഉടമയായ കാനാൻകാരിയുടെ മുമ്പിലും ക്രിസ്തു തോൽക്കുന്നു. സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാനേക്കാൾ വലിയവനില്ലെന്ന് വാഴ്ത്തിപ്പറഞ്ഞുകൊണ്ട് യോഹന്നാന്റെ ശ്രേഷ്ഠതക്കു മുമ്പിൽ ക്രിസ്തു തോറ്റുകൊണ്ട് സ്നാനജലം മൂർദ്ധാവിൽ ഒഴിക്കാനായി അവന്റെ മുമ്പിൽ ശിരസ്സ് നമിക്കുന്നു.

മുൾക്കിരീട൦ മെനഞ്ഞ് ശിരസ്സിൽ വച്ചുകൊണ്ട് കൂകിവിളിക്കുന്ന പടയാളികളുടെ സാഡിസത്തിനു മുമ്പിലും ക്രിസ്തു പരാജയം സമ്മതിക്കുകയാണ്. കൂടെ നിന്നുകൊണ്ട് കുതികാൽ അറക്കുന്ന രീതിയിൽ മാനവികത മാഞ്ഞുപോയ യൂദാസിന്റെ ക്രൂരമായ ചുംബനത്തിന്റെ മുമ്പിലും അവൻ പരാജയം സമ്മതിക്കുന്നു.

താബോറിലെ തേജോമയനായ കർത്താവിനെ കണ്ടിട്ട് മൂന്ന് കൂടാരങ്ങൾ നിർമ്മിച്ച് ഇവിടെത്തന്നെ കൂടാം എന്നു പറഞ്ഞ പത്രോസ്, പടയാളികളുടെ ചാട്ടവാറടിക്കു ശേഷം വിരൂപനായ കർത്താവിനെ കണ്ടിട്ട് ഒരു പെണ്ണിന്റെ ചോദ്യത്തിനു മുമ്പിൽ ഇവനെ അറിയില്ല എന്നു പറയുമ്പോഴും ക്രിസ്തു പത്രോസിന്റെ മുമ്പിലും പരാജയം സമ്മതിക്കുന്നു.

ഒരുമിച്ചു കൂടിയിരുന്ന് പ്രാർത്ഥിക്കേണ്ട സമയത്ത് ഉലകം ചുറ്റാൻ പോയ തോമസിന്റെ അസാന്നിധ്യത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, അവന്റെ കൈകളിൽ ആണിയുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എൻെറ വിരലിടുകയും ചെയ്താലല്ലാതെ ഞാൻ വിശ്വസിക്കുകയില്ല എന്ന തോമസിന്റെ ശാഠ്യത്തിനു മുമ്പിലും ക്രിസ്തു തോൽവി സമ്മതിക്കുന്നു.

ക്രിസ്തുവിനെ അനുകരിക്കേണ്ട, ക്രിസ്ത്യാനി എന്ന് വിളിക്കപ്പെടുന്ന നമ്മളും അപരന്റെ സ്നേഹത്തിന്റെ മുമ്പിലും അവന്റെ ശൂന്യതയുടെ ഇടങ്ങളിലും തോൽവി സമ്മതിക്കുക. സഹോദരന്റെ ശ്രേഷ്ഠതക്കു മുമ്പിലും അവന്റെ ശുഷ്കതക്കു മുമ്പിലും തോൽക്കുക. അവസാനം ദൈവത്തിന്റെ മുമ്പിൽ വിജയിച്ചു എന്നു പറയാൻ ചില മനുഷ്യരുടെ മുമ്പിൽ, അവരുടെ സ്നേഹത്തിനു മുമ്പിൽ അവരുടെ ക്രൂരതക്കു മുമ്പിൽ തോൽക്കാൻ ശീലിക്കാം.

നമുക്കു വേണ്ടി തോൽവിയുടെ അറ്റം കണ്ടവനായ ക്രിസ്തുവിന്റെ കുരിശിന്റെ പിന്നാമ്പുറത്ത് നമുക്കൊരു ഇടം സ്വന്തമാക്കാം.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.