ദിവ്യകാരുണ്യ വിചാരങ്ങൾ 30: ഇത്രയേറെ മണിക്കൂറുകൾ ഈശോയുടെ മുമ്പിൽ ചെലവഴിക്കുമ്പോൾ മടുപ്പുതോന്നാറില്ലേ?

“അന്യസ്ഥലത്ത്‌ ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരുദിവസം ആയിരിക്കുന്നത് കൂടുതല്‍ അഭികാമ്യമാണ്‌” (സങ്കീ. 84:10).

ദിവ്യകാരുണ്യ ഈശോയുടെ മുമ്പിൽ മണിക്കൂറുകൾ ചെലവഴിച്ചിരുന്ന വി. ജോസഫൈനോട് ഒരിക്കൽ ഒരു സിസ്റ്റർ ചോദിച്ചു: “ഇത്രയേറെ മണിക്കൂറുകൾ ഈശോയുടെമുമ്പിൽ ചെലവഴിക്കുമ്പോൾ മടുപ്പുതോന്നാറില്ലേ?” അതിനു വിശുദ്ധ നൽകിയ മറുപടി ഇപ്രകാരമായിരുന്നു: “ഒരിക്കലുമില്ല, ഈശോയോടൊപ്പമുള്ള നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ്. അവൻ എനിക്കുവേണ്ടി ഒത്തിരി കാത്തിരുന്നു. നമ്മുടെ നാഥൻ എന്നോട് എപ്പോഴും നല്ലതുമാത്രം ചെയ്യുന്നു. ഞാൻ എന്റെ ജീവിതകാലം മുഴുവനും മുട്ടിന്മേൽനിന്നാലും എന്റെ നാഥനോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാൻ അതു മതിയാവുകയില്ല.”

തിരുസഭ, വി. ജോസഫൈൻ ബക്കീത്തയുടെ തിരുനാൾ (1869-1947) ഫെബ്രുവരി എട്ടാം തീയതി ആഘോഷിക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ ഡാർഫർ മേഖലയിലെ ഓൾഗോസ്സയിൽ ജനിച്ച ബക്കീത്തയെ ഏഴാമത്തെ വയസ്സിൽ തട്ടിക്കൊണ്ടുപോയി അടിമയായി വിറ്റ് പല യജമാനന്മാരുടെ കൈകള്‍ മാറി 1883-ല്‍ ബക്കീത്ത, കലിസ്റ്റോ ലെഗ്നാനി എന്ന ഇറ്റാലിയന്‍ കോണ്‍സുളിന്റെ കൈകളിലെത്തി. രണ്ടു വര്‍ഷത്തിനുശേഷം ബക്കീത്ത യജമാനന്റെകൂടെ ഇറ്റലിയിലെത്തി.

കലിസ്‌റ്റോ അവളെ അഗസ്റ്റോ മിഷേലി എന്ന ഇറ്റലിക്കാരനു നല്‍കി. ഇറ്റലിയിലെത്തിയ ബക്കീത്തായ്ക്ക്, ആ കുടുംബത്തിലെ കുഞ്ഞുങ്ങളെ നോക്കുന്ന ഉത്തരവാദിത്വം കിട്ടി. അവിടെവച്ചാണ് ക്രിസ്തീയവിശ്വാസത്തെകുറിച്ചു പഠിക്കുകയും 1890-ല്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ജോസഫൈന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തത്. 1893-ല്‍ അവൾ ‘ബക്കീത്ത മേരി മഗ്ദലീന്‍ ഓഫ് കനോസ്സ്’ എന്ന സന്യാസമഠത്തില്‍ ചേര്‍ന്ന് ‘ദൈവത്തിന്റെ സ്വതന്ത്രപുത്രി’ ആയി.  മറ്റുളളവര്‍ക്കായി, വിശിഷ്യാ പാവങ്ങള്‍ക്കും നിസ്സഹായര്‍ക്കുമായി സന്യാസത്തിലൂടെ സ്വയം സമര്‍പ്പിച്ചുകൊണ്ടാണ് അവള്‍ വിശുദ്ധിയുടെ പടവുകള്‍ കയറിയത്.

1947-ൽ ഇറ്റലിയിലെ ഷിയോയിൽവച്ചു നിര്യാതയായ ബക്കീത്തയെ 2000 ഒക്ടോബർ ഒന്നിന് ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. 2007-ലെ ബനഡിക്ട് പതിനാറാമൻ പാപ്പയുടെ, ‘രക്ഷയുടെ പ്രത്യാശ’ (Spe Salvi) എന്ന തന്റെ രണ്ടാം ചാക്രികലേഖനത്തിൽ, ബക്കീത്തയെ ‘ക്രിസ്തീയപ്രത്യാശയുടെ ഉദാത്ത മാതൃക’ ആയി അവതരിപ്പിച്ചിരിക്കുന്നു.

ജീവിതത്തിന്റെ അവസാനത്തോടുത്തപ്പോൾ ജോസഫൈൻ ബക്കീത്ത ചിരിച്ചുകൊണ്ട് ഇപ്രകാരം പറയുമായിരുന്നു: “ഓരോ പടിയായി ഞാൻ സാവധാനം യാത്രചെയ്യുന്നു. കാരണം, എന്റെ കരങ്ങളിൽ രണ്ടു വലിയ സ്യൂട്ട്കേസുകളുണ്ട്. അവയിലൊന്നിൽ എന്റെ പാപങ്ങളും മറ്റൊന്നിൽ കൂടുതൽ ഭാരമുള്ളതും ഈശോയുടെ അനന്തമായ ഗുണങ്ങളും ഉൾക്കൊള്ളുന്നു. ഞാൻ സ്വർഗത്തിലെത്തുമ്പോൾ സ്യൂട്ട്കേസുകൾ തുറന്ന് ദൈവത്തോട് ‘നിത്യപിതാവേ, ഇപ്പോൾ എന്നെ വിധിച്ചാലും’ എന്നും വി. പത്രോസിനോട് ‘വാതിൽ അടയ്ക്കുക; കാരണം, ഞാനിവിടെ താമസിക്കുന്നു’ എന്നും പറയും.

പുഞ്ചിരിക്കും സൗമ്യതയ്ക്കും വിശുദ്ധിക്കും പേരുകേട്ട വിശുദ്ധ മറ്റൊരിക്കൽ ഇങ്ങനെ പറഞ്ഞു: “എന്നെ തട്ടിക്കൊണ്ടുപോയ അടിമക്കച്ചവടക്കാരെയും എന്നെ പീഡിപ്പിച്ചവരെയും കണ്ടുമുട്ടിയാൽ ഞാൻ മുട്ടുകുത്തി അവരുടെ കൈകളിൽ ചുംബിക്കും. അന്ന് അങ്ങനെ എന്റെ ജീവിതത്തിൽ സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരു ക്രിസ്ത്യാനിയും സന്യാസിനിയും ആകുമായിരുന്നില്ല.”

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.