ഇപ്പൊ നീ ഹാപ്പി ആയോ?

സംശയമില്ല, ഏറ്റവും നല്ല സംവിധായകൻ ദൈവം തന്നെ!

സി. അന്റോണിയ ബ്രെണ്ണർ, മെക്സിക്കോ ബോർഡറിലെ ടിയുവാന എന്ന സ്ഥലത്തുള്ള ലാ മെസ്സ ജയിലിൽ കഴിയുന്നവർക്കിടയിൽ സേവനംചെയ്യുന്ന സന്യാസിനിയാണ്. ദൈവം എത്രയധികമായി സമൃദ്ധിയിൽ പരിപാലിക്കുന്നു എന്നുപറയാൻവേണ്ടി തനിക്കുണ്ടായ ഈ സംഭവം വിവരിക്കുകയായിരുന്നു.

“ഒരു സ്ത്രീ ജയിലിലുള്ള തന്റെ ഭർത്താവിനെ കണ്ടുകഴിഞ്ഞ് എന്നെ കാണാൻവന്നു. ഞാൻ അപ്പോൾ ആകെ ക്ഷീണിതയായിരുന്നു. കയ്യിൽ ആകെ ഉണ്ടായിരുന്നത് 15 ഡോളറും. ആ പാവപ്പെട്ട സ്ത്രീയെ കണ്ടപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു, ‘എന്റെ കയ്യിൽ ആകെയുള്ള പൈസ ദേ പോണു കർത്താവേ.’

അതൊട്ടും നല്ല ഒരു ആറ്റിറ്റ്യൂഡ് അല്ലെന്ന് എനിക്കറിയാം. എന്നാലും എന്റെ അപ്പോഴത്തെ അവസ്ഥയിൽ ഞാൻ അവളോട് ഇങ്ങനെ ചോദിച്ചു:

“ഹലോ ബെർത്ത, എന്താ വേണ്ടേ നിനക്ക്.”

അത് ഒട്ടും കരുണയില്ലാത്ത ഒരു ചോദ്യമായിരുന്നു. കാരണം, അവൾക്ക് എന്താണ് ആവശ്യമെന്ന് എനിക്ക് അറിയാമായിരുന്നല്ലോ.

“എന്റെ കയ്യിൽ കഴിക്കാൻ ഒന്നുമില്ല” – അവൾ പറഞ്ഞു.

ഞാൻ 10 ഡോളർ അവൾക്കു കൊടുത്തു. അപ്പോൾ ഈശോയുടെ സ്വരം കേട്ടു:

“എനിക്കുള്ളത് നീ ഇങ്ങനെയാണോ കൊടുക്കുന്നത്?”

“ക്ഷമിക്കണം കർത്താവേ” – ഞാൻ പറഞ്ഞു. എന്നിട്ട് ബെർത്തയെ വിളിച്ചു:

“ക്ഷമിക്കണം, ഞാൻ എന്തൊക്കെയോ ഓർത്ത് നിൽക്കുകയായിരുന്നു. നീയും കുട്ടികളും എങ്ങനെയിരിക്കുന്നു. എന്നെപ്പറ്റി നീ ഓർത്തതിൽ ഒരുപാട് സന്തോഷം. എന്തെങ്കിലും സഹായം വേണ്ടപ്പോൾ ഇങ്ങോട്ടുവരൂ; ഞാൻ പറ്റുംപോലെ സഹായിക്കാം.” എന്നിട്ട് ബാക്കിയുണ്ടായിരുന്ന അഞ്ചു ഡോളർകൂടി അവളുടെ കയ്യിൽ വച്ചുകൊടുത്തു. എന്നിട്ട് ഈശോയോടു ചോദിച്ചു:

“ഇപ്പൊ നീ ഹാപ്പി ആയോ?”

ഞാൻ ജയിലിനുള്ളിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ എന്നെ കാണാൻ ആരോ വന്നിട്ടുണ്ടെന്നു പറഞ്ഞു. ഞാൻ അയാളുടെ അടുത്തേക്കു നടന്നപ്പോൾ അയാൾ പറഞ്ഞു:

“വെറുതെ സിസ്റ്ററിനോട് ഹലോ പറഞ്ഞിട്ട് പോവാൻ വന്നതാ” എന്നുപറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു; ഒപ്പം കയ്യിലെന്തോ വച്ചുതന്നു. അത് 100 ഡോളറിന്റെ ഒരു നോട്ട് ആയിരുന്നു. ഞാൻ അതിലേക്കു നോക്കിയപ്പോൾ കർത്താവിന്റെ ചോദ്യം കേട്ടു: “ഇപ്പൊ നീ ഹാപ്പി ആയോ?”

വിവർത്തനം: ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.